കോട്ടയ്‍ക്കൽ: പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ 4 പേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യംചെയ്തു വരികയാണെന്നും കൂടുതൽ ആളുകൾ നിരീക്ഷണത്തിലാണെന്നും എസ്ഐ റിയാസ് ചാക്കീരി പറഞ്ഞു. അതേസമയം, യുവാവിന് മർദനത്തിൽ ആന്തരികക്ഷതം ഏറ്റതായി പോസ്‍റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്താൻ കഴിഞ്ഞില്ല. വിഷം അകത്തുചെന്നതാണ് മരണകാരണം. കേസ് അന്വേഷിക്കാൻ അഡീഷനൽ എസ്ഐ ഷാജു, എഎസ്ഐ ഹരിദാസൻ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സ്‍ക്വാഡിനെ ചുമതലപ്പെടുത്തിയതായും എസ്ഐ അറിയിച്ചു.
പുതുപ്പറമ്പിൽവച്ച് ഒരുകൂട്ടം ആളുകളുടെ ആക്രമണത്തിന് ഇരയായ ഷാഹിർ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മർദനമേറ്റ സഹോദരൻ ഷിബിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ പിതാവടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കൊലപാതകശ്രമത്തിനും ആത്‍മഹത്യാ പ്രേരണക്കുറ്റത്തിനുമാണ് കേസ്.
കേസ് അട്ടിമറിക്കാൻ നീക്കമെന്ന് യുവാവിന്റെ ബന്ധുക്കൾ
ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ സംരക്ഷിക്കാൻ ഉന്നത രാഷ്‍ട്രീയ ഇടപെടൽ നടക്കുന്നതായി ബന്ധുക്കളുടെ ആരോപണം. എടരിക്കോട് പുതുപ്പറമ്പ് പൊറ്റയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിറി (22) ന്റെ മരണം സംബന്ധിച്ച അന്വേഷണത്തെക്കുറിച്ചാണ് ബന്ധുക്കളുടെ പരാതി.
പ്രതികളിൽ പലരും പ്രമുഖ രാഷ്ട്രീയ യുവജന സംഘടനയുടെ പ്രവർത്തകരായതിനാൽ കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായാണ് പരാതി. ഷാഹിറിന്റെ സുഹൃത്തുക്കളെ ചിലർ ഭീഷണിപ്പെടുത്തിയെന്നും നീതി ലഭിക്കുന്നില്ലെങ്കിൽ ഉന്നത അധികൃതരെ സമീപിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. ഷാഹിറിന്റെ മൃതദേഹം നിലമ്പൂർ എളമ്പുലാക്കോട് ആനപ്പാറ മസ്‍ജിദുൽ മുജാഹിദീനിൽ കബറടക്കി.


