ഇന്നത്തെ പരിശോധനാ ഫലം ഒരാള്‍ക്ക് പോസിറ്റീവും 10 പേര്‍ക്ക് നെഗറ്റീവുമാണ്. എറണാകുളത്താണ് പരിശോധനാ ഫലം പോസിറ്റീവായത്. ചെന്നൈയില്‍നിന്ന് വന്നവരാണിത്. വൃക്കരോഗി കൂടിയാണ്. കണ്ണൂര്‍ ജില്ലയിലെ പത്തുപേരുടെ ഫലം നെഗറ്റീവായി. ആകെ 16 പേര്‍ മാത്രമേ ഇപ്പോള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളു.
ഇതുവരെ 503 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 20,157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 35,856 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 35,355 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്. ഇതു കൂടാതെ മുന്‍ഗണനാ ഗ്രൂപ്പുകളിലെ 3380 സാമ്പിളുകള്‍ അയച്ചത് 2939 നെഗറ്റീവ് ഫലം വന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഇപ്പോള്‍ 33 ഹോട്ട്സ്പോട്ടുകളേ ഉള്ളു. കണ്ണൂര്‍ ജില്ലയില്‍ 5, വയനാട് 4, കൊല്ലം 3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ഒന്നു വീതം എന്നിങ്ങനെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍.
ഇന്ത്യയിലാദ്യത്തെ കോവിഡ്-19 സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് നൂറു ദിവസമാവുകയാണ് ജനുവരി 30നു വിദേശത്തുനിന്നു കേരളത്തില്‍ വന്ന വിദ്യാര്‍ത്ഥിക്കാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. തുടക്കഘട്ടത്തില്‍ തന്നെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നില്ല എന്നുറപ്പു വരുത്താന്‍ നമുക്കു സാധിച്ചു. മാര്‍ച്ച് ആദ്യ വാരമാണ് കേരളത്തില്‍ കോവിഡിന്‍റെ രണ്ടാമത്തെ വരവുണ്ടാകുന്നത്. രണ്ടു മാസങ്ങള്‍ക്കിപ്പുറം ആ രോഗത്തിന്‍റെ ഗ്രാഫ് സമനിലയിലാക്കാന്‍ കഴിഞ്ഞു എന്നുതന്നെ പറയാം. കര്‍വ്വ് ഫ്ളാറ്റന്‍ ചെയ്തു എന്നര്‍ത്ഥം.
നൂറു ദിവസം പിന്നിടുന്നതും രോഗസൗഖ്യത്തിന്‍റെ നിരക്ക് ലോകത്തെതന്നെ ഏറ്റവും മികച്ചതായിരിക്കുന്നതുമായ ഈ ഘട്ടത്തില്‍ കേരളത്തിനു പുറത്തുനിന്നും ഇന്ത്യക്കു വെളിയില്‍നിന്നുമുള്ള നമ്മുടെ പ്രവാസി സഹോദരങ്ങളെ നാം സ്വന്തം നാട്ടിലേക്ക് സ്വീകരിക്കുകയാണ്. അവരെ പരിചരിക്കുന്നതിനുവേണ്ട എല്ലാ സന്നാഹങ്ങളുമൊരുക്കിയിട്ടുണ്ട്.
ഒരു മൂന്നാം വരവ് ഉണ്ടാകാതെ നോക്കാന്‍ എല്ലാം ചെയ്യുകയാണ്. ഉണ്ടായാല്‍ തന്നെ അതിനെ നേരിടാനും അതിജീവിക്കാനും നാം എല്ലാ അര്‍ത്ഥത്തിലും സജ്ജമാണ്. ഇതുവരെയുണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തില്‍ നിന്നു വര്‍ദ്ധിച്ച തോതില്‍ ഉണ്ടാവേണ്ട ഘട്ടമാണിത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 1886 മരണങ്ങളുണ്ടായി എന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്ക്. നമ്മുടെ സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്തുന്നത് വലിയതോതില്‍ വിജയിച്ചു എന്നത് നമുക്ക് ഇനി ഒന്നും ചെയ്യാനില്ല എന്നതിന്‍റെ സൂചനയല്ല. ഇനിയുള്ള നാളുകളിലാണ് കൂടുതല്‍ കരുത്തോടെയും ഐക്യത്തോടെയും നാം ഇടപെടേണ്ടത്.
