ആര്‍എസ്എസ് സൈദ്ധാന്തികരായ ഗോള്‍വല്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ പഠിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് കണ്ണൂര്‍ സര്‍വ്വകലാശാല പിന്മാറി. പുസ്തകങ്ങള്‍ പി.ജി സിലബസില്‍ നിന്ന് ഒഴിവാക്കുമെന്ന് വൈസ്ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു.
സിലബസില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ പഠിപ്പിക്കുമെന്നാണ് വൈസ് ചാന്‍സിലര്‍ അറിയിച്ചിരിക്കുന്നത്. എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിന്‍വലിക്കില്ലെന്ന നിലപാടാണ് വൈസ് ചാന്‍സിലര്‍ ഇപ്പോള്‍ മാറ്റിയത്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് പഠിക്കുമ്പോള്‍ ബി.ജെ.പിയുടെ വളര്‍ച്ച വിദ്യാര്‍ത്ഥികള്‍ മനസിലാക്കണം. ഒരു തത്വശാസ്ത്രത്തെ എതിര്‍ക്കാനാണെങ്കിലും അതിനെ കുറിച്ച് ധാരണയുണ്ടാവണം. അതിനാലാണ് ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത് എന്നായിരുന്നു സിലബസിനെ കുറിച്ച് വി സി അഭിപ്രായപ്പെട്ടിരുന്നത്.
സിലബസില്‍ പോരായ്മകളുണ്ടായിരുന്നുവെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കൈമാറി. വിഷയത്തില്‍ അന്തിമ തീരുമാനം 29 ന് ചേരുന്ന അക്കാദമിക് കൗണ്‍സില്‍ എടുക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് കണ്ണൂരില്‍ പറഞ്ഞു. ബുധനാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് വിദഗ്ദ്ധ സമിതി വി സിക്ക് റിപ്പോര്‍ട്ടുനല്‍കിയത്. സിലബസില്‍ ചില പാഠഭാഗങ്ങള്‍ ചേര്‍ത്തത് ശരിയായില്ലെന്നും അപാകതകള്‍ പ്രത്യക്ഷത്തിലുണ്ടെന്നുമാണ് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്.
എം എസ് ഗോള്‍വല്‍ക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു' (വീ ഓര്‍ ഔര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്), വിചാരധാര (ബഞ്ച് ഓഫ് തോട്ട്‌സ്), വി.ഡി സവര്‍ക്കറുടെ 'ആരാണ് ഹിന്ദു' എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലെ, വീ ഓര്‍ ഔര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ് എന്ന പുസ്തകം ഗുരുജി ഗോള്‍വല്‍ക്കറാണ് എഴുതിയത് എന്ന് പറഞ്ഞ് പ്രചരിപ്പിച്ചാണ്, പഠിപ്പിക്കാന്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അത് ഗുരുജി എഴുതിയ പുസ്തകം അല്ല. മറാഠി ഭാഷയില്‍ സവര്‍ക്കര്‍ സഹോദരന്‍മാര്‍ എഴുതിയ പുസ്തകത്തെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുക മാത്രമാണ് ഗുരുജി ചെയ്തിരിക്കുന്നത്. വിവര്‍ത്തനം ചെയ്ത ഒരാളെങ്ങനെ ഉള്ളടക്കത്തിന്റെ ഉത്തരവാദി ആകുമെന്ന ചോദ്യം ഉന്നയിച്ച് നേരത്തേ ആര്‍എസ്എസ് രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !