കോട്ടക്കൽ: കല്ലട ബസിൽ പീഡന ശ്രമം. തിരുവനന്തപുരത്ത് നിന്ന് കാസർകോട് പോകുകയായിരുന്ന യാത്രക്കാരിക്ക് നേരെയാണ് പീഡന ശ്രമം നടന്നത്. കാസർകോട് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്.
വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ മലപ്പുറം കോട്ടക്കൽ സ്റ്റേഷൻ പരിധിയില്‍ വച്ചാണ് സംഭവം. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കൊട്ടക്കല്ലിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പോകുകയായിരുന്നു യുവതി. ഉറങ്ങുകയായിരുന്ന യുവതിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ബസിന്റെ താഴത്തെ ബര്‍ത്തിലായിരുന്നു യുവതി കിടന്നിരുന്നത്. നേരെ എതിര്‍വശത്തുള്ള ബര്‍ത്തില്‍ കിടന്നിരുന്ന മുനവര്‍ കൈനീട്ടി യുവതിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകായിരുന്നു. യുവതി കണ്ണുതുറന്നു നോക്കിയപ്പോള്‍ മുനവര്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നതാണ് കണ്ടത്. പെട്ടന്ന് യുവതി മുനവറിന്റെ കൈ പിടിച്ചുവച്ച് ബഹളം വെച്ചു. യാത്രക്കാർ ഇടപെട്ടു. യുവതിയുടെ നിർദേശ പ്രകാരം ബസ് കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു.
എന്താണ് സംഭവമെന്ന് യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവ് വിടുകയും ചെയ്തിട്ടുണ്ട്. ബസ് ജീവനക്കാരോട് പരാതി പറഞ്ഞപ്പോൾ. പ്രതിയെ ഇറക്കി വിടാൻ ജീവനക്കാർ ശ്രമിച്ചു. എന്നാൽ പോലീസ് സ്റ്റേഷനിൽ ആക്കാനായിരുന്നു യുവതി ആവശ്യപ്പെട്ടത്. പോലീസ് സ്റ്റേഷനിലെത്തിയ യുവതി പരാതി നൽകി.



