ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ കാലാവധി ഉള്‍പ്പെടെ നിശ്ചയിച്ച് ദേശീയ ഓട്ടോമൊബൈല്‍ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ പഴയ വാഹനങ്ങള്‍ പൊളിക്കല്‍ നയം പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും കാലാവധിയാണ് പുതിയ നയത്തില്‍ നല്‍കുന്നത്. വാഹന രജിസ്‌ട്രേഷന് ഏകജാലക സംവിധാനം നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ റജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവ് ലഭിക്കും.
പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ പതിനായിരം കോടിയുടെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ 35,000 പേര്‍ക്ക് തൊഴിലവസരം ഉണ്ടാകും. വാഹനങ്ങള്‍ പൊളിക്കാന്‍ 70 കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിന് പുറമെ ഓട്ടോ മേറ്റഡ് ടെസ്റ്റിങും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അടുത്ത 25 വര്‍ഷം രാജ്യത്തിന് വളരെ പ്രധാനമാണ്. ഇക്കാലത്ത് പ്രവര്‍ത്തനരീതിയില്‍, ദൈനംദിന ജീവിതത്തില്‍, ബിസിനസ്സുകളില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്ന പരാമര്‍ശത്തോടെയാണ് പ്രധാനമന്ത്രി ദേശീയ ഓട്ടോമൊബൈല്‍ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചത്.
സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ നമ്മുടെ ജീവിതശൈലിയോ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും ധാരാളം മാറ്റങ്ങള്‍ ഉണ്ടാകും. ഈ മാറ്റങ്ങള്‍ക്കിടയില്‍, നമ്മുടെ പരിസ്ഥിതി, ഭൂമി, വിഭവങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവ സംരക്ഷിക്കേണ്ടതും പ്രധാനമാണ്. ഭാവിയില്‍ സാങ്കേതികവിദ്യയിലും, നൂതനമായ ആശങ്ങളിലും പുതുമ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയും, പക്ഷേ നമുക്ക് ലഭിക്കുന്ന പ്രകൃതി വിഭവങ്ങള്‍ നമ്മുടെ നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. അതിനാല്‍, ആഴക്കടല്‍ ദൗത്യത്തിലൂടെ ഇന്ത്യ പുതിയ സാധ്യതകള്‍ തേടുകയാണ് അതിനൊപ്പം തന്നെ പുനരുപയോഗത്തില്‍ അടിസ്ഥാനപ്പെടുത്തിയ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പതിവ് സ്‌ക്രാപ്പിംഗിലൂടെ ഏകദേശം 99% പുനരുപയോഗത്തിന് (മെറ്റല്‍ മാലിന്യങ്ങള്‍) ഉപയോഗിക്കാനാവും. ഇത് അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ഏകദേശം 40%കുറയ്ക്കും. ഈ അവസ്ഥ അന്തര്‍ദേശീയ വിപണിയില്‍ രാജ്യത്തിന്റെ മത്സരശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ദേശീയ ഓട്ടോമൊബൈല്‍ സ്‌ക്രാപ്പേജ് പോളിസി പ്രഖ്യാപനത്തിനിടെ നിക്ഷേപക ഉച്ചകോടിയില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിക്കുന്നതിലൂടെ ജിഎസ്ടിയില്‍ 30,000 മുതല്‍ 40,000 കോടി രൂപയുടെ ലാഭം സര്‍ക്കാരിന് ലഭിക്കും. ജിഎസ്ടിയില്‍ സംസ്ഥാന സര്‍ക്കാരിന് 30,000 മുതല്‍ 40,000 കോടി രൂപ വരെ ലാഭം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും പുതിയ വാഹനം പൊളിക്കല്‍ നയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാഹനരംഗത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ ഇടയാക്കുന്നതാണ് കേന്ദ്രം ഇന്ന് പ്രഖ്യാപിച്ച പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുളള വാഹനപൊളിക്കല്‍ നയം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !