പെരിന്തൽമണ്ണയിൽ ഗൃഹോപകരണ-ഫർണീച്ചർ കടയിൽ തീപിടിത്തം. മണ്ണാർക്കാട് റോഡിൽ ഡിവൈഎസ്പി ഓഫീസിന് മുൻവശത്തെ ഷാജഹാൻ ടി വി ആൻഡ് ഫ്രിഡ്ജ് ഷോറൂമിലാണ് അഗ്‌നിബാധ. അഞ്ചുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകൾ കത്തി. ഒമ്പത് അഗ്നിശമന യൂണിറ്റുകൾ രണ്ടര മണിക്കൂർ ശ്രമിച്ചാണ് തീയണച്ചത്.
തിങ്കളാഴ്‌ച വൈകിട്ട് 6.15നാണ് സംഭവം. തീ പടർന്നതോടെ കടയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി. ശക്തമായ കാറ്റ് വീശിയതിനാൽ തീയാളി. മൂന്നാം നിലയിൽനിന്ന് അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചത് പരിഭ്രാന്തി പടർത്തി. പൊലീസ് ഗതാഗതം തിരിച്ചുവിട്ടു. മണ്ണാർക്കാട് റോഡിൽ ജനം തടിച്ചുകൂടിയതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാനുള്ള കഠിനശ്രമത്തിലായിരുന്നു അഗ്നിരക്ഷാ സേന. മലപ്പുറം, മഞ്ചേരി, നിലമ്പൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് രക്ഷാ പ്രവർത്തനത്തിനെത്തി. ഫ്രിഡ്ജ്, ടിവി തുടങ്ങിയവയുടെ ഹാർഡ് ബോർഡ് കവറുകളും അനുബന്ധ സാധനങ്ങളും സ്‌റ്റോക്ക് ചെയ്ത സ്ഥലത്ത് കത്തിയെന്നാണ് വിവരം. നഷ്ടം കണക്കാക്കിയിട്ടില്ല.