പ്രവാസികള്‍
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വിമാനങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ വേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
ഇന്നലെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തിയത്. 181 പ്രവാസികളുമായി അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഇതിലെ യാത്രക്കാരില്‍ 4 കൈകുഞ്ഞുങ്ങളാണ്. പത്തു വയസിനു താഴെയുള്ള 15 കുട്ടികളും 49 ഗര്‍ഭിണികളും ഉള്‍പ്പെടും. അഞ്ച് പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇതില്‍ 177 പേര്‍ മുതിര്‍ന്നവരും 5 പേര്‍ കുട്ടികളുമാണ്.
ഇന്ന് റിയാദില്‍ നിന്ന് 149 പ്രവാസികളുമായി പ്രത്യേക വിമാനം രാത്രി 8.30 ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളാണ്. 22 കുട്ടികളും. അടിയന്തര ചികിത്സക്കെത്തുന്നവര്‍ 5 പേര്‍. എഴുപതിന് മുകളില്‍ പ്രായമുള്ള മൂന്നു പേരുണ്ട്.
ഞായറാഴ്ച ദോഹയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് ഇതില്‍ വരുന്നത്. എയര്‍പോര്‍ട്ടില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്വാറന്‍റൈനില്‍ കഴിയുന്നവരും വീട്ടിലേക്ക് പോയവരും ഒരു കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ച രീതിയില്‍ മാത്രമേ ഈ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടുളളു. ശാരീരിക അകലം എന്നത് വളരെ പ്രധാനമാണ്. വീട്ടിലായാലും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലായാലും അക്കാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധ വേണം. വീട്ടിലെത്തുന്നവരുടെ കാര്യത്തില്‍ വീട്ടുകാരും ശ്രദ്ധിക്കണം.
അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന്‍റെ ചില ദോഷഫലങ്ങള്‍ മുന്‍ഘട്ടത്തില്‍ നമ്മള്‍ അനുഭവിച്ചതാണ്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത് എന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണം. കുറേ നാളുകള്‍ക്കുശേഷം നാട്ടില്‍ വന്നവരാണ് എന്നു കരുതി സന്ദര്‍ശനം നടത്തുന്ന പതിവുരീതികളും ഒരു കാരണവശാലും പാടില്ല. നാം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് നമ്മുടെ സമൂഹത്തെ വരും ദിവസങ്ങളില്‍ സംരക്ഷിച്ചുനിര്‍ത്തുക എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകേണ്ടതുണ്ട്.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വളരെ വേഗത്തില്‍ സജ്ജീകരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പോലെയല്ല ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ദിവസങ്ങളെടുത്തുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ആരോഗ്യ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെയാണ് താമസവും മറ്റ് സൗകര്യങ്ങളം ഒരുക്കിയിട്ടുള്ളത്.
യാത്രയിലുടനീളം ഓരോ പ്രവാസിയും സ്വയം സ്വീകരിക്കുന്ന സുരക്ഷാ കരുതല്‍ പോലെ തന്നെയാണ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ അവര്‍ക്കായി സര്‍ക്കാരിന്‍റെ കരുതലുള്ളത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം സര്‍ക്കാരിനും ഉണ്ടാകണം. ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുന്ന മുറയ്ക്ക് പരിഹരിക്കും. ഇതില്‍ പ്രത്യേക ശ്രദ്ധ കാണിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കഴിയണം.
ദുരിതങ്ങളോട് പോരാടേണ്ടത് സമര്‍പ്പണം കൊണ്ടാണ്. എന്തു പരാതികളും പരിശോധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ഓരോ കേന്ദ്രത്തിലും സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ ഉണ്ടാകും.
