പൊന്നാനി: പ്രസവവേദനയുമായി മാതൃശിശു ആശുപത്രിയിലെത്തിയ സഹോദരിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞതിന്റെ പേരിൽ യുവാവിനെ അറസ്റ്റ്‌ചെയ്തു. പൊന്നാനി തറീക്കാനകത്ത് ജാഫറിനെ(32)യാണ് ഫെയ്‌സ്‌ബുക്ക് ലൈവിട്ട് ആശുപത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റ്‌ചെയ്തത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയ സഹോദരിയെ ഇരുത്തി കൊണ്ടുപോകുന്നതിന് വീൽചെയർ കിട്ടിയില്ലെന്നും ഏറെനേരം പുറത്ത് കാത്തുനിൽക്കേണ്ടിവന്നുവെന്നുമാണ് യുവാവ് എഫ്.ബി. ലൈവിലൂടെ പറഞ്ഞത്.
ആശുപത്രിയിലെ ഒ.പി. ടിക്കറ്റുകൾ കീറിക്കളഞ്ഞുവെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ചാണ് പരാതിനൽകിയത്. ജീവനക്കാരെ അസഭ്യം വിളിച്ചുവെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആശുപത്രിയെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് പോലീസ് കേസ്. പോലീസും ജീവനക്കാരും ഒത്തുകളിച്ച് ജാഫറിനെ കേസിൽ കുടുക്കിയതാണെന്നാരോപിച്ച് ബന്ധുക്കളും രംഗത്തെത്തി. ജീവനക്കാർ നൽകിയ പരാതിയിൽ യാതൊരു തെളിവുമില്ലാതെ പോലീസ് അറസ്റ്റ്‌ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.


