ഇന്ന് ആര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുണ്ടായിരുന്ന 7 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി. കോട്ടയം 6 (ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശി), പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 30 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 14,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 14,402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 34,063 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.
ഇന്ന് പരിശോധന നടത്തിയത് 1154 സാമ്പിളുകളാണ്. സെന്‍റിനല്‍ സര്‍വയലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളിലെ 2947 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2147 എണ്ണം നെഗറ്റീവായിട്ടുണ്ട്.
ഇപ്പോള്‍ ആറ് ജില്ലകളില്‍ മാത്രമാണ് വൈറസ് ബാധിച്ചവര്‍ ചികിത്സയിലുള്ളത്. കണ്ണൂരില്‍ 18 പേര്‍ ചികിത്സയില്‍ തുടരുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകള്‍ കോവിഡ് മുക്തമാണ്. പുതുതായി ഇന്ന് സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ കുറവും ഇന്നത്തെ ആശ്വാസ വാര്‍ത്തയാണ്.
ലോക്ക്ഡൗണ്‍ കാരണം വിദേശ രാജ്യങ്ങളില്‍പ്പെട്ടുപോയ കേരളീയര്‍ നാളെ മുതല്‍ നാട്ടിലേക്കെത്തുകയാണ്. അതുസംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തുന്ന വിമാനങ്ങളിലും പ്രതിരോധവകുപ്പ് ഏര്‍പ്പെടുത്തുന്ന കപ്പലുകളിലുമാണ് ഇവര്‍ വരുന്നത്.
നാളെ രണ്ടു വിമാനങ്ങള്‍ വരുമെന്നാണ് ഒടുവില്‍ ലഭിച്ചിട്ടുള്ള ഔദ്യോഗിക വിവരം. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും ദുബായില്‍നിന്നും കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍ വരുന്നത്.
നാട്ടിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതിന്‍റെ മറുപടി ലഭിച്ചിട്ടില്ല. മടങ്ങിവരുന്ന ഓരോ മലയാളിയുടെയും ആരോഗ്യകാര്യത്തില്‍ കരുതലോടെയാണ് നാം ഇടപെടുന്നത്. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം അതിയായ ജാഗ്രത പുലര്‍ത്തേണ്ടതാണ്. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കേരളീയര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ദില്ലി ജാമിയ മിലിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണ്. നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ ഹോസ്റ്റലുകള്‍ ഈ മാസം 15ന് മുന്‍പ് ഒഴിയണമെന്നാണ് അവര്‍ക്കു ലഭിച്ച നിര്‍ദേശം. പെണ്‍കുട്ടികളടക്കം 40 വിദ്യാര്‍ത്ഥികളുണ്ട്. ഇത് ഒരു ഉദാഹരണം മാത്രമാണ്.
ഈ സാഹചര്യത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കുകയാണ്. പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിനില്‍ ഇവരെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് ഇന്ന് കത്തയച്ചു.
സര്‍ക്കാരിന് ലഭിച്ച കണക്കുകളനുസരിച്ച് 1177 മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനായി ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേര്‍ ഡല്‍ഹിയിലും 348 പേര്‍ പഞ്ചാബിലും 89 പേര്‍ ഹരിയാനയിലുമാണ്. ഹിമാചലില്‍ 17 പേരുണ്ട്. ഡല്‍ഹിയില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.
ഇത് സംബന്ധിച്ച് റെയില്‍വെയുമായി ഔപചാരികമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രത്യേക ട്രെയിനിന്‍റെ തീയതി ലഭിക്കുകയാണെങ്കില്‍ അതിനനുസരിച്ച് വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഡല്‍ഹിയില്‍ ഒരു കേന്ദ്രത്തിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. കേന്ദ്ര ഗവണ്‍മെന്‍റുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഇതുവരെ എത്തിയവര്‍ 6802 ആണ്. 20,31,89 പേര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാസിന് ആവശ്യപ്പെട്ടത് 69,108 പേരാണ്. 38,862 പാസുകള്‍ വിതരണം ചെയ്തു. തമിഴ്നാട്ടില്‍നിന്ന് 4298 പേരും കര്‍ണാടകത്തില്‍നിന്ന് 2120 പേരും മഹാരാഷ്ട്രയില്‍നിന്ന് 98 പേരുമാണ് വന്നിട്ടുള്ളത്. ഈ മൂന്നു സംസ്ഥാനങ്ങളില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷനുള്ളത്.
മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. വാളയാര്‍ ചെക്ക്പോസ്റ്റിലൂടെ മാത്രം 4369 പേരും മഞ്ചേശ്വരം ചെക്ക്പോസ്റ്റിലൂടെ 1637 പേരും വന്നു. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുടെ എണ്ണം 576 ആണ്. ലോക്ക്ഡൗണ്‍ കാരണം മാതാപിതാക്കളില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്ന 163 കുട്ടികള്‍ തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് അടിയന്തര ചികിത്സയ്ക്കായി 47 പേരെത്തി. 66 ഗര്‍ഭിണികളാണ് വന്നത്.
അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് വരുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തണം. ഇപ്പോള്‍ ഉള്ള സ്ഥലം ഹോട്ട്സ്പോട്ടാണെങ്കില്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനം ഏര്‍പ്പെടുത്തുന്ന ക്വാറന്‍റൈനില്‍ 7 ദിവസം കഴിയണം. വിദേശത്തുനിന്നും മറ്റും സംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഗര്‍ഭിണികള്‍ക്ക് വീടുകളില്‍ പോകാവുന്നതാണ്. അവര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്.
ഇപ്പോള്‍ ഉള്ള സംസ്ഥാനത്തുനിന്ന് യാത്രാ അനുമതി ലഭ്യമായശേഷം (അല്ലെങ്കില്‍ ആവശ്യമില്ല എന്ന് ഉറപ്പാക്കിയതിനുശേഷം) കേരളത്തിലെ ഏത് ജില്ലയിലേക്കാണോ വരേണ്ടത്, ആ ജില്ലയിലേക്കുള്ള യാത്രാനുമതിക്കായി covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
നോര്‍ക്ക രജിസ്ട്രേഷന്‍ നമ്പരോ മൊബൈല്‍ നമ്പരോ ഇതിനായി ഉപയോഗിക്കാം. വരുന്ന വാഹനത്തിന്‍റെ വിശദാംശങ്ങളും ലഭ്യമാക്കണം. പാസില്‍ കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ തീയതിയില്‍ അതിര്‍ത്തിയില്‍ എത്തുന്ന വിധത്തില്‍ യാത്ര ആരംഭിക്കാവുന്നതാണ്. വരുന്ന ജില്ലയില്‍നിന്നും എത്തിച്ചേരേണ്ട ജില്ലയില്‍നിന്നും പാസ് ഉണ്ടാകണം.
ബന്ധുക്കളെ സന്ദര്‍ശിക്കാനും മറ്റുമായി കേരളത്തിലെത്തി കുടുങ്ങിപ്പോയ മലയാളികള്‍ക്ക് ഇതര സംസ്ഥാനങ്ങളിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാനാകാത്ത സ്ഥിതിയുണ്ട്. ഇവര്‍ക്ക് പോകേണ്ട സംസ്ഥാനങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് യാത്ര ചെയ്യാവുന്നതാണ്. പാസ് ഇവിടെ ലഭ്യമാക്കും.
വിദേശങ്ങളില്‍നിന്നും അന്യ സംസ്ഥാനങ്ങളില്‍നിന്നും ആളുകളെത്തുമ്പോള്‍ മാധ്യമങ്ങള്‍ കൃത്യമായ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. വരുന്നവരുടെ അഭിമുഖം എടുക്കാനും മറ്റുമായി പോകുന്നത് ഒഴിവാക്കണം. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വാര്‍ത്താ ശേഖരണത്തിന് സുരക്ഷാ നിബന്ധനകള്‍ പാലിക്കണം. ഇതില്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് സ്വയം നിയന്ത്രണം ഉണ്ടാകണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
പ്രവാസികള്‍ മടങ്ങിയെത്തുന്ന കേരളത്തിലെ വിവിധ വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഡിഐജി തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സഞ്ജയ്കുമാര്‍ ഗുരുഡിനും നെടുമ്പാശേരിയില്‍ മഹേഷ്കുമാര്‍ കാളിരാജിനും കരിപ്പൂരില്‍ എസ് സുരേന്ദ്രനുമാണ് ചുമതല. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇപ്പോള്‍ വിമാനങ്ങള്‍ വരുന്നത് ഷെഡ്യൂള്‍ ചെയ്തിട്ടില്ലെങ്കിലും ചുമതല കെ. സേതുരാമന് നല്‍കിയിട്ടുണ്ട്.
കൊച്ചി തുറമുഖത്തിന്‍റെ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറേയ്ക്കാണ്.
ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ലഭിക്കാനായി അതത് പൊലീസ് സ്റ്റേഷനുകളിലാണ് ബന്ധപ്പെടേണ്ടത് എന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് പൊതുജനങ്ങള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ പാസ് ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. www.pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക് പാസിന്‍റെ ലിങ്ക് ലഭിക്കും.
രോഗപ്രതിരോധത്തിന്‍റെയും ജാഗ്രതയുടെയും ഒന്നര മാസക്കാലം പിന്നിട്ടുകഴിഞ്ഞു. എന്നാല്‍, ലോക്ക്ഡൗണ്‍ ലംഘനവും ജാഗ്രതയില്ലായ്മയും ഇപ്പോഴും പ്രകടമാകുന്നുണ്ട്. ശാരീരിക അകലം പാലിക്കാത്ത ഇടപെടലുകള്‍ ഉണ്ടാകുന്നു.
സംസ്ഥാനത്ത് നിയമലംഘനത്തിന്‍റെ പേരിലും ജാഗ്രതക്കുറവിന്‍റെ പേരിലും ഒരു കേസ് പോലും ഉണ്ടാകാത്ത ദിനങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. പൊലീസ് കര്‍ക്കശ നിലപാടെടുക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണ്. പൊലീസിനെ അത്തരമൊരു നിലപാടിലേക്ക് നയിക്കാത്ത സമീപനം ഓരോരുത്തരും സ്വീകരിക്കേണ്ടതുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ ലോക്ക്ഡൗണ്‍ ലംഘനം കര്‍ശനമായി തന്നെ നേരിടും.
വാളയാറില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകുന്നു. പരിശോധനകള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാടുകാണി ചുരം വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം പ്രാദേശികമായി ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകയില്‍നിന്നും ഊട്ടിയില്‍നിന്നും മലപ്പുറത്തേക്ക് എത്താന്‍ ഇപ്പോള്‍ 150 കിലോമീറ്റര്‍ ചുറ്റണം എന്നാണ് പരാതി. ഇക്കാര്യത്തില്‍ കര്‍ണാടക ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ശ്രമിക്കും.
കാര്‍ഷികവൃത്തിയിലും അനുബന്ധ പ്രവൃത്തികളിലും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നില്ല. ഒരു ശൃംഖയലായി പ്രവര്‍ത്തനങ്ങള്‍ നടന്നാലേ കാര്‍ഷികരംഗത്തെ ഇടപെടലിന് ഫലമുണ്ടാവുള്ളു. കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് സംഭരണം തടസ്സപ്പെടുന്നതായി ആലപ്പുഴയില്‍നിന്ന് പരാതി വന്നു. മില്ലുടമകള്‍ ഇക്കാര്യത്തില്‍ സഹായകരമായ നിലപാട് സ്വീകരിക്കണം.
ലോക്ക്ഡൗണ്‍ കാരണം നിലച്ച പരീക്ഷകള്‍ തുടങ്ങാന്‍ ആലോചിച്ചിട്ടുണ്ട്. 10, 11, 12 ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കാനുള്ള ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും.
പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകര്‍ക്ക് അധ്യാപക പരിശീലനം ഓണ്‍ലൈനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ (മാര്‍ച്ച് 18ന്) ആരംഭിച്ചിരുന്നു. ഇത് ഉടനെ പൂര്‍ത്തിയാക്കും. ഇതിനു പുറമെ പ്രത്യേക അവധിക്കാല പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംവിധാനം ഉപയോഗിച്ച് നടത്തും. 'സമഗ്ര' പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് ഇത് മെയ് 14ന് ആരംഭിക്കും.
സ്കൂളുകള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍പോലും ജൂണ്‍ 1 മുതല്‍ കുട്ടികള്‍ക്കായി പ്രത്യേക പഠന പരിപാടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. വിക്ടേഴ്സ് ചാനല്‍ തങ്ങളുടെ ശൃംഖലയില്‍ ഉണ്ട് എന്നുറപ്പാക്കാന്‍ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ഡിടിഎച്ച് സേവന ദാതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിനുപുറമെ വെബിലും മൊബൈലിലും ഈ ക്ലാസുകള്‍ ലഭ്യമാക്കും. ഇത്തരത്തില്‍ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.
ഹൈടെക് പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഉപകരണങ്ങളുടെ പരിപാലനം സ്കൂളുകള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. മഴക്കാലം വരുന്ന സാഹചര്യത്തില്‍ ഇതില്‍ പ്രത്യേക ശ്രദ്ധ വേണം.
ചരക്കുമായി 2225 ട്രക്കുകള്‍ ഇന്നലെ അതിര്‍ത്തി കടന്നുവന്നിട്ടുണ്ട്. ചരക്കുനീക്കം സാധാരണ നില പ്രാപിക്കുകയാണ്.
ലോക്ഡൗണ്‍ സമയത്ത് ഭക്ഷണം കിട്ടാതെ വലഞ്ഞ അശരണര്‍ക്കായി പൊലീസിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഭക്ഷണവിതരണ പരിപാടികളിലൂടെ 4,44,573 ഭക്ഷണപ്പൊതികളും 29,030 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. തിരുവനന്തപുരത്ത് മാത്രമായി തുടങ്ങിയ പരിപാടി കേരളമൊട്ടാകെ വ്യാപിപ്പിച്ച് 24 അടുക്കളകളിലൂടെയാണ് ഭക്ഷണം വിതരണം ചെയ്തത്. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, ഏതാനും സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് 'ഒരു വയറൂട്ടാം' എന്ന ഈ പദ്ധതി നടപ്പിലാക്കിയത്.
ലോക്ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ രക്തം ലഭിക്കുന്നത് ഉറപ്പാക്കാന്‍ 'ജീവധാര' എന്ന പേരില്‍ ഒരു പദ്ധതിക്ക് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് രൂപം നല്‍കി. ഇതുവഴി മൂന്നു ലക്ഷം പേരാണ് കേരളത്തില്‍ രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായിട്ടുള്ളത്. ഇത് പത്തു ലക്ഷമാക്കുകയാണ് ലക്ഷ്യം. കേഡറ്റുമാരുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് രക്തം ദാനം ചെയ്യാന്‍ മുന്നോട്ടുവന്നത്.
സംസ്ഥാനത്തെ കാര്‍ഷിക ഉല്‍പാദന വര്‍ധനവിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികളുമായി ആശയവിനിമയം നടത്തും. വിക്ടേഴ്സ് ചാനലിലൂടെയാണ് അവരോട് സംസാരിക്കുക.
സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ മെയ് 13 മുതല്‍ (അടുത്ത ബുധനാഴ്ച) തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും.
കോവിഡ് 19 വ്യാപനത്തിന്‍റെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉപേക്ഷിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ജലവിഭവ വകുപ്പിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. ലോക്ഡൗണ്‍ കാരണം മുടങ്ങിയ പ്രധാന പ്രവൃത്തികള്‍ മഴക്കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഈ തീരുമാനം.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !