കൊച്ചി: എറണാകുളം സ്വദേശിയുടെ ‘ആൽകെമിസ്റ്റ്’ എന്ന ഓട്ടോയുടെ ചിത്രം പങ്കുവച്ച് വിഖ്യാത എഴുത്തുക്കാരൻ പൗലോ കൊയ്‌ലോ. ചെറായി സ്വദേശിയായ പ്രദീപിന്റെ സിഎൻജി ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തത്.
“കേരള, ഇന്ത്യ (ചിത്രത്തിന് വളരെ നന്ദി)” എന്ന അടിക്കുറിപ്പോടെയാണ് കൊയ്‌ലോ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ പങ്കുവച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കേരളത്തിലെ ഓട്ടോയുടെ ചിത്രം പങ്കുവച്ചതിനു മലയാളികളുടെ നന്ദിയും പോസ്റ്റിന് താഴെ നിറഞ്ഞിരുന്നു.
പൗലോ കൊയ്‌ലോയുടെ ട്വീറ്റ് താൻ ഇത്രയും കാലം പുസ്തകങ്ങൾ വായിച്ചതിനു ലഭിച്ച വലിയ അംഗീകാരമായാണ് കാണുന്നതെന്ന് ഓട്ടോ ഡ്രൈവർ പ്രദീപ് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.
25 വർഷത്തോളമായി കൊച്ചിയിൽ ഓട്ടോ ഓടിക്കുന്ന ആളാണ് പ്രദീപ്. കേരളത്തിൽ എല്ലാവരും ഓട്ടോയ്ക്ക് പലതരം പേരുകൾ ഇടുമ്പോൾ അങ്ങനെ ഒരു പേരിടാൻ ആഗ്രഹമില്ലാതിരുന്ന പ്രദീപ് പത്തു വർഷങ്ങൾക്ക് മുൻപ് ആൽകെമിസ്റ്റിന്റെ മലയാളം പരിഭാഷാ വായിച്ച ശേഷമാണ് ഓട്ടോയ്ക്ക് ആ പേര് നൽകാൻ തീരുമാനിച്ചത്.
വൈറലായത് സിഎൻജി ഓട്ടോയ്ക്ക് പിന്നിലെ പേരാണെങ്കിലും ഇതിനു മുൻപ് താൻ ഉപയോഗിച്ചിരുന്ന ഓട്ടോകളുടെയെല്ലാം പേര് ഇത് തന്നെ ആയിരുന്നു. ഇതിനു മുൻപും ആൽകെമിസ്റ്റ് എന്ന പേര് വാർത്തയായിട്ടുണ്ടെന്നും പ്രദീപ് പറഞ്ഞു.
ഓട്ടോറിക്ഷയുടെ മുന്നിൽ ആൽക്കെമിസ്റ്റ് എന്ന് ഇംഗ്ലീഷിലും പുറകിൽ പൗലോ കോയ്‌ലോ എന്ന് ഇംഗ്ലീഷിലും ആൽക്കമിസ്റ്റ് എന്ന് മലയാളത്തിലുമാണ് പുതിയ സിഎൻജി ഓട്ടോറിക്ഷയിൽ പ്രദീപ് എഴുതിയിരിക്കുന്നത്.
ആൽകെമിസ്റ്റ് എന്ന് പേരിട്ടത് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട് എന്നാണ് പ്രദീപ് പറയുന്നത്. ഓട്ടോയിൽ എഴുത്തുകാർ ആരെങ്കിലും കയറിയാൽ അവർ പേരിനെ കുറിച്ചു സംസാരിക്കുകയും പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും പുസ്തകങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യാറുണ്ടെന്നും പ്രദീപ് പറഞ്ഞു.
ഉച്ചയോടെ മകൻ കൊയ്‌ലോയുടെ ട്വീറ്റിന്റെ കാര്യം പറഞ്ഞപ്പോൾ അത് വിശ്വസിക്കാൻ പ്രദീപിന് കഴിഞ്ഞില്ല. പിന്നീട് നേരിട്ട് ഫേസ്ബുക്കിലൂടെ പോസ്റ്റ് കണ്ടപ്പോഴാണ് അത് വിശ്വാസമായത്, അപ്പോഴേക്കും കോഴിക്കോടും കൊച്ചിയിലുമുള്ള സുഹൃത്തുക്കളുടെയും വിളി എത്തിയിരുന്നെന്നും പ്രദീപ് പറഞ്ഞു.
Kerala, India (thank you very much for the photo) pic.twitter.com/13IdqKwsMo
— Paulo Coelho (@paulocoelho) September 4, 2021
പൗലോ കൊയ്‌ലോ ഇന്ത്യയിൽ എത്തിയാൽ അത് എവിടെ ആയാലും പോയി കാണാൻ തയ്യാറായി ഇരിക്കുകയാണ് പ്രദീപ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !