പെരിന്തൽമണ്ണ : യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ കവർച്ച ചെയ്‌ത സംഘത്തിലെ എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ 2 പേർ അറസ്‌റ്റിലായി. മേലാറ്റൂർ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശി തോരക്കാട്ടിൽ മുഹമ്മദ് ഹാനിഷ്(26), കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി വട്ടത്തൊടി ഫിയാസ്(28) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പെരിന്തൽമണ്ണയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. ഇതിൽ ഹാനിഷ് കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥിയാണ്.
കഴിഞ്ഞ മാസം നാലിനാണ് സംഭവം. അരക്കുപറമ്പ് പുത്തൂരിൽ വച്ച് ബൈക്കിൽ പോകുകയായിരുന്ന പാണ്ടിക്കാട് വളരാട് സ്വദേശിയെ കാറിലും രണ്ട് ബൈക്കുകളിലുമായി എത്തിയ പത്തോളം പേർ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് തടഞ്ഞു നിർത്തി ബലമായി കാറിൽ കയറ്റി കൊണ്ടുപോയി. മർദിച്ച ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപ കവർച്ച ചെയ്‌തു. പിന്നീട് യുവാവിനെ ഭീമനാട് സ്‌കൂളിന് സമീപം ഇറക്കി വിടുകയായിരുന്നു.
യുവാവിനെ കൊണ്ടു പോകുന്നതു കണ്ട സമീപവാസിയായ റിട്ട.എസ്‌ഐ പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് അന്വേഷണം നടത്തിയതോടെയാണ് സംഘം പണവുമായി രക്ഷപ്പെട്ടത്. അറസ്റ്റിലായ പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു. ജില്ലാ പൊലീസ് മേധാവി യു.അബ്‌ദുൽ കരീമിന്റെ നിർദേശപ്രകാരം കേസ് റജിസ്‌റ്റർ ചെയ്‌ത് എഎസ്‌പി രീഷ്‌മ രമേശൻ, ഡിവൈഎസ്‌പി പി.പി.ഷംസ് എന്നിവരുടെ നേതൃത്വത്തിൽ സിഐ വി.ബാബുരാജ്, എസ്‌ഐമാരായ മഞ്ജിത്ത് ലാൽ, ബിനോയ്, സി.പി.മുരളീധരൻ, എൻ.ടി.കൃഷ്‌ണകുമാർ, എം.മനോജ് കുമാർ, ഉല്ലാസ്, ആസിഫ് അലി എന്നിർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.


