സര്‍ക്കാര്‍ജോലിക്കും സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പകരം അപേക്ഷകരുടെ സത്യവാങ്മൂലം സ്വീകരിക്കണം.
പി.എസ്.സി.യും മറ്റ് നിയമന ഏജന്‍സികളും അപേക്ഷാസമയത്തുതന്നെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും നിര്‍ത്തലാക്കും. ജോലികിട്ടിയശേഷമോ, ചുരുക്കപ്പട്ടികയില്‍ വന്നാലോ മാത്രം പരിശോധനയ്ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
ജനങ്ങള്‍ക്ക് സുഗമമായി സേവനം ലഭിക്കുന്നതിന് ഭരണപരിഷ്‌കാര കമ്മിഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്ന കമ്മിഷന്‍ നല്‍കിയ അഞ്ചാമത് റിപ്പോര്‍ട്ടിലെ ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു. പൊതുഭരണവകുപ്പ് പുതിയ സംവിധാനം നടപ്പാക്കും.
അനാവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടേണ്ടതില്ല. വകുപ്പുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പട്ടിക തയ്യാറാക്കും. ഇവയില്‍ ഒഴിവാക്കാനാവാത്തത് വകുപ്പുകളുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും.
അപേക്ഷകരുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നല്‍കാവുന്ന ആനൂകൂല്യങ്ങള്‍ തീരുമാനിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ സ്ഥിരം സര്‍ട്ടിഫിക്കറ്റുകളും ഡിജിലോക്കര്‍ സംവിധാനത്തില്‍ നല്‍കും. ഇതിനെ പി.എസ്.സി.യുമായും നിയമന ഏജന്‍സികളുമായും ബന്ധിപ്പിക്കും.
പോലീസില്‍ മനുഷ്യവിഭവശേഷി പരിപാലനവിഭാഗം പ്രത്യേകമായി സ്ഥാപിക്കണമെന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടൊപ്പം മനുഷ്യവിഭവശേഷി പരിപാലനനയം രൂപവത്കരിക്കാനും ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരെ ലോക്കല്‍ പോലീസ്, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് സ്‌പെഷ്യല്‍ബ്രാഞ്ച് തുടങ്ങി എല്ലാവിഭാഗങ്ങളും മാറിമാറി നിയോഗിക്കണം. ഓരോ വിഭാഗത്തിലും നിശ്ചിത കാലയളവിലേക്കായിരിക്കും ചുമതല.
പോലീസ് സ്റ്റേഷനുകളിലെ പി.ആര്‍.ഒ. പ്രവര്‍ത്തനം കാര്യക്ഷമമാക്കും. പോലീസ് സ്റ്റേഷനില്‍ പ്രവേശിക്കുന്നിടത്ത് പി.ആര്‍.ഒ.യ്ക്ക് പ്രത്യേക പ്രവര്‍ത്തനസ്ഥലം ഉണ്ടാവണം.
മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കണം ഈ ചുമതല വഹിക്കേണ്ടത്. ആ ഉദ്യോഗസ്ഥന് മറ്റ് ജോലികള്‍ പാടില്ല. ഇ-സേവനങ്ങള്‍ കാര്യക്ഷമമായി നല്‍കുന്നതിന് എല്ലാ സ്റ്റേഷനിലും പ്രത്യേകമായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും തീരുമാനമായി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !