വിദ്യാഭ്യാസ നവോത്ഥാനത്തിന് ഊന്നൽ നൽകി മലപ്പുറം ജില്ലാ കെ.എം.സി.സിയാണ് കരിയർ ഗൈഡൻസ് മീറ്റും, കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓറിയെന്റേഷൻ ക്യാമ്പും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചത്.
ജിദ്ദയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ 10, 11, 12 ക്‌ളാസ്സുകളിൽ പഠിക്കുന്ന പ്രവാസി മലയാളി വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിക്കപ്പെട്ട കരിയർ ഗൈഡൻസ് മീറ്റിൽ പങ്കെടുത്ത കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അഭികാമ്യമായ തുടർ പഠന കോഴ്സ് തെരഞ്ഞെടുക്കുന്നതിന് പര്യാപ്‌തമാവും വിധം നാല് സെഷനുകളായാണ് മീറ്റ് നടത്തപെട്ടത്. കൂടാതെ വിവിധ സെഷനുകളിൽ കരിയർ ഗെയിംസ്, ആക്ടിവിറ്റീസ്, സ്പോട് ടെസ്റ്റ് എന്നിവ ഉണ്ടായിരുന്നതിനാൽ ഉത്‍സാഹഭരിതരായാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്.
കേരളത്തിലെ പ്രമുഖ കരിയർ ട്രെയ്‌നർമാരിൽ ഒരാളായ കെ.എ. മുനീർ തിരൂർ നോടൊപ്പം ജിദ്ദയിലെ പ്രമുഖ കരിയർ മോട്ടിവേറ്റർ ആയ ഡോ: ഇസ്മായീൽ മരുതേരിയുമാണ്, വിവിധ സെഷനുകൾ നയിച്ചത്. ആദ്യ സെഷനിൽ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുക്കുന്നതിനുള്ള പരിശീലനവും രണ്ടാം സെഷനിൽ കുട്ടികളുടെ ടാലന്റ് ടെസ്റ്റുകളും, മൂന്നാം സെഷനിൽ ഇന്ത്യൻ സിവിൽ സ ർവീസിന്റെ പ്രസക്തിയെ കുറിച്ചും നാലാം സെഷനിൽ വിദേശ പഠന സാഹചര്യങ്ങളെ കുറിച്ചും വിശദീകരിച്ച ഗൈഡൻസ് മീറ്റ് 5 മണിക്കാണ് അവസാനിച്ചത്.
കേരളത്തിൽ സർക്കാർ ജോലി സ്വായത്തമാക്കുവാൻ ആഗ്രഹിക്കുന്ന യോഗ്യരായ പ്രവാസി യുവതി യുവാക്കക്കൾക്ക് ഫെബ്രുവരി 2020 ൽ നടക്കുന്ന കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷക്ക് തയ്യാറെടുക്കുന്നതിനും, നാട്ടിലുള്ള തങ്ങളുടെ യോഗ്യരായ ആശ്രിതരെ KASനെ കുറിച്ച് അവബോധം ഉണ്ടാക്കാനും ഉതകുന്ന ഓറിയന്റെഷൻ ക്യാമ്പ് ആണ് നടത്തപ്പെട്ടത്. കെ.എം.സി.സി ആസ്പെയർ കരിയർ ഗൈഡൻസ് മീറ്റിനും, KAS ഓറിയന്റേഷൻ ക്യാമ്പിനുമായി നാട്ടിൽ നിന്നും ജിദ്ദയിലെത്തിയ കെ.എ. മുനീർ, ഭരണ നിർവഹണത്തിൽ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് ബിരുദം നേടിയവർക്കുള്ള പങ്കും ഇന്നത്തെ സാഹചര്യവും ഏറ്റവും പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിച്ചു.
പ്രവാസി വിദ്യാർത്ഥികൾക്കായി ഇത്തരം പരിപാടികൾ തുടരുമെന്നും, പ്രസ്തുത പരിപാടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയ വിവിധ വ്യക്തിത്വങ്ങൾ, സ്ഥാപനങ്ങൾ, രക്ഷിതാക്കൾ, ഉദ്യോഗാർത്ഥികൾ തുടങ്ങിയവർക്ക് നന്ദി പ്രകടിപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.



