പെരിന്തൽമണ്ണ: വെള്ളിയാഴ്ച 1.470 കിലോഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റിലായ സംഭവത്തിൽ മുഖ്യപ്രതി അറസ്‌റ്റിൽ. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി താഹിറ മൻസിൽ മൊയ്തീൻ ജെയ്സൽ എന്ന ജെയ്സലി (37)നെയാണ് പെരിന്തൽമണ്ണ എഎസ‌്‌പി രീഷ്മ രമേശിന്റെ നിർദേശപ്രകാരം അന്വേഷക ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ സിഐ ബാബുരാജ് അറസ്റ്റ് ചെയ്തത്.
ഖത്തറിൽ ജോലിചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട ചിലരുമായി ചേർന്ന് പിന്നീട് മയക്കുമരുന്ന് കടത്തിലേർപ്പെട്ടതായി ജെയ്‌സൽ പൊലീസിനോട് പറഞ്ഞു. ഏജന്റുമാരെ ഉപയോഗിച്ച് എയർപോർട്ടുകളിലോ പരിസരങ്ങളിലോവച്ച് തയ്യാറായിവരുന്ന പാസഞ്ചർമാർക്ക് ബാഗേജുകൾ കൈമാറുകയാണ് രീതി.
ഏജന്റിനെ തിരിച്ചറിയത്തക്ക വിവരങ്ങളൊന്നും സംഘത്തിലുള്ളവർ പാസഞ്ചറിന് കൊടുക്കില്ല. പാസഞ്ചർ പിടിയിലായാൽ സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങൾ ലഭിക്കുകയുമില്ല. പാസഞ്ചർ അറിയാതെയും സംഘത്തിന്റെ ചതിയിൽപ്പെടാൻ സാധ്യതയുള്ളതായും എഎസ്‌പി പറഞ്ഞു.
ഇതേ കേസിൽ ഖത്തറിൽ ജയിലിൽ ശിക്ഷയനുഭവിച്ചുവരുന്ന സംഘമാണ് കള്ളക്കടത്തിന് നേതൃത്വം നൽകുന്നത്. വാട്സാപ് - വെർച്വൽ നമ്പറുപയോഗിച്ചാണ് ഇവർ നാട്ടിലെ ഏജന്റുമാരെ ബന്ധപ്പെടുന്നതും ഖത്തറിലെത്തിച്ച മയക്കുമരുന്ന് കൈമാറാൻ നിർദേശിക്കുന്നതും. ജയിലിൽ കിടന്ന് ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം സമ്പാദിക്കുന്നത്.
സംഘത്തിൽ ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യത്തുള്ളവരുള്ളതായും പറയുന്നു. സംഘത്തിലെ ജില്ലയിലെ ഏജന്റുമാരെ കുറിച്ച് വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും എഎസ്‌പി അറിയിച്ചു. ഖത്തറിലേക്ക് ഹെറോയിൻ, ബ്രൗൺഷുഗർ, കൊക്കെയ്ൻ, ട്രമഡോൾ, ഹാഷിഷ് തുടങ്ങിയ മയക്കുമരുന്നുകൾ കടത്താനായി പ്രത്യേക സംഘം പ്രവർത്തിക്കുന്നതായും ഇവർക്ക് വേണ്ടി പാസഞ്ചർമാരെ കണ്ടെത്താൻ പല ഭാഗത്തും ഏജന്റുമാരുള്ളതായും സൂചനയുണ്ട്. ബാഗിൽ തുന്നിച്ചേർത്ത് സ്പോഞ്ച് പേപ്പറും മറ്റും ഉപയോഗിച്ചാണ് പായ്ക്കിങ്. എസ്ഐ മഞ്ജിത്ത് ലാൽ, പ്രത്യേക അന്വേഷക സംഘത്തിലെ സി പി മുരളീധരൻ, എൻ ടി കൃഷ്ണകുമാർ, എം മനോജ്കുമാർ, സുകുമാരൻ, ഫൈസൽ, മോഹൻദാസ് പട്ടേരിക്കളം, പ്രഫുൽ, സുജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


