ന്യൂഡല്‍ഹി | ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്.
മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി. പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളി
1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 197 / 1992 , ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്.
കേസില്‍ ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് വിധി പറഞ്ഞത്. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവായ എല്‍.കെ. അദ്വാനിയുള്‍പ്പെടെ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
ബാബറി കേസില്‍ 28 വര്‍ഷത്തിന് ശേഷം വിധിവരുമ്പോള്‍ എല്ലാവരും കുറ്റവിമുക്തര്‍
28 വര്‍ഷത്തിന് ശേഷം വിധിവരുമ്പോള്‍ 16 പ്രതികള്‍ ജീവനോടെയില്ല
48 പേരായിരുന്നു കേസിലെ പ്രതികള്‍. 28 വര്‍ഷത്തിന് ശേഷം വിധി വരുമ്പോള്‍ ജീവിച്ചിരിക്കുന്ന 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്. വിനയ് കത്യാര്‍, ധരം ദാസ്, വേദാന്തി, ലല്ലു സിങ്, ചമ്പത്ത് റായ്, പവന്‍ പാണ്ഡേ തുടങ്ങിയവരാണ് കോടതിയില്‍ ഹാജരായത്. മഹന്ത് നിത്യ ഗോപാല്‍ ദാസ്, കല്യാണ്‍ സിങ് എന്നിവരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് വിലക്കി. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉമാഭാരതിയും ഉള്‍പ്പെടെ ആറ് പ്രതികള്‍ അനാരോഗ്യം ചൂണ്ടികാട്ടി കോടതിയില്‍ ഹാജരായില്ല. കല്യാണ്‍ സിങ്, ഉമാ ഭാരതി എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനല്‍കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !