പെരിന്തൽമണ്ണ: മണ്ണാർമല പീടികപ്പടി മദ്രസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയ്ക്ക് ക്ഷേത്ര കമ്മിറ്റി സ്വീകരണം നൽകി. മഹല്ല് പ്രസിഡന്റ് കൂരിയാടാൻ കുട്ടി മുസ്ലിയാർ പതാക ഉയർത്തിയതോടെയാണ് ഘോഷയാത്രക്ക് തുടക്കമായത്. മഹല്ല് ഖത്തീബ് ഉമർ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. അസൈനാർ മുസ്ലിയാർ, കരീം മുസ്ലിയാർ, യൂനുസ് ഫൈസി, ഷമീർ ഫൈസി, കരടാൻ ഹംസ, കെ. കുഞ്ഞിപ്പ, കൈപ്പള്ളി മൂസ, വി. സക്കീർ, കുറുപ്പത്ത് അബ്ദുള്ള, കാരാടൻ ഹംസ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. വേലായുധൻ മാസ്റ്റർ, മുകുന്ദൻ, ഗംഗാധരൻ, സജീഷ് എന്നിവർ റാലിയെ സ്വീകരിച്ചു. ഘോഷയാത്രയ്ക്ക് ശേഷം മൗലിദ് പാരായണവും അന്നദാനവും നടന്നു. മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗണിലെ മീറാസുൽ അംബിയ മദ്രസ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവവിദ്യാർഥികളും അണിനിരന്ന നബിദിന ഘോഷയാത്രയെ സ്വീകരിക്കാൻ പെരിന്തൽമണ്ണ സായി സ്നേഹതീരത്തെ ആദിവാസി കുരുന്നുകളെത്തി.
മിഠായി നൽകിയാണ് അവർ ഘോഷയാത്രയെ സ്വീകരിച്ചത്. മൻഫൗൽ ഇസ്ലാം സംഘം പ്രസിഡന്റ് അബൂബക്കർഹാജി, സെക്രട്ടറി ബാപ്പു ഹാജി, മദ്രസ സദർ കുഞ്ഞുമുഹമ്മദ് ഫൈസി, എ.ടി. കുഞ്ഞിമൊയ്തീൻ മുസ്ലിയാർ, മൂസ സഖാഫി, മദ്രസ സുന്നി ബാലവേദി പ്രസിഡന്റ് മുഹമ്മദ് ആഷിഖ്, സെക്രട്ടറി മുഹമ്മദ് റെയ്യാൻ എന്നിവരുടെ നേതൃത്വത്തിലാണ് നബിദിന റാലി നടത്തിയത്. സ്വീകരണത്തിൽ കെ.ആർ .രവി, ചേലാക്കോടൻ അഷ്റഫ്, കുറ്റീരി മാനുപ്പ, ഷെമീർ ഒതുക്കുംപുറത്ത്, ഫാറൂഖ് ചെറുകോടൻ, സി.എച്ച് അജ്മൽ എന്നിവർ പ്രസംഗിച്ചു.


