പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ തുടര്‍ മരണങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരിയാണ് ഈ ദുഖ വാര്‍ത്ത പങ്കുവെച്ചത്. രണ്ട് ദിവസത്തിനിടെ 12 മലയാളികളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചതെന്ന് അദ്ദേഹം തെന്റെ ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
രണ്ട് ദിവസത്തിനിടെ 12 മലയാളികളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇളംപ്രായക്കാരുടെ വിയോഗം എന്നെ വല്ലാതെ പിടിച്ചുലക്കും. നാളെയുടെ പ്രതീക്ഷകളായ ഈ തളിരുകള്‍ കൊഴിഞ്ഞുപോകുന്നത് ആര്‍ക്കാണ് സഹിക്കാനാകുക. ഇവരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ സ്വീകരിക്കേണ്ടി വരുന്നത് മായാത്ത ദുഃഖ സ്മരണകളാണ്. ഇന്നലെ വെറും 33 വയസ്സുള്ള ഒരു യുവാവിന്റെ വിയോഗം എന്നെ ഏറെ വേദനിപ്പിച്ചു. ഒരുപാട് മോഹങ്ങള്‍ നെയ്‌തെടുക്കാന്‍ പ്രവാസ ലോകത്തെത്തിയ ഒരു കുഞ്ഞനുജന്‍.
തിരുന്നാവായ പട്ടര്‍നടക്കാവ് തിരുവകളത്തില്‍ ഹംസയുടെ മകന്‍ ഫവാസ്. അടുത്തിടെയാണ് ഫവാസ് ദുബയിലെ ഒരു അറബിയുടെ കീഴില്‍ ജോലിക്ക് കയറിയത്. തന്റെ സ്വതസിദ്ധമായ പെരുമാറ്റം കൊണ്ട് ഈ സഹോദരന്‍ അറബിയുടെ ഇഷ്ടം കവര്‍ന്നിരുന്നു. അലംഘനീയമായ വിധി ഈ ചെരുപ്പകാരനെ മരണത്തിലേക്ക് കൂട്ടികൊണ്ട് പോയി. ഹൃദയാഘാതമായിരുന്നു മരണ കാരണം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്തയായിരുന്നു ഈ യുവാവിന്റെ ആകസ്മിക വിയോഗം.
പതിവ് പോലെ മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലായിരുന്നു ഞാന്‍. ഇടവും വളവും തിരിയാന്‍ കഴിയാത്തത്ര തിരക്കായിരുന്നു. ഇതിനിടയില്‍ ഒരു അറബി എന്നെ സഹായിക്കാനായി എത്തിയിരുന്നു. അത് ഫവാസിന്റെ തൊഴിലുടമയായിരുന്നു. തന്റെ പ്രിയപ്പെട്ട ജീവനക്കാരന്റെ ആകസ്മിക വിയോഗത്തില്‍ വേദനിക്കുന്ന ആ അറബി മരണപ്പെട്ട ഫവാസിന് വേണ്ടി തന്നാല്‍ എന്ത് സഹായമാണ് ചെയ്യാന്‍ കഴിയുക എന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു ഈ മനുഷ്യ സ്‌നേഹി. രേഖകള്‍ ശരിയാക്കുന്നതിനും മറ്റു അദ്ദേഹത്തിന്റെ സേവനം ഏറെ ഉപകാരപ്പെട്ടു. അതെല്ലാം കഴിഞ്ഞ് ഈ യുവാവിന്റെ മയ്യിത്ത് നമസ്‌കാരത്തിനും നേതൃത്വം നല്‍കാന്‍ തൊഴിലുടമ മുന്നിലുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ ഓര്‍ത്ത് പോയത്. ഈ യുവാവ് ഒരു അന്യദേശക്കാരനെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നെന്ന്. അപ്പോള്‍ തന്റെ പ്രിയപ്പെട്ടവരുടെ മനസ്സുകളെ ഫവാസ് എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാകാം.
അവര്‍ക്ക് ഈ വിയോഗം എങ്ങിനെ സഹിക്കാനാകുമെന്ന് ചിന്തിക്കുകയാണ് ഞാന്‍.. ഉടയ തമ്ബുരാന്‍ എല്ലാവരുടെയും പാരത്രിക ജീവിതം വിജയകരമാക്കാട്ടെയെന്നു പ്രാര്‍ഥിക്കുകയാണ്. .....ദൈവം നല്ലത് വരുത്തട്ടെ ...
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !