പാലിയേറ്റീവ് പരിചരണ നയം അംഗീകരിച്ചു
2019 ലെ പാലിയേറ്റീവ് പരിചരണ നയം മന്ത്രിസഭ അംഗീകരിച്ചു. എല്ലാ വ്യക്തികള്‍ക്കും സമൂഹ പിന്തുണയോടെയും ഗൃഹകേന്ദ്രീകൃതവുമായ ഉയര്‍ന്ന നിലവാരത്തിലുള്ള പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായി പാലിയേറ്റീവ് പരിചരണ നയം നടപ്പിലാക്കിയത്
കേരളമാണ്. സംസ്ഥാനത്തെ പാലിയേറ്റീവ് പരിചരണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന രീതിയില്‍ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തും. സര്‍ക്കാരിതര, സാമൂഹ്യാധിഷ്ഠിത സംഘടനകള്‍, സര്‍ക്കാര്‍ മേഖലയ്ക്ക് പുറത്തുള്ള ആശുപത്രികള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി പാലിയേറ്റിവ് പരിചരണ സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കും. ആവശ്യമായ മരുന്നുകളും സാമഗ്രികളും ഉറപ്പുവരുത്തും. മെഡിക്കല്‍ കോളേജുകളെ പാലിയേറ്റീവ് പരിചരണ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കും.
കേരള പുനര്‍നിര്‍മ്മാണ പദ്ധതി: പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു
കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. ദുരന്തത്തെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള പ്രാദേശിക സമൂഹത്തെ രൂപപ്പെടുത്തുന്നതിനും ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനും 'നമ്മള്‍ നമുക്കായി' എന്ന ജനകീയ ക്യാമ്പയിന്‍ നടത്തും. കൃഷി, മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പദ്ധതികള്‍ക്കും മാപ്പത്തോണ്‍ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. കേരള പുനര്‍ നിര്‍മ്മാണ പദ്ധതി ഉന്നതാധികാര സമിതി അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ റീബില്‍ഡ് കേരള പദ്ധതിയുടെ പേരില്‍ ലോക ബാങ്കിന്റെ വികസന വായ്പയില്‍ നിന്നും നടപ്പാക്കും.
വസന്തോത്സവം 2020 ല്‍ പങ്കെടുക്കുന്ന വിവിധ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും സ്വന്തം ഫണ്ടില്‍ നിന്നും തുക ചെലവഴിക്കാന്‍ അനുമതി നല്‍കി. പരമാവധി 5 ലക്ഷം രൂപ ചെലവഴിക്കാനാണ് അനുമതി. 2019 ഡിസംബര്‍ 21 മുതല്‍ ജനുവരി 3 വരെ തിരുവനന്തപുരം നിശാഗന്ധി, കനകക്കുന്ന്, സൂര്യകാന്തി ഫെയര്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വസന്തോത്സവം.
പൊതുമരാമത്ത് വകുപ്പില്‍ പുതുതായി നിലവില്‍ വന്ന നിരത്തു പരിപാലന വിഭാഗം, പാലങ്ങള്‍ വിഭാഗം, കെട്ടിട വിഭാഗം കാര്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ തസ്തികകള്‍ വകുപ്പിന്റെ വിവിധ കാര്യാലയങ്ങളില്‍ നിന്നും പുനര്‍ വിന്യാസത്തിലൂടെ സൃഷ്ടിക്കും. ജൂനിയര്‍ സൂപ്രണ്ട് 13, സീനിയര്‍ ക്ലാര്‍ക്ക്/ക്ലാര്‍ക്ക് 152, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് 4, ടൈപ്പിസ്റ്റ് 47, ഓഫീസ് അറ്റന്‍ഡന്റ് 38 എന്നിങ്ങനെ 254 തസ്തികകളാണ് പുനര്‍ വിന്യാസത്തിലൂടെ നികത്തുക. 32 മിനിസ്റ്റീരിയൽ തസ്തികകളുടെ പദവി ഉയര്‍ത്താനും തീരുമാനിച്ചു.
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷനായ പി.സുരേഷിന് ചീഫ് സെക്രട്ടറി പദവിയും കെ.എസ്.ആര്‍ ഭാഗം 3 ചട്ടം 100 പ്രകാരം വേതനവും നല്‍കാന്‍ തീരുമാനിച്ചു.
2020 ജനുവരി 1, 2, 3 തീയതികളില്‍ നടക്കുന്ന രണ്ടാമത് ലോകകേരള സഭയുടെ കാര്യപരിപാടികള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു.
നിയമനങ്ങള്‍/സ്ഥലംമാറ്റങ്ങള്‍
പൊതുഭരണവകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സൈനിക് വെല്‍ഫെയല്‍, പ്രിന്റിംഗ്& സ്റ്റേഷനറി വകുപ്പുകളുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.
ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് പൊതുഭരണവകുപ്പ്, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ അധിക ചുമതല നല്‍കി.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



