പെരിന്തൽമണ്ണ: ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ പുലാമന്തോള്‍ ഷുക്കൂർ വധക്കേസിലെ മുഴുവൻ പ്രതികളെയും ഡെറാഡൂണ്‍ പൊലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് അർഷദ്, ഷിഹാബ്, മുനീബ് എന്നീ പ്രതികളാണ് കേസില്‍ അവസാനമായി പിടിയിലായത്. കേസന്വേഷണത്തിന്റെ ഭാഗമായി ഡെറാഡൂൺ പൊലീസ് അടുത്ത ദിവസം കേരളത്തിലെത്തും. കേസിലുള്ള പത്തു പ്രതികളും മലയാളികളാണ്.
485 കോടി രൂപയുടെ ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് പുലാമന്തോൾ വടക്കൻ പാലൂർ സ്വദേശി അബ്ദുൾ ഷുക്കൂർ (24) ഡെറാഡൂണിൽ 2019 ആഗസ്ത് 28ന് കൊല്ലപ്പെട്ടത്. ഷുക്കൂർ സിഇഒ ആയിരുന്ന ബിസി ബിറ്റ്‌കോയിൻ, ബിറ്റ്‌സെക്സ് എന്നീ കമ്പനികളുടെ ആസ്തിയും ഇടപാടുകളും മുഖ്യപ്രതി മഞ്ചേരി സ്വദേശി ആഷിഖിന് അറിയാമായിരുന്നു. ബിറ്റ്കോയിന്‍ ഇടപാടിലൂടെ ഷൂക്കൂറിന്റെ അക്കൗണ്ടിലേക്കെത്തിയ വന്‍ തുക കൈക്കലാക്കാനുള്ള നീക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു. ആഗസ്ത് 28-ന് ഷുക്കൂർ കൂട്ടാളികളുടെ മർദനത്തിൽ കൊല്ലപ്പെടുന്നതിന് മുൻപ് ഡെറാഡൂണിൽ വച്ച് വലിയ തുക പ്രതികൾ കൈവശപ്പെടുത്തിയതായും പൊലീസിന് വിവരം ലഭിച്ചു.
മുഹമ്മദ് അർഷദ്, ഷിഹാബ്, മുനീബ് എന്നിവര്‍ കോടതിയിൽ കീഴടങ്ങാനുള്ള തയ്യാറെടുപ്പിനിടെ അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് ഡെറാഡൂൺ പൊലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി പറഞ്ഞു. അഞ്ചു പ്രതികൾ ഷുക്കൂർ കൊല്ലപ്പെട്ട അടുത്ത ദിവസം അറസ്റ്റിലായിരുന്നു. മറ്റു രണ്ടുപേരെ കഴിഞ്ഞ മാസവും പിടികൂടി.


