തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്ത്വത്തിൽ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ മലപ്പുറം ജില്ലയിലെ പ്രതിരോധ നടപടികള്‍ വിലയിരുത്തി.
കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ പൊതു സമൂഹം ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കണമെന്ന് ബഹു. മന്ത്രി തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. വൈറസിന്റെ സമൂഹ വ്യാപനം തടയാന്‍ ജില്ലയില്‍ പഴുതടച്ചുള്ള ക്രമീകരണങ്ങളാണ് നടത്തി വരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരുമായും സെക്രട്ടറിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.
ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി തടയുന്നതിലൂടെ മാത്രമെ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനാവൂ. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും മറ്റു വകുപ്പുകളും സംയുക്തമായി നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലൂടെ പൂര്‍ണ്ണതയിലെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു ലോക രാജ്യങ്ങളിലുമില്ലാത്ത സമഗ്രമായ പ്രാദേശിക ഭരണ സംവിധാനമാണ് രാജ്യത്തുള്ളത്. ജനങ്ങളുമായി ഏറ്റവും കൂടുകല്‍ അടുത്തിടപഴകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും വാര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും ഉത്തരവാദിത്തം ഉള്‍ക്കൊണ്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് യോഗത്തിൽ ബഹു. മന്ത്രി അഭ്യര്‍ഥിച്ചു.
സമൂഹ അടുക്കളകള്‍ ഫലപ്രദമാക്കും
രാജ്യമാകെ വീടുകളില്‍ അടച്ചിടപ്പെട്ട അസാധരണ സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനായി കുടുംബശ്രീയെ ഉപയോഗപ്പെടുത്തി സമൂഹ അടുക്കളകള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ജില്ലയില്‍ മുഴുവന്‍ ഗ്രാമപപഞ്ചായത്തുകളിലും സമൂഹ അടുക്കള പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ കഴിയാത്തവര്‍ക്കാണ് സമൂഹ അടുക്കളകളിലൂടെ ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യേണ്ടത്. ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ പ്രാപ്തിയുള്ളവര്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യരുത്. ഭക്ഷണ സാധങ്ങളുടെ ലഭ്യത ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ജില്ലാ സപ്ലൈ ഓഫീസറുമായി ബന്ധപ്പെടണം.
അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും.
അതിഥി തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. തൊഴിലില്ലാതെ വിഷമിക്കുന്ന അതിഥി തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ കിറ്റുകളാക്കി വിതരണം ചെയ്യാം. കൂടുതല്‍ സാധനങ്ങള്‍ സിവില്‍ സപ്ലൈസില്‍ നിന്നും കണ്‍സ്യുമര്‍ ഫെഡില്‍ നിന്നും വാങ്ങി സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ചു കിറ്റുകളാക്കാവുന്ന രീതി ഉപയോഗപ്പെടുത്താം. എന്നാല്‍ സ്‌പോണ്‍സര്‍മാരുടെ സംരക്ഷണയിലുള്ള തൊഴിലാളികളുടെ ഭക്ഷണ ലഭ്യത ഉറപ്പാക്കേണ്ടത് സ്‌പോണ്‍സര്‍മാരുടെ ഉത്തരവാദിത്തമാണ്. അതിഥി തൊഴിലാളികളെ താമസ സ്ഥലത്തു നിന്നും ഇറക്കിവിടുന്ന സാഹചര്യം അനുവദിക്കില്ല. ഇങ്ങനെയുണ്ടായാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ കെട്ടിട ഉടമകളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായവും ഉറപ്പാക്കാം.
കോവിഡ് കെയര്‍ സെന്ററുകള്‍ ഉടന്‍ സജ്ജമാക്കും
ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 50 കിടക്കകളുള്ള പ്രത്യക കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കി വരികയാണ്. 18 പഞ്ചായത്തുകളിലായി 19 കോവിഡ് കെയര്‍ സെന്ററുകള്‍ ഇതിനകം പ്രവര്‍ത്തന സജ്ജമാക്കി ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. മറ്റുള്ള ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്ന സൗകര്യങ്ങളോടെ കേന്ദ്രങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലാതലത്തില്‍ ആറ് കോവിഡ് കെയര്‍ സെന്ററുകള്‍ നിലവിലുണ്ട്. കൂടുതല്‍ പേര്‍ക്ക് ആവശ്യമെങ്കില്‍ സ്വയം നിരീക്ഷണത്തിനു പ്രയോജനപ്പെടുത്താനാണ് പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.
വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നില്ലെന്ന് ബന്ധപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള ദ്രുത കര്‍മ്മ സംഘങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കോവിഡ് 19 വ്യാപനം തടയുന്നതില്‍ പൊലീസിന്റെ ജാഗ്രത വിലപ്പെട്ടതാണ്. നിരോധനാജ്ഞ ലംഘനം തടയാന്‍ നീരീക്ഷണം ഗ്രാമീണ മേഖലകളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കും. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി തടയുമെന്നും എന്നാല്‍ അവശ്യ യാത്രകള്‍ക്ക് പ്രയാസമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ മുഴുവന്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, നഗരസഭാ അധ്യക്ഷരുമായും സെക്രട്ടറിമാരുമായും പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെടര്‍മാരുമായും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !