ദന്ത ഡോക്ടർ തൊഴിൽ മേഖലയിൽ 2020 മാർച്ച് 25 മുതൽ 25 ശതമാനവും രണ്ടാം ഘട്ടത്തിൽ അടുത്ത വർഷം 2021 മാർച്ച് 14 മുതൽ 30 ശതമാനവും സൗദിവൽക്കരണം നിർബന്ധമാക്കാനാണ് തീരുമാനം. ആരോഗ്യ മന്ത്രാലയവുമായുള്ള ഏകോപനത്തോടെയും പങ്കാളിത്തത്തോടെയും തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
മൂന്നും അതിൽ കൂടുതലും വിദേശ ദന്ത ഡോക്ടർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് പുതിയ തീരുമാനം ബാധകം.സ്വകാര്യ ആശുപത്രികളും പോളിക്ലിനിക്കുകളും മറ്റു സ്ഥാപനങ്ങളും ഇക്കാര്യം പാലിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കും.ദന്ത ഡോക്ടർ തൊഴിൽ മേഖലയിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കും.
ആരോഗ്യ മന്ത്രാലയം, കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ്, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി എന്നിവയുമായുള്ള പങ്കാളിത്തത്തോടെയാണ് ദന്ത മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുകയെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. സൗദി ദന്ത ഡോക്ടർമാർക്ക് പരിശീലനവും തൊഴിൽ നിയമനവും നൽകുന്നതിന് മാനവശേഷി വികസന നിധി വഴി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു.
വിദേശത്തുനിന്ന് ദന്ത ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ് വിലക്കാൻ വിവിധ മന്ത്രാലയങ്ങൾ ധാരണയിലെത്തിയതായി ആരോഗ്യ മന്ത്രി അടുത്തിടെ അറിയിച്ചിരുന്നു. വിദേശങ്ങളിൽ നിന്നുള്ള ദന്ത ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ് നിർത്തുന്നതോടൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന വിദേശ ഡോക്ടർമാർക്കു പകരം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് നീക്കം.


