ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു. തെളിവെടുപ്പിന്‍റെ ഭാഗമായി നടത്തിയ കൊലപാതക പുനരാവിഷ്കരണത്തിനിടെ ഇവർ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് വെടിവെച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ നാല് പ്രതികളും കൊല്ലപ്പെട്ടെന്നും പോലീസ് പറഞ്ഞു.
പ്രതികള്‍ തങ്ങളെ അക്രമിച്ചപ്പോള്‍ സ്വയം രക്ഷക്ക് വേണ്ടിയാണ് വെടിവെച്ചതെന്നും പോലീസ് വ്യക്തമാക്കി. യുവതിയെ എവിടെ വെച്ച് കൊലപ്പെടുത്തിയോ അതേ സ്ഥലത്ത് വെച്ച് തന്നെയാണ് 4 പ്രതികളേയും പോലീസ് വെടിവെച്ച് കൊന്നത്. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ 27 ന് രാത്രി ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍ വെച്ചായിരുന്നു യുവതിയെ ട്രക്ക് ഡ്രൈവര്‍മാരായ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നത്. പിറ്റേ ദിവസം ടോള്‍ പ്ലാസയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളേയും പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമായിരുന്നു രാജ്യമൊട്ടുക്ക് ഉയര്‍ന്ന് വന്നത്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ച മൂന്നു പോലീസുകാരെ സര്‍വ്വീസ്സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും വിചാരണ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ അതിവേഗ പ്രത്യേക കോടതി രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.
പൊലീസിനെ വാഴ്ത്തി സമൂഹമാധ്യമങ്ങള്‍
തെലങ്കാനയില്‍ വനിതാ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധവും ജനരോഷവും കത്തിനില്‍ക്കെയാണു പ്രതികള്‍ പൊലീസിന്റെ തോക്കിനിരയായത്. സമൂഹമാധ്യമങ്ങളിലും മറ്റും പൊലീസിനെ പുകഴ്ത്തിയുള്ള പ്രതികരണങ്ങളാണു നിറയുന്നത്. ഇത്തരം കൊടുംക്രൂരത ചെയ്യാന്‍ അറയ്ക്കാത്തവര്‍ ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ആപത്താണെന്നും പൊലീസ് ചെയ്തതു ശരിയാണെന്നുമാണ് ഭൂരിപക്ഷ പ്രതികരണങ്ങളും.
തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചെന്നും ഒടുവിൽ പൊലീസ് നാലുപേരെയും വെടിവെച്ചു കൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്.
ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയിൽപെടുത്തിയ ലോറി ഡ്രൈവറും സംഘവും അവരെ പീഡിപ്പിക്കുന്നതിനു മുൻപു മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചെന്നു റിപ്പോർട്ട്. ഇരുപത്താറുകാരിയെ പ്രതികൾ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടർന്നു പെട്രോൾ വാങ്ങി വന്ന് പുലർച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.
പ്രതികൾക്കു നിയമസഹായം നൽകില്ലെന്ന് അഭിഭാഷക സംഘടന അറിയിച്ചിരുന്നു. ആരിഫും ശിവയുമാണ് ലോറിയിൽ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാൻ വൈകിയതു കൊണ്ട് അവർ ടോൾ പ്ലാസയിൽ കാത്തുനിൽക്കുമ്പോൾ സുഹൃത്തുക്കളായ മറ്റു പ്രതികൾ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തിൽ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേർന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടർന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടത്.
രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോൾ, സഹായിക്കാമെന്നു പറഞ്ഞ് ഒരാൾ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോൾ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തുടർന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്.
പ്രതികളെ തള്ളി വീട്ടുകാരും
'ഇനി മകനുമായി ഒരു ബന്ധവും എനിക്കില്ല. വിചാരണ തുടങ്ങിയാൽ കോടതിയിലും പോകില്ല. എന്റെ മകൻ മരിച്ചു''- ജെല്ലു ശിവയുടെ അച്ഛൻ രാജപ്പ പറഞ്ഞിരുന്നു. സഹോദരന് വധശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ചെയ്ത തെറ്റിന് മരണമാണ് ശിവ അർഹിക്കുന്നതെന്നും സഹോദരി പ്രതികരിച്ചു. ലോറിയിൽ ക്ലീനർ ആയിരുന്നു ശിവ. യുവതിയുടെ സ്കൂട്ടർ പഞ്ചറായതിനെത്തുടർന്ന് നന്നാക്കാൻ കൊണ്ടുപോയത് ശിവ ആയിരുന്നു. ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി വനിതാ ഡോക്ടറെ ഇവർ കെണിയിൽപ്പെടുത്തുകയായിരുന്നു.
''അന്ന് രാത്രി അവന്‍ സാധാരണ പോലെയാണ് പെരുമാറിയത്. അസ്വാഭാവികതയോ കുറ്റബോധമോ ഒന്നും പെരുമാറ്റത്തിലുണ്ടായിരുന്നില്ല. എന്നോട് ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തി ഭക്ഷണം കഴിച്ചു, അതിന് ശേഷം ഉറങ്ങാൻ പോയി''- നവീന്റെ അമ്മ പറഞ്ഞു. അവനെങ്ങനെ ഇതിനുള്ള ധൈര്യം കിട്ടിയെന്നറിയില്ല. എനിക്കവനോട് ദേഷ്യമാണ് - ലക്ഷ്മി പറഞ്ഞു.
ചെന്നക്കേശവുലുവിന്റെ അമ്മയുടെ പ്രതികരണമിങ്ങനെ: ''അവൻ തെറ്റ് ചെയ്തു, കടുത്ത ശിക്ഷ തന്നെ ലഭിക്കണം. വീട്ടിൽ വന്നെങ്കിലും എന്നോടോ അവന്റെ ഭാര്യയോടോ സംഭവിച്ചതിനെപ്പറ്റി ഒന്നും സംസാരിച്ചില്ല. ഒരു അമ്മക്ക് മകനോ മകളോ നഷ്ടപ്പെട്ടാലുണ്ടാകുന്ന വേദന മറ്റാർക്കും പറഞ്ഞാൽ മനസ്സിലാകില്ല. ഞാനിപ്പോള്‍ കടുത്ത വേദന അനുഭവിക്കുകയാണ്. എങ്ങനെ ഈ അവസ്ഥ തരണം ചെയ്യണമെന്നറിയില്ല. പക്ഷേ അവന് ശിക്ഷ ലഭിക്കുക തന്നെ വേണം''.


