![]() |
| (ഫയൽ ചിത്രം) |
മൻസൂർ എടക്കര
ജിദ്ദ: നാല്പതാമത് ജി.സി.സി ഉച്ചകോടി പത്തിനു റിയാദിൽ. ഖത്തർ അമീർ പങ്കെടുക്കുമെന്ന് സൂചന. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍.
സൗദി ഭരണാധികാരി സൽമാൻ രാജാവ് ഖത്തർ ഭരണാധികാരി അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയെ ക്ഷ ണിച്ചതായി ഖത്തർ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഖത്തർ അമീറിന് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഔദ്യോഗികമായി അയച്ച കത്ത് ഖത്തർ അമീർ സ്വീകരിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തതായി സൗദി ആസ്ഥാനമായ അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്തു.
2017 ശേഷം ഇത് വരെ സൗദിയിൽ നടന്ന ഒരു ഉച്ചകോടിയിലും ഖത്തർ അമീർ നേരിട്ട് പങ്കെടുത്തിട്ടില്ല. പലപ്പോഴും പ്രതിനിധികളെ മാത്രമാണ് അയച്ചിരുന്നത്. ഈ ഉച്ചകോടിയിൽ ഖത്തർ വിഷയത്തിൽ സമവായം ഉണ്ടാകുമെന്ന് ജി സി സി സെക്രട്ടറി ജനറൽ അബ്ദുൽ ലത്തീഫ് അൽ സയാനി സൂചന നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഖത്തർ മഞ്ഞുരുക്കം സാധ്യത നൽകി കൂടുതൽ വാർത്തകൾ പുറത്തുവരുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സൗദി യുമായി ചർച്ചകൾ നടത്തി വരുന്നതായി ഖത്തർ വിദേശ കാര്യ മന്ത്രി വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ബ്ലൂം ബെർഗ് പൊളിറ്റിക്സ് റിപ്പോർട്ട് ചെയ്തു. ഇതോടെ, ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകളാണ് ഖത്തർ ശരിവെക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി റിയാദില്‍ അടിയന്തര അനൗദ്യോഗിക സന്ദര്‍ശനം നടത്തുകയും സൗദി ഭരണാധികാരികളുമായി ചര്‍ച്ച നടത്തുകയും ചെയ്തുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ദോഹയില്‍ നടന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോളിലേക്ക് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചതിനെ തുടർന്ന് ആ രാജ്യത്തിന്‍റെ മണ്ണിൽ കളിക്കാൻ മൂന്ന് ഗൾഫ് രാജ്യങ്ങളുടെ കായികതാരങ്ങൾ ഖത്തറിൽ എത്തിയിരുന്നു.
നേരത്തെ യു എ ഇ ആസ്ഥാനമായ അബുദാബിയിൽ നടക്കുമെന്ന് പ്രഖ്യാപിച്ച ഉച്ചകോടി ആസ്ഥാന നഗരിയിൽ ചേരാൻ യു എ ഇ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സൗദി തലസ്ഥാന നഗരിയായ ജിസിസി ആസ്ഥാന കേന്ദ്രത്തിൽ വെച്ച് ഉച്ചകോടി ചേരുന്നത്. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതിയിൽ ചേരുന്ന ഉച്ചകോടിയിൽ മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും മേഖലാ രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയിൽ ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചർച്ച ചെയ്യും.
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ് റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ജി.സി.സിയിലുള്ളത്. അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെയും രാഷ്ട്ര ത്തലവന്‍മാരുടെയും യോഗങ്ങള്‍ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കും.
2017 ജൂണിലാണ് സൗദിയുടെ നേതൃത്വത്തില്‍ ബഹ്‌റാന്‍, യു.എ.ഇ, ഈജിപ്ത എന്നീ സഖ്യരാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നത്. ഇറാനുമായി ചേര്‍ന്ന് തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നു എന്ന് ആരോപിച്ച് രണ്ടു വര്‍ഷമായി ഖത്തറിനെ ഉപരോധിക്കുകയാണ് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് രാഷ്ട്രങ്ങള്‍.


