നിലന്പൂരിൽ നടന്ന സംസ്ഥാനത്തെ 12-ാമത് വനംഅദാലത്തിൽ വൻജനപങ്കാളിത്തം. പ്രളയം തകർത്ത ജില്ലയിലെ മലയോരമേഖലയുടെ പുനർനിർമാണത്തിന് മുൻഗണന നൽകുമെന്ന് വനം മന്ത്രി കെ.രാജു.
അദാലത്തിൽ ആകെ 220 പരാതികൾ വനംവകുപ്പിന് ലഭിച്ചു. ഭൂരിഭാഗം പരാതികൾക്കും അദാലത്തിൽ തീർപ്പുകൽപ്പിക്കാനുമായി. പ്രളയത്തിൽ പൂർണമായും നശിച്ച മതിൽമൂല, പെരുവന്പാടം, വൈലാശേരി ആദിവാസി കോളനികളുടെ പുനരധിവാസത്തിനായി മോഡൽ ട്രൈബൽ വില്ലേജ് സ്ഥാപിക്കുന്നതിന് 10 ഹെക്ടർ വനഭൂമി റവന്യൂ വകുപ്പിന് കൈമാറി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. നിലന്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വനഅദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രഅനുമതി ലഭിച്ച 111.35 ഹെക്ടർഭൂമി കൂടി പുനരധിവാസത്തിനായി കൈമാറാനുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പളയത്തിൽ തകർന്ന കനോലി ഇക്കോടൂറിസം സെന്ററിലേക്കുള്ള തൂക്കുപാലം 67 ലക്ഷം രൂപ ചെലവിൽ പുനർനിർമിക്കാനുള്ള നടപടികളും പൂർത്തിയായിവരുന്നു. ചന്തക്കുന്നിലെ പുരാതന ഡിഎഫ്ഒ. ബംഗ്ലാവ് ചരിത്ര മ്യൂസിയമാക്കും. കോഴിപ്പാറയിൽ സൗഹൃദ വനയാത്ര/ട്രക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കരിന്പുഴ വന്യജീവി സങ്കേതം ഉടൻ നിലവിൽ വരുമെന്നും മുണ്ടക്കടവ് ആദിവാസി കോളനിയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയെന്നും മന്ത്രി പറഞ്ഞു.
വന്യജീവിആക്രമണപ്രതിരോധങ്ങൾക്കായി ജില്ലയിൽ 150.52 കിലോമീറ്റർ നീളത്തിൽ സൗരോർജ വേലിയും 9.843 കിലോമീറ്റർ നീളത്തിൽ കിടങ്ങും 7.806 കിലോമീറ്റർ നീളത്തിൽ ആനപ്രതിരോധ മതിലും നിർമിച്ചിട്ടുണ്ട്. പ്രളയത്തിൽ തകർന്ന 56.53 കിലോമീറ്റർ നീളത്തിലുള്ള സൗരോർജവേലി പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ യുദ്ധകാലടിസ്ഥാനത്തിൽ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
പൂളക്കപ്പാറ മുതൽ നന്പൂരിപ്പൊട്ടി വരെ 3.5 കിലോമീറ്റർ ദൂരം 2.23 കോടി രൂപ ചെലവിൽ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിംഗ് നിർമിക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കി വരികയാണ്. ഉൗർങ്ങാട്ടിരി, ചാലിയാർ പഞ്ചായത്തുകളിൽ 67 ലക്ഷം രൂപ ചെലവിൽ സൗരോർജ വേലി നിർമിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ നിലവിൽ വന്ന ശേഷം നഷ്ടപരിഹാര തുക ഇരട്ടിയാക്കിയതായും കാലതാമസം കൂടാതെ പരാതികൾ പരിഹരിച്ച് തുക വിതരണം ചെയുന്നതിന് ഉദ്യോഗസ്ഥർക്ക് കർശനം നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ വനാതിർത്തി പങ്കിടുന്ന 204 പഞ്ചായത്തുകളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന ജനജാഗ്രതാ സമിതികൾ രൂപവത്കരിച്ചിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമിതികൾ ഫലപ്രദമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലയിൽ റാപിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവർത്തനം ശക്തമാക്കുമെന്നും ഇതിനായി പുതിയ വാഹനങ്ങളും ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ കൂടുതൽ ലഭിച്ചത്. ലഭിച്ച 220 പരാതികളിൽ 215 എണ്ണവും വേദിയിൽ തീർപ്പാക്കി ഉത്തരവും നൽകി.
ഭൂമിയുമായി ബന്ധപ്പെട്ട ലഭിച്ച അഞ്ച് പരാതികൾ സ്പെഷൽ ഡ്രൈവിൽ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. ഒരു പരാതി പരാതിക്കാരൻ പിൻവലിച്ചു. ശേഷിച്ച 215 പരാതികളിൽ 175 എണ്ണവും അപേക്ഷകർക്ക് അനുകൂലമായി തീർപ്പാക്കിയപ്പോൾ 35 എണ്ണം നിരസിച്ചു. തുടർനടപടികൾ ആവശ്യമായ അഞ്ച് അപേക്ഷകൾ മാറ്റിവച്ചു. വിവിധ പരാതികളിലായി 34,08,117രൂപയുടെ നഷ്ടപരിഹാരവും അദാലത്തിൽ കൈമാറി. അദാലത്തിൽ ലഭിച്ച 51 പരാതികളടക്കം തുടർനടപടികൾ വേണ്ട 56 പരാതികളിമേൽ ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരെ നേരിട്ടറിയിക്കും.
ചടങ്ങിൽ പി.വി.അബ്ദുൾ വഹാബ് എംപി, പി.വി.അൻവർ എംഎൽഎ, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ,നിലന്പൂർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ വി.അസൈനാർ, ആലീസ് മന്പാട്, പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ദേവേന്ദ്രകുമാർ വർമ, പാലക്കാട് ഈസ്റ്റേണ്‍ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ പി.പി.പ്രമോദ്, കോഴിക്കോട് നോർത്തേണ്‍ റീജിയണ്‍ എപിസിസിഎഫ് രാജേഷ് രവീന്ദ്രൻ, കളക്ടർ ജാഫർ മലിക്, പെരിന്തൽമണ്ണ സബ് കളക്ടർ കെ.എസ്.അഞ്ജു, നിലന്പൂർ ഡിഎഫ്ഒമാരായ വർകഡ് യോഗേഷ് നിൽകണ്ഡ്, എ.സജികുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