അന്യസംസ്ഥാനങ്ങളിലെ മലയാളികളുടെ മടക്കയാത്ര
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ കാരണം മടങ്ങിവരാനാകാതെ കഴിയുന്നവര്‍ക്ക് മടങ്ങിവരാനുള്ള സൗകര്യം ഒരുക്കുന്നതിന് പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനം നിലവിലുണ്ട്. ഇതിനകം 86,679 പേര്‍ പാസുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതില്‍ 37,891 (43.71%) പേര്‍ റെഡ്സോണ്‍ ജില്ലകളിലുള്ളവരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ 45,814 പേര്‍ക്ക് പാസ് നല്‍കിയിട്ടുണ്ട്. പാസ് ലഭിച്ചവരില്‍ 19,476 പേര്‍ റെഡ്സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇതുവരെ 16,385 പേര്‍ എത്തിച്ചേര്‍ന്നു. അതില്‍ 8912 പേര്‍ റെഡ്സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇന്നലെ വന്നവരില്‍ 3216 പേര്‍ ക്വാറന്‍റൈനിലേക്ക് മാറ്റിയിട്ടുണ്ട്. മുമ്പ് റെഡ്സോണില്‍ നിന്ന് വന്നവരെ കണ്ടെത്തി സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്‍റൈന്‍ സൗകര്യത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
റെഡ്സോണ്‍ ജില്ലകളില്‍നിന്ന് വന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്‍റൈനില്‍ കഴിയണം. റെഡ്സോണില്‍വിന്ന് യാത്ര തിരിക്കുന്ന 75 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരും രക്ഷിതാക്കളോടൊപ്പം വരുന്ന പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളും 14 ദിവസം വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. ഗര്‍ഭിണികള്‍ക്കും 14 ദിവസം വീടുകളിലാണ് ക്വാറന്‍റൈന്‍ വേണ്ടത്.
ഇതനുസരിച്ച് നേരത്തേ വന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം നടക്കുന്നുണ്ട്. റെഡ്സോണില്‍നിന്ന് വരുന്നവരെ ചെക്ക്പോസ്റ്റില്‍ നിന്നുതന്നെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. മറ്റുള്ളവര്‍ക്ക് രജിസ്ട്രേഷനും പാസും അനുവദിക്കുന്നതും തുടരുന്നുണ്ട്.
എല്ലാവര്‍ക്കും കഴിയാവുന്നത്ര വേഗത്തില്‍ നാട്ടിലെത്താന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഒരുദിവസം ഇങ്ങോട്ട് എത്തിച്ചേരാന്‍ പറ്റുന്ന അത്രയും ആളുകള്‍ക്കാണ് പാസ് നല്‍കുക. ഇങ്ങനെ വരുന്നവരെക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ എത്തുന്ന ജില്ലകള്‍ക്കും ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. ക്രമത്തില്‍ വിതരണം ചെയ്യും. ഇപ്പോള്‍ ക്രമവല്‍കരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരാള്‍ വരുന്നത് റെഡ്സോണ്‍ മേഖലയില്‍നിന്നാണ് എന്നതുകൊണ്ടുമാത്രം അവരെ തടയില്ല. എന്നാല്‍, വ്യക്തമായ ഒരു പ്രക്രിയ സജ്ജമായ സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ കടത്തിവിടാന്‍ കഴിയുകയുമില്ല. ചിലര്‍ ഏതോ മാര്‍ഗേന അതിര്‍ത്തികളിലെത്തി നാട്ടിലേക്ക് വരാന്‍ ശ്രമം നടത്തുന്നുണ്ട്. അവര്‍ക്ക് വരേണ്ട സ്ഥലത്തുനിന്നും കേരളത്തില്‍ നിന്നും ഇതിനുള്ള പാസ് ആവശ്യമാണ്
അതിര്‍ത്തി കടക്കുന്നവര്‍ കൃത്യമായ പരിശോധനയില്ലാതെ വരുന്നത് അനുവദിക്കില്ല. വിവരങ്ങള്‍ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിര്‍ത്തിയില്‍ ശാരീരിക അകലം പാലിക്കാത്ത രീതിയില്‍ തിരക്കുണ്ടാകാന്‍ പാടില്ല. ഇതില്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ശ്രദ്ധിക്കണം.
അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധനാ കൗണ്ടറുകള്‍ ആരംഭിക്കുന്നത് ആലോചിക്കും. ഗര്‍ഭിണികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ സിസ്റ്റം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു.
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട മുഖ്യമന്ത്രിമാരെയും വിവരം അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ അനുവദിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഡെല്‍ഹിക്ക് സമീപപ്രദേശങ്ങളിലെ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ ഡെല്‍ഹിയിലെത്തിച്ച് കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം തുടരുന്നത്.
മുംബൈ, ബംഗളൂരു നഗരങ്ങളില്‍നിന്ന് കേരളീയരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക തീവണ്ടി ലഭ്യമാക്കുന്നതിന് മാര്‍ഗങ്ങള്‍ തേടും.
ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്ന കാര്യം ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി സംസാരിച്ചു. അവരെ കപ്പലില്‍ അയക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൊച്ചിയിലെത്തിയാല്‍ സ്ക്രീനിങ് നടത്തി ഇവരെ വീടുകളിലേക്ക് വിടാവുന്നതാണ്.
മാലിദ്വീപില്‍ നിന്നും എത്തുന്ന കപ്പലില്‍ വിദേശങ്ങളില്‍നിന്ന് എത്തുന്നവരില്‍ മറ്റു സംസ്ഥാനക്കാരുമുണ്ട്. അവരില്‍ ദൂരസംസ്ഥാനക്കാര്‍ക്ക് ഇവിടെത്തന്നെ ക്വാറന്‍റൈന്‍ സൗകര്യം നല്‍കും.
അതിഥി തൊഴിലാളികളുടെ മടക്കയാത്ര
ഏഴാം തീയതി വരെ 21 ട്രെയിനുകളിലായി 24,088 അതിഥി തൊഴിലാളികള്‍ നാടുകളിലേക്ക് തിരിച്ചുപോയിട്ടുണ്ട്. ഇന്ന് ലഖ്നൗവിലേക്ക് ഒരു ട്രെയിനാണ് പോകുന്നത്. കഴിഞ്ഞദിവസം വരെ ബിഹാറിലേക്ക് 9 ട്രെയിനുകളിലായി 10,017ഉം ഒഡീഷയിലേക്ക് മൂന്ന് ട്രെയിനുകളില്‍ 3421ഉം ജാര്‍ഖണ്ഡിലേക്ക് അഞ്ച് ട്രെയിനുകളില്‍ 5689ഉം അതിഥി തൊഴിലാളികളാണ് മടങ്ങിയത്. ഉത്തര്‍പ്രദേശിലേക്ക് രണ്ട് ട്രെയിനുകളില്‍ 2293ഉം മധ്യപ്രദേശിലേക്ക് ഒരു ട്രെയിനില്‍ 1143, പശ്ചിമ ബംഗാളിലേക്ക് ഒരു ട്രെയിനില്‍ 1131ഉം അതിഥി തൊഴിലാളികളെയും മടക്കിയയച്ചു. ചില സംസ്ഥാനങ്ങള്‍ ഇതുവരെ അതിഥി തൊഴിലാളികളെ സ്വീകരിക്കാനുള്ള സമ്മതം നല്‍കിയിട്ടില്ല. സമ്മതം അറിയിക്കുന്ന മുറയ്ക്ക് അങ്ങോട്ട് അയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം സ്വീകരിക്കും.
അനുവദിക്കപ്പെട്ട ജോലികള്‍ക്ക് ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയില്‍ ഉള്ളവര്‍ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് നല്‍കും. ഇതിനായി അതതു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയാണ് സമീപിക്കേണ്ടത്.
ജില്ല വിട്ടു യാത്ര ചെയ്യുന്നതിന് പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പാസ് ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് പാസിന്‍റെ മാതൃക പൂരിപ്പിച്ച് അതുമായി ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ സമീപിച്ചു നേരിട്ട് പാസ് വാങ്ങാവുന്നതാണ്.
വിദേശങ്ങളില്‍ നിന്ന് ഇന്നലെ വിമാനത്താവളങ്ങളില്‍ വന്നവരെ വീടുകളിലും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നു. ഈ സംവിധാനം വരും ദിവസങ്ങളിലും തുടരും. ജോലിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കല്ലാതെ മറ്റാര്‍ക്കും വിമാനത്താവളങ്ങളിലേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കാന്‍ ഹോട്ടലുകള്‍ ദുരന്തനിവാരണ നിയമം അനുസരിച്ച് ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.
ലോക്ഡൗണ്‍ ഘട്ടത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദമില്ല. ഓട്ടോ അനുവദിക്കാമോ എന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോട് ആരായും.
തിരിച്ചെത്തിയ പ്രവാസികളെ അവരുടെ വീട്ടില്‍ ചെന്ന് ചില ദൃശ്യമാധ്യമങ്ങള്‍ ഇന്‍റര്‍വ്യു ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് ആരോഗ്യകരമല്ല. മാധ്യമങ്ങള്‍ കൃത്യമായ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. എല്ലാവരുടെയും സുരക്ഷയെ കരുതിയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.
അഭിഭാഷകര്‍ക്ക് ഔദ്യോഗിക ആവശ്യാര്‍ത്ഥം അന്തര്‍ജില്ലാ യാത്രകള്‍ക്ക് അനുവാദം നല്‍കും. കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അഡ്വക്കേറ്റുമാര്‍ക്ക് ഹാജരാകാന്‍ സൗകര്യമുണ്ടാക്കും.
മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ബാങ്കുകള്‍ വഴി വിതരണമെന്ന ആവശ്യം പരിശോധിച്ച് നടപടിയെടുക്കും.
വിശാഖപട്ടണത്തുണ്ടായ വിഷവാതകച്ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രാസവസ്തു ശാലകളിലും ലോക്ക്ഡൗണിനുശേഷം തുറക്കേണ്ട ഇതര വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പുവരുത്തും. ഇതില്‍ വ്യവസായവകുപ്പ് ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണസംവിധാനത്തെ സഹായിക്കാന്‍ സീനിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും.
ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ചത് വിവേചനപൂര്‍വം നടപ്പാക്കേണ്ടതാണ്. തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വ്യവസായങ്ങളുണ്ടാകും. അവയ്ക്ക് ഇളവുനല്‍കും. അവശ്യം വേണ്ട ഭക്ഷണശാലകള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
താല്‍ക്കാലിക തസ്തികകള്‍
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 3770 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുകയാണ്.
704 ഡോക്ടര്‍മാര്‍, 100 സ്പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്സുമാര്‍, 167 നഴ്സിങ് അസിസ്റ്റന്‍റുമാര്‍, 246 ഫാര്‍മസിസ്റ്റുകള്‍, 211 ലാബ് ടെക്നീഷ്യന്‍മാര്‍, 292 ജെഎച്ച്ഐമാര്‍, 317 ക്ലീനിങ് സ്റ്റാഫുകള്‍ തുടങ്ങി 34ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിച്ചുവരുന്നു.
നേരത്തെ 276 ഡോക്ടര്‍മാരെ പിഎസ്സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. ഇതുകൂടാതെയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത്. ഇതിനുപുറമെ നിലവിലുള്ള ഒഴിവുകള്‍ അഡ്ഹോക്ക് നിയമനം വഴി നികത്തുന്നുമുണ്ട്.
പെന്‍ഷന്‍, ക്ഷേമനിധികളുടെ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആയിരം രൂപ വീതം സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ വിതരണം സഹകരണവകുപ്പ് അടുത്ത വ്യാഴാഴ്ച (മെയ് 14) ആരംഭിക്കും. മെയ് 25നകം വിതരണം പൂര്‍ത്തിയാക്കും.
സംസ്ഥാനത്ത് കോവിഡ് കാലത്തിനുശേഷമുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള 'സുഭിക്ഷ കേരളം' പദ്ധതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഒരുവര്‍ഷം കൊണ്ട് 3,860 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി എന്നീ മേഖലകളില്‍ വിവിധ വകുപ്പുകള്‍ ഒന്നിച്ച് നടപ്പാക്കുന്ന ഈ പദ്ധതി വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് മുഴുവന്‍ ആളുകളോടും അഭ്യര്‍ത്ഥിക്കുന്നു.
തരിശുനിലങ്ങളില്‍ കൃഷിയിറക്കുക, ഉല്‍പാദനവര്‍ധനയിലൂടെ കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഈ ബൃഹദ് പദ്ധതിയിലൂടെ നമുക്ക് ഇന്നത്തെ പ്രയാസങ്ങളെ അതിജീവിക്കാന്‍ കഴിയണം.
സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിചച് പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ നമ്മുടെ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുകയുള്ളു.
കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാക്സിന്‍, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിച്ചുവരികയാണ്. ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന ഉല്‍പന്നങ്ങള്‍ പേറ്റന്‍റ് ചെയ്ത് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വന്‍ വിലയ്ക്കായിരിക്കും മാര്‍ക്കറ്റ് ചെയ്യുക.
ഇതിനു ബദലായി പരസ്പര സഹകരണത്തിന്‍റെയും പങ്കിടലിന്‍റെയും അടിസ്ഥാനത്തില്‍ ഓപ്പണ്‍സോഴ്സ് കോവിഡ് പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്നുണ്ട്. ഈ പ്രസ്ഥാനത്തോട് കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
വിദേശങ്ങളില്‍നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിം സര്‍വീസ് നല്‍കാമെന്ന് എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട്. 4ജി സിമ്മുകള്‍ നല്‍കും. സൗജന്യ ഡാറ്റാ ടോക്ക്ടൈം സേവനം ഉണ്ടാകുമെന്ന് ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് അറിയിച്ചു.
ദുരിതാശ്വാസനിധി
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വിശദമായി തന്നെ പറഞ്ഞിരുന്നുവല്ലൊ. എന്നാല്‍, സമയക്കുറവും സംഭാവന ചെയ്യുന്നവരുടെ എണ്ണക്കൂടുതലും കാരണം അത് വായിക്കുന്നത് തുടര്‍ന്നുകൊണ്ടുപോകാനാകില്ല. പേരുകള്‍ വിശദമായി പ്രസിദ്ധീകരിക്കും. മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇന്ന് ഏതാനും ചില പേരുകള്‍ മാത്രമാണ് വായിക്കുന്നത്.
- കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2 കോടി
- കേരള കത്തോലിക്ക സഭ രൂപതകളും സന്യാസ സമൂഹങ്ങളും 1,03,50,000 രൂപ
- തിരുവനന്തപുരം താലുക്ക് കാര്‍ഷിക വികസന ബാങ്ക് 20,76,117 രൂപ
- ഓള്‍ ഇന്ത്യ ബിഎസ്എന്‍എല്‍ ഡി.ഒ.ടി. പെന്‍ഷനേഴ്സ് അസോസിയേഷന്‍ 23,03,899 രൂപ
- ഇന്ത്യന്‍ ബാങ്ക് 20 ലക്ഷം
- വലപ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക് 18,86,815 രൂപ
- തലശ്ശേരി സഹകരണ ആശുപത്രി ഭരണസമിതി, ജീവനക്കാര്‍, ഡോക്ടര്‍മാര്‍ ആദ്യ ഗഡു 13, 36,848
- മൈലച്ചല്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് 12,32,600 രൂപ
- ബ്രൂണൈ ഓയില്‍ വ്യവസായം ചെയ്യുന്ന തൃശൂര്‍ സ്വദേശി രവിഭാസ്ക്കരനും കുടുംബവും 12 ലക്ഷം
- കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ (കെഎസ്കെടിയു) 10 ലക്ഷം.
- കേരള സ്റ്റേറ്റ് കുടുംബശ്രീ അകൗണ്ടന്‍റ്സ് യുണിയന്‍ സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപ
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്ട് കേരള ചാപ്റ്റര്‍ 10 ലക്ഷം രൂപ
- ഫെഡറല്‍ ബാങ്ക് റിട്ട. ഓഫീസര്‍സ് ഫോറം 10 ലക്ഷം രൂപ
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !