മറ്റാരും നേരിടാത്ത രീതിയിലുള്ള ആക്രമണം നേരിട്ടിട്ടും സംയമനത്തോടെയാണ് സൗദി അറേബ്യ പ്രതികരിച്ചതെന്ന് അറാംകോ ആക്രമണം ചൂണ്ടിക്കാട്ടി രാജാവ് പറഞ്ഞു.
സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം മാത്രമാണ് ഏക പോംവഴി എന്നതാണ് സൗദി അറേബ്യയുടെ നിലപാട്. മുഴുവൻ ഇറാൻ സൈന്യത്തെയും ഇറാൻ സൈന്യത്തിനു കീഴിലെ മിലീഷ്യകളെയും സിറിയയിൽനിന്ന് പുറത്താക്കി മാത്രമേ ഇത് യാഥാർഥ്യമാവുകയുള്ളൂ.
യെമനെ സഹായിക്കുന്നതിനുള്ള ശ്രമങ്ങൾ സൗദി അറേബ്യ തുടരും. സൗദി അറേബ്യ നടത്തിയ ശ്രമങ്ങളുടെ ഫലമായി യെമൻ ഗവൺമെന്റും ദക്ഷിണ യെമൻ വിഘടനവാദികളും റിയാദിൽ സമാധാന കരാർ ഒപ്പുവെച്ചു. യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് യെമൻ കക്ഷികൾക്കിടയിൽ വിശാലമായ പരസ്പര ധാരണകൾക്ക് റിയാദ് കരാർ വാതായനം തുറക്കുമെന്നാണ് പ്രത്യാശിക്കുന്നത്.
അടുത്ത മാസം മുതൽ ജി-20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം സൗദി അറേബ്യ ഏറ്റെടുക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ സൗദി അറേബ്യക്കുള്ള സുപ്രധാന പങ്കിന് തെളിവാണ്. രാജ്യത്തിന്റെ ആഭ്യന്തര, വിദേശ നയങ്ങൾ വിശദമായി പ്രതിപാദിക്കുന്ന പ്രസംഗത്തിന്റെ പൂർണരൂപം ശൂറാ കൗൺസിൽ അംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനുമുള്ള ശ്രമങ്ങൾ സർക്കാർ തുടരും. പൗരന്മാർക്ക് മികച്ച മെഡിക്കൽ സേവനങ്ങളും ആരോഗ്യ പരിചരണങ്ങളും ലഭ്യമാക്കുന്നതിന് ശ്രമം തുടരും.
ധന, സാമ്പത്തിക ഭദ്രത നേടുന്നതിനും സുസ്ഥിര സാമ്പത്തിക വളർച്ച സാധ്യമാക്കുന്നതിനും സാമ്പത്തിക, വരുമാന വൈവിധ്യവൽക്കരണത്തിനും ഉറച്ച ചുവടുവെപ്പുകളോടെ രാജ്യം മുന്നോട്ടു നീങ്ങുകയാണ്. ഈ രംഗത്ത് വലിയ വിജയങ്ങൾ കൈവരിക്കുന്നതിന് സാധിച്ചിട്ടുണ്ട്. നിരവധി മേഖലകൾ പുനഃസംഘടിപ്പിക്കുന്നതിന് പ്രവർത്തിക്കും. സാമ്പത്തിക വളർച്ചക്കുള്ള ഉത്തേജനമെന്നോണം വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനാണ് രാജ്യം ടൂറിസം മേഖല തുറന്നുകൊടുത്തതും ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയതും, ടൂറിസം മേഖല വലിയ തോതിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ലോക രാജ്യങ്ങളുമായി സാംസ്‌കാരിക വിനിമയത്തിന്റെ പാലം പണിയുകയും ചെയ്യും.
ഹജ്, ഉംറ തീർഥാടകർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിന് ഹജ്, സിയാറത്ത് വിസകൾ പുനഃസംഘടിപ്പിക്കുകയും ഉംറ ആവർത്തിക്കുന്നതിനുള്ള ഫീസ് എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. സാധ്യമായത്ര കൂടുതൽ പേർക്ക് ഹജും ഉംറയും നിർവഹിക്കുന്നതിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന് വിഷൻ 2030 പദ്ധതി മുന്തിയ മുൻഗണന നൽകുന്നു. ഓരോ വർഷം കഴിയുംതോറും കൂടുതൽ ഹജ്, ഉംറ തീർഥാടകർക്ക് ആതിഥ്യമരുളുന്നതിന് ഈ പ്രോഗ്രാം ഫലപ്രദമായിട്ടുണ്ട്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്, ശൂറാ കൗൺസിൽ സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖ് അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.


