എ.ആർ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണം; സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടി - ആരോപണവുമായി വീണ്ടും കെ.ടി. ജലീല്‍ | Video

0
കുഞ്ഞാലിക്കുട്ടിയെ വിടാതെ കെ.ടി.ജലീൽ; എ.ആർ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണം - സൂത്രധാരൻ കുഞ്ഞാലിക്കുട്ടി- mediavisionlive

മലപ്പുറം: (mediavisionlive.in) പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി കെ.ടി.ജലീല്‍. മലപ്പുറം എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ജലീല്‍ ആരോപിച്ചു. ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. തട്ടിപ്പിന്റെ സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് പറഞ്ഞ ജലീല്‍ ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലക്കുട്ടിയില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു.

ഡോ. കെ.ടി. ജലീൽ നടത്തിയ വാർത്ത സമ്മേളനത്തിന്റെ പൂർണ രൂപം :
എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ 1021 കോടിരൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ഇതിൻ്റെയെല്ലാം മുഖ്യസൂത്രധാരർ മുസ്ലിംലീഗ് നേതാവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി MLAയും അദ്ദേഹത്തിൻ്റെ ബിനാമി ദീർഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന ഹരികുമാറുമാണ്.

പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആർ നഗർ കോപ്പറേറ്റീവ് ബാങ്കിൽ അൻപതിനായിരത്തിൽപരം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്.

257 കസ്റ്റമർ ഐ.ഡി കളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാർ നടത്തിയിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിൻ്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വി.കെ ഹരികുമാർ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് ഈ ബിനാമി അക്കൗണ്ടുകളെല്ലാം. കഴിഞ്ഞ 10 വർഷത്തിനിടയിൽ മാത്രം 114 കോടി രൂപയുടെ അനധികൃത ഇടപാടുകൾ ഇതുവഴി നടന്നതായാണ് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. (പേജ് 12)

ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് ഒരു റാൻഡം പരിശോധനയിൽ കണ്ടെത്തിയ 257 കസ്റ്റമർ ഐഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ എ.ആർ നഗർ സഹകരണ ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐഡികളും പരിശോധിക്കപ്പെട്ടാൽ കള്ളപ്പണ ഇടപാടിൽ രാജ്യത്തെതന്നെ ഞെട്ടിക്കുന്ന പകൽ കൊള്ളയുടെ ചുരുളഴിയും. ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുന്നത്.

പി.കെ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും കേരളത്തിലെ വ്യവസായ വകുപ്പ് മന്ത്രിമാരായിയിരിക്കെ പൊതുമേഖല സ്ഥാപനമായ ടൈറ്റാനിയത്തിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടന്നു വരികയാണ്.

ടൈറ്റാനിയം അഴിമതിയിലൂടെ ആർജ്ജിച്ച പണമാകണം എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ വ്യാജ അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് ഡേറ്റുകളും വർഷവും പരിശോധിക്കുമ്പോൾ ഒറ്റനോട്ടത്തിൽ മനസ്സിലാവുക. മലബാർ സിമൻ്റ്സ്, കെ.എം.എം.എൽ തുടങ്ങിയ കേരളത്തിലെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ നിന്ന് സമാഹരിച്ച തുകയും ഈ ബാങ്കിൽ നിക്ഷേപിക്കപ്പെടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
 
പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക്കിന് വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് AR നഗർ ബാങ്കിൽ നടത്തിയ 3 കോടി രൂപയുടെ നിക്ഷേപം 30.8.2021 ലെ KOC. FED. FEDOP/S 249/8904210/2021 നമ്പർ കത്ത് പ്രകാരം ആർ.ബി.ഐയുടെ അന്വേഷണപരിധിയിലാണ് ഉള്ളത്.

മുൻ താനൂർ എംഎൽഎയും ലീഗിൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അബ്ദുറഹിമാൻ രണ്ടത്താണിയുടെ 50 ലക്ഷം വായ്പ്പയടക്കം പല ലീഗ് നേതാക്കൾക്കും യഥേഷ്ടം വാരിക്കോരി നൽകിയിട്ടുള്ള അനധികൃത വായ്പകളുടെയും ആനുകൂല്യങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ വിശദമായി അന്വേഷണ റിപ്പോർട്ടിലുണ്ട്.
ബാങ്കിൻ്റെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിൽ കസ്റ്റമർ മേൽവിലാസങ്ങൾ വ്യാപകമായി മായ്ച്ചു കളഞ്ഞ് കൃത്രിമം നടത്തിയതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
 ബാങ്കിലെ 12 ജീവനക്കാരുടെ പേരിൽ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപം ഉള്ളതായി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

തിരുവനന്തപുരം കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് സംബന്ധിച്ച് അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കുന്ന പരിശോധനക്കെത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പരിശോധിക്കാൻ എ.ആർ നഗർ ബാങ്കിലെ ഹരികുമാറും സംഘവും സമ്മതിച്ചിരുന്നില്ല. ഞാൻ മുൻപ് സൂചിപ്പിച്ചപോലെ ദേശദ്രോഹ സ്വർണകള്ളകടത്ത് സംബന്ധിച്ച ഇടപാടുകളിലേക്കും ഇത് വിരൽ ചൂണ്ടുന്നുണ്ട്.
രാജ്യത്ത് കള്ളപ്പണ ഇടപാടുകൾ തടയുന്നതിനുവേണ്ടി കൊണ്ടുവന്ന ഇൻകം ടാക്സ് നിയമം 269 T ക്ക് വിരുദ്ധമായിട്ടാണ് എ.ആർ നഗർ ബാങ്കിലെ ഇടപാടുകളെല്ലാം നടന്നിട്ടുള്ളത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണം ഇടപാടുകൾ ഈ ബാങ്കിൽ നടന്നതായാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹരികുമാർ ജോലി ചെയ്ത 40 വർഷത്തെ ഇത്തരം ഇടപാടുകൾ പരിശോധിക്കുകയാണെങ്കിൽ ഭയാനകമാകും സ്ഥിതിഗതികൾ.

2012-13 കാലഘട്ടത്തിൽ രണ്ടരക്കോടി രൂപയുടെ ഗോൾഡ് ലോൺ അഴിമതിയാണ് ബാങ്കിൽ നടന്നതെന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു.

മുസ്ലിം ലീഗിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ അബ്ദുൽ ഖാദർ മൗലവി യുടെ പേരിൽ മാത്രം വിവിധ കസ്റ്റമർ ഐഡി കളിലെ വ്യത്യസ്ത അക്കൗണ്ടുകളിലായി രണ്ട് കോടിയോളം രൂപയുടെ നിക്ഷേപം ഉണ്ടെന്ന് റിപ്പോർട്ടിലുണ്ട്.

ബാങ്കിങ് ഇടപാടുകൾ നടത്തുന്ന സോഫ്റ്റ്‌വെയറിൽ ഡാറ്റാബേസിൽ കസ്റ്റമർ ഐഡി കളിലെ മേൽവിലാസങ്ങൾ 4.11.2019 ന് ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റ തീയതിമുതൽ ഹരികുമാർ വ്യാപകമായി തിരുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായി. ഇത്തരത്തിൽ അഡ്രസുകളിൽ വ്യാപകമായി മാറ്റം വരുത്തിയത് ഹരികുമാർ ആണെന്ന് ഇപ്പോഴത്തെ സെക്രട്ടറി രേഖാമൂലം സ്റ്റേറ്റ്മെൻറ് നൽകിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക് പാണ്ടിക്കടവത്ത് 6. 12.2015, 1.6.2017, 21.6.2017 തീയതികളിലായി മൂന്ന് കോടി രൂപ എ.ആർ നഗർ സഹകരണ ബാങ്കിൻ്റെ പേരിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൂരിയാട് ബ്രാഞ്ചിലുള്ള കറൻറ് അക്കൗണ്ട് നമ്പർ 5616 ൽ വിദേശത്തുനിന്ന് നിക്ഷേപം നടത്തിയത്, പ്രഥമദൃഷ്ട്യാതന്നെ, ഹവാല ഇടപാടാണെന്ന് ബോധ്യപ്പെട്ടതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NRE, NRO അക്കൗണ്ടുകൾ ആരംഭിക്കുന്നതിന് നിയമപരമായി സാധിക്കാത്ത സഹകരണ ബാങ്കാണ് എ.ആർ നഗർ സഹകരണ ബാങ്ക്. ആഷിക്ക് നിക്ഷേപിച്ച മൂന്ന് കോടിയിൽ ഒരു കോടി രൂപക്ക് മാത്രമേ ഫിക്സഡ് ഡെപ്പോസിറ്റിനുള്ള അപേക്ഷ അദ്ദേഹം സമർപ്പിച്ചിട്ടുള്ളൂ. ഇതിൻ്റെ പലിശ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി പിൻവലിക്കുന്നതിന് പകരം നേരിട്ട് ക്യാഷായി കൈപ്പറ്റുകയാണ് ചെയ്തത്. ഇങ്ങിനെ കോടിക്കണക്കിന് രൂപയുടെ പലിശ ബാങ്കിൽ നിന്നും പല രും കൈപ്പറ്റിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ഇൻകം ടാക്സ് ആക്ടിലെ 269 Tക്ക് വിരുദ്ധമായതിനാൽ നിയമപ്രകാരം ഒരുകോടി 14 ലക്ഷം രൂപ പിഴയൊടുക്കണ്ടതുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിനും ഇന്ത്യൻ വിദേശ വിനിമയ ചട്ടത്തിനും വിരുദ്ധമായി നിക്ഷേപിച്ച, കള്ളപ്പണത്തിൻ്റെ പലിശ കൈപ്പറ്റിയത്, നിയമ വിധേയമാക്കാൻ കുഞ്ഞാലിക്കുട്ടി സമ്മർദ്ദം ചെലുത്തി, 35 ലക്ഷം പിഴയൊടുക്കി ബാക്കി തുക പിൻവലിക്കാൻ ശ്രമം നടത്തുന്നതായി ബാങ്കിൽ നിന്നും അറിയാൻ സാധിച്ചു. ഇത് സംബന്ധിച്ച് ഇൻകം ടാക്സ് ചീഫ് കമ്മീഷണർക്ക് രേഖാമൂലം പരാതി നൽകുന്നതാണ്.

ഇൻകം ടാക്സ് ആക്ട് 269 Tക്ക് വിരുദ്ധമായി നടത്തിയ ഇടപാടുകളെന്ന് ഇതിനകം കണ്ടെത്തിയ തുകയായ 1021 കോടി രൂപക്ക് തതുല്യമായ തുക ബാങ്കിന് പിഴയൊടുക്കേണ്ടിവരും. ബാങ്കിൻ്റേതല്ലാത്ത കാരണത്താൽ 1021 കോടി രൂപ പിഴ ഒടുക്കേണ്ടി വരുമ്പോൾ തകരുന്നത് ഒരു സഹകരണ സ്ഥാപനമാകും. ബാങ്കിൻ്റെ അൻപതിനായിരത്തിൽപരം വരുന്ന അംഗങ്ങളിൽ മഹാഭൂരിഭാഗവും മുസ്ലിംലീഗിൻ്റെ സാധാരണ പ്രവർത്തകരും അനുയായികളുമാണ്.

ഈ ബാങ്കിൽ നടന്ന തീവെട്ടിക്കൊള്ളകൾക്ക് ഉത്തരവാദികൾ പി.കെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിൻ്റെ കള്ളപ്പണ സൂക്ഷിപ്പുകാരൻ വി.കെ ഹരികുമാറും മറ്റുചില ലീഗ് നേതാക്കളുമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ ബാങ്കിന് പിഴയിനത്തിൽ നഷ്ടപ്പെടുന്ന 1021 കോടി രൂപ ഇവരിൽനിന്ന് ഈടാക്കി എ.ആർ നഗർ സഹകരണ ബാങ്കിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. സഹകരണ ജോയിൻ്റ് രജിസ്ട്രാർ ചുമതലപ്പെടുത്തിയ ഇൻസ്പെക്ഷൻ വിംഗിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബാങ്കിലെ മുഴുവൻ ഇടപാടുകളും നിക്ഷേപങ്ങളും വായ്പകളും അന്വേഷിക്കുവാൻ സഹകരണ വകുപ്പിന് നിർദ്ദേശം നൽകാൻ അഭ്യർത്ഥിച്ചുകൊണ്ട് ബഹുമാന്യനായ മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും ഉടനെതന്നെ കത്ത് നൽകും. കൂടാതെ AR നഗർ സഹകരണ ബങ്കിൽ നടന്നിട്ടുള്ള കള്ളപ്പണ വിദേശവിനിമയ ഇടപാടുകൾ പരിശോധിക്കുന്നതിന് റിസർബാങ്ക് ഓഫ് ഇന്ത്യക്കും പരാതി നൽകും. ആർ.ബി.ഐയുടെ കത്ത് പ്രകാരം ഉള്ള അന്വേഷണം പൂർത്തിയായാൽ, അതിൽ കണ്ടെത്തുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തി മറ്റൊരു റിപ്പോർട്ടും കൂടി സഹകരണവകുപ്പിൻ്റെ ഇതേ അന്വേഷണസംഘം ഡിപ്പാർട്ട്മെൻ്റിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിലെ വിവരങ്ങൾ ഇതിലും ഭയാനകമാകും എന്നാണ് ആദ്യ റിപ്പോർട്ടും രണ്ടാം റിപ്പോർട്ടും നൽകുന്ന സൂചന

വാർത്ത സമ്മേളനത്തിന്റെ വീഡിയോ  :

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !