കരിപ്പൂർ:കോഴിക്കോട്ടുനിന്ന് എയർ ഇന്ത്യയുടെ വലിയ വിമാനം ഡിസംബർ 25 മുതൽ സർവീസ് ആരംഭിക്കും. നടപടികൾ പൂർത്തിയായതായി വിവരം ലഭിച്ചെന്ന് എം.കെ.രാഘവൻ എംപി അറിയിച്ചു. സൗദി പ്രവാസികളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എയർ ഇന്ത്യ കോഴിക്കോട് -ജിദ്ദ സർവീസ് ആരംഭിക്കുന്നത്.
ജിദ്ദയിൽ നിന്ന് പ്രാദേശിക സമയം രാത്രി 11.15നു പുറപ്പെട്ട് രാവിലെ 7.5നു കോഴിക്കോട്ടെത്തും. വൈകിട്ട് 5.30നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് രാത്രി 9.15നു ജിദ്ദയിൽ എത്തും വിധമാണു സമയക്രമം. നിലവിൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണു സർവീസ്. പിന്നീട് സർവീസുകളുടെ എണ്ണം കൂട്ടും. അതേസമയം, രാവിലെ ഏഴര മുതൽ വൈകിട്ട് അഞ്ചര വരെ കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത സാഹചര്യത്തിൽ അനുബന്ധ ആഭ്യന്തര സർവീസ് പരിഗണനയിലുണ്ടെന്ന് എം.കെ.രാഘവൻ എംപി അറിയിച്ചു.

