റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റുകൾ രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത് BPL കാർഡുടമകൾക്കാണ്. എടയൂർ പഞ്ചായത്തിലെ മൂവായിരത്തിലധികം BPL കാർഡുടമകൾക്കായി വികാസ് ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ കിറ്റുകൾ തയ്യാറാക്കി കൊണ്ടിരിക്കുന്നു. മുക്കിലെ പീടിക മാവേലി സ്റ്റോറിൽ ഇത്രയധികം സാധനങ്ങൾ ഒന്നിച്ച് സ്റ്റോക്ക് ചെയ്ത് പാക്ക് ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ AUP സ്കൂളിലെ ഒരു കെട്ടിടം വിട്ടു നല്കാൻ മാനേജ്മെന്റിനെ സമീപിക്കുകയായിരുന്നു. മാനേജ്മെന്റ് സമ്മതം നൽകി ഹെഡ്മാസ്റ്റർ കെട്ടിടം വിട്ടു നൽകുകയായിരുന്നു. രണ്ടാം ഘട്ട കിറ്റ് തയ്യാറാക്കലിൽ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ മാവേലി സ്റ്റോർ മാനേജർ വി സിലിജദേവി, ജീവനക്കാരായ ടി പി അനില, സി എ ആബിദ എന്നിവരുടെ ആഭിമുഖ്യത്തിൽ ഇരുപതോളം വികാസ് പ്രവർത്തകർ സാമൂഹിക അകലം പാലിച്ച് ആരോഗ്യ വകുപ്പ് നിർദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ പ്രകാരം കിറ്റുകൾ തയ്യാറാക്കി. 18 ഇനങ്ങൾ ഉള്ള കിറ്റിലേക്ക് പഞ്ചസാര, ചെറുപയർ, കടല, ഗോതമ്പ് നുറുക്ക്, ഉലുവ, പരിപ്പ്, ചായപ്പൊടി മുതലായവ വ്യത്യസ്ത പാക്കറ്റുകളാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഏകദേശം 4500 പാക്കറ്റുകൾ ഒരു ദിവസം തൂക്കി തയ്യാറാക്കുന്നുണ്ട്. വികാസ് രക്ഷാധികാരിയും KSEB പുത്തനത്താണി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ഒ പി വേലായുധൻ, ഹെഡ്മാസ്റ്ററും വികാസ് രക്ഷാധികാരിയുമായ വി പി അലിഅക്ബർ, വികാസ് രക്ഷാധികാരി പി കെ സുബൈറുൽ അവാൻ, വികാസ് പ്രസിഡന്റ് ഡോ. അഫ്സൽ, സെക്രട്ടറി ഡോ. ഷെരീഫ്, കെ വിനു, വി പി സലീം, വി പി ഫൈസൽ, വി പി റഫീഖ്, എ കെ യൂനുസ്ബാബു, വി പി അനസ്, വി പി മുഹമ്മദാലി എന്ന മാനുട്ടി, വി പി ജാബിർ, എ കെ മുസ്തഫ, പി പി അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തനങ്ങൾ ദിവസങ്ങളായി തുടരുകയാണ്. ഇനിയും നാലായിരത്തോളം കിറ്റുകൾ തയ്യാറാക്കേണ്ടതുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !