ലണ്ടൻ: ആവേശവും വാശിയും വാനോളം നിറഞ്ഞ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 157 റൺസിന്റെ കൂറ്റൻ വിജയം. 368 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റൺസിന് ഓൾ ഔട്ടായി. തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും ഓൾറൗണ്ട് മികവ് പുലർത്തിയ ശാർദുൽ ഠാക്കൂറിന്റെയും പ്രകടനങ്ങൾ നാലാം ടെസ്റ്റിൽ നിർണായകമായി. സ്കോർ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210
ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിന് വിജയം നേടാനായില്ല. രണ്ടാം ഇന്നിങ്സിൽ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബർ പത്തിന് മാഞ്ചെസ്റ്ററിൽ വെച്ച് നടക്കും.
368 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ റോറി ബേൺസും ഹസീബ് ഹമീദും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. കളിയിൽ ഇംഗ്ലണ്ട് ആധിപത്യം പുലർത്തുമെന്ന് തോന്നിച്ച ഘട്ടത്തിൽ ശാർദുൽ ഠാക്കൂർ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയ്ക്ക് ആശ്വാസം പകർന്നു. സ്കോർ സ്കോർ 100-ൽ നിൽക്കേ അർധസെഞ്ചുറി നേടിയ റോറി ബേൺസിനെ ശാർദുൽ പറഞ്ഞയച്ചു. 125 പന്തുകളിൽ നിന്നും 50 റൺസെടുത്ത താരത്തെ ശാർദുൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മലാൻ അനാവശ്യ റണ്ണിന് ശ്രമിച്ച് റൺ ഔട്ടായി. വെറും അഞ്ച് റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതോടെ ഇംഗ്ലണ്ട് പതറി. ഡേവിഡ് മലാന് ശേഷം ഓപ്പണർ ഹസീബിനെ ഇംഗ്ലണ്ടിന് നഷ്ടമായി. 193 പന്തുകളിൽ നിന്നും 63 റൺസെടുത്ത ഹസീബിനെ ജഡേജ ക്ലീൻ ബൗൾഡാക്കി. പിന്നാലെ വന്ന ആദ്യ ഇന്നിങ്സിലെ ഹീറോ ഒലി പോപ്പിനും പിടിച്ചുനിൽക്കാനായില്ല. രണ്ട് റൺസ് മാത്രമെടുത്ത ഒലി പോപ്പിനെ ജസ്പ്രീത് ബുംറ ക്ലീൻ ബൗൾഡാക്കി. പിന്നാലെ വന്ന ജോണി ബെയർസ്റ്റോയെ അക്കൗണ്ട് തുറക്കും മുൻപ് മടക്കി ബുംറ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.
ബെയർസ്റ്റോയ്ക്ക് ശേഷം ക്രീസിലെത്തിയ മോയിൻ അലിയ്ക്കും പിടിച്ചു നിൽക്കാനായില്ല. അക്കൗണ്ട് തുറക്കുംമുൻപ് താരത്തെ പുറത്താക്കി ജഡേജ ഇംഗ്ലണ്ടിനെ തകർത്തു. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 100 എന്ന സ്കോറിൽ നിന്നും 147 ന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.
ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് നായകൻ ജോ റൂട്ട് ശ്രദ്ധയോടെ പൊരുതി. അലിയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ക്രിസ് വോക്സിനെ കൂട്ടുപിടിച്ച് താരം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. എന്നാാൽ സ്കോർ 182-ൽ നിൽക്കേ 78 പന്തുകളിൽ നിന്നും 36 റൺസെടുത്ത റൂട്ടിനെ ക്ലീൻ ബൗൾഡാക്കി ശാർദുൽ ഠാക്കൂർ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ ഇംഗ്ലണ്ട് 182 ന് ഏഴ് എന്ന നിലയിലായി. ക്രിസ് ഓവർട്ടണിനെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ രക്ഷിക്കാൻ വോക്സ് ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല.
കൃത്യമായി ബൗളിങ് മാറ്റം വരുത്തിയ ഇന്ത്യൻ നായകൻ കോലിയുടെ തന്ത്രം ഫലിച്ചു. ഇടവേളയ്ക്ക് ശേഷം ഉമേഷ് യാദവിനെക്കൊണ്ട് പന്തെറിയിപ്പിച്ച കോലി ക്രിസ് വോക്സിനെ കുടുക്കി. 47 പന്തുകളിൽ നിന്നും 18 റൺസെടുത്ത താരത്തെ ഉമേഷ് യാദവ് രാഹുലിന്റെ കൈയ്യിലെത്തിച്ചു. വോക്സ് മടങ്ങുമ്പോൾ എട്ടുവിക്കറ്റിന് 193 എന്ന നിലയിലായി ഇംഗ്ലണ്ട്.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഓവർട്ടണും റോബിൻസണും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 10 റൺസെടുത്ത ഓവർട്ടണെ ക്ലീൻ ബൗൾഡാക്കി ഉമേഷ് യാദവ് ഇംഗ്ലണ്ടിന്റെ ഒൻപതാം വിക്കറ്റ് പിഴുതു. പിന്നാലെ വന്ന ആൻഡേഴ്സണെയും മടക്കി ഉമേഷ് യാദവ് ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശ്ശീലയിട്ടു.
ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ വെറും 190 റൺസ് മാത്രം നേടി ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്സിൽ അവിശ്വസനീയ പ്രകടനം പുറത്തെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ രോഹിത് ശർമ (127), അർധ സെഞ്ചുറികൾ നേടിയ ചേതേശ്വർ പൂജാര(61), ഋഷഭ് പന്ത് (50) , ശാർദുൽ താക്കൂർ (60) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്. രണ്ട് ഇന്നിങ്സിലുമായി അർധസെഞ്ചുറി നേടുകയും നിർണായക സമയത്ത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശാർദുൽ ഠാക്കൂർ ഇന്ത്യയുടെ വിജയത്തിന് കരുത്തേകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !