രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും ഹരിത മുന്‍ ഭാരവാഹികള്‍. നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു. ഹരിതയുടെ പരാതിയില്‍ മുസ്ലീം ലീഗ് നേതൃത്വം കാണിച്ച നിസംഗത വിഷമിപ്പിച്ചെന്ന് മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ. മുതിര്‍ന്ന നേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിക്ക് അലി തങ്ങള്‍, കെപിഎ മജീദ്, പിഎംഎ സലാം അടക്കമുള്ളവരെ ഫോണില്‍ വിളിച്ചും ഇമെയില്‍ വഴിയും വാട്‌സ് ആപ്പ് വഴിയും പരാതി അറിയിച്ചെങ്കിലും പലപ്പോഴും പരാതി കേള്‍ക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നും നജ്മ വിശദീകരിച്ചു. ഇത്തരം അനുഭവങ്ങള്‍ ഒരാളില്‍ നിന്നും ഉണ്ടായതാണെങ്കില്‍ തിരുത്താം. പക്ഷെ ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ മനോഭാവം ഇതാണെങ്കില്‍ അപകടകരമാണെന്നും നജ്മ കൂട്ടിചേര്‍ത്തു. കോഴിക്കോട് വിളിച്ചുചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നജ്മയുടെ വാക്കുകള്‍:
കുറച്ച് ദിവസങ്ങളായി ഒരു പാര്‍ട്ടിക്കുള്ളില്‍ നടന്ന കലഹം എന്നതിലുപതി പൊതുസമൂഹം ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്രയും ദിവസത്തിനുള്ളില്‍ ഇതില്‍ വിശദീകരണം ഹരിത പൊതുമധ്യത്തില്‍ നല്‍കിയിട്ടില്ല. സംഭവിച്ച കാര്യങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നടപടി തൃപ്തികരമല്ല. നടത്തിയിട്ടുള്ള ഓരോ പരാമര്‍ശങ്ങളും അപകടകരമാണ്. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ സഹിക്കാന്‍ കഴിയാത്ത വേദനകളിലൂടെ പരാമര്‍ശങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഈ വിഷയങ്ങള്‍ നേതൃത്വത്തെ അറിയിച്ചിട്ടും എന്ത് സംഭവിച്ചുവെന്നതാണ് വിഷമകരം. മെയില്‍ വഴിയും വാട്‌സ്ആപ്പ് വഴിയും പരാതി നല്‍കിയിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ്, പിഎംഎ സലാം അടക്കമുള്ളവരെ ഫോണില്‍ വിളിച്ച് അറിയിക്കുകയും പരാതി ആയി നല്‍കുകയും ചെയ്തു. സ്വത്വത്തെ മുറിവേല്‍പ്പിക്കുന്ന, ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് തെറ്റുകാരാണ് എന്ന രൂപത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന ആളുകളിലേക്കാണ് ഇക്കാര്യം അറിയിച്ചത്.
പിന്നീട് ഓരോ നേതാക്കളുടേയും വീട്ടിലെത്തി കാര്യങ്ങള്‍ സംസാരിച്ചു. കാര്യങ്ങള്‍ കേള്‍ക്കണമെന്ന് ഇവരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഒന്നോ രണ്ടോ ആളുകളുടെ പ്രശനമല്ല. ഇതിനകത്ത് സംസാരിക്കുന്ന സംഘടിക്കുന്ന വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്നതാണ്. ഏറ്റവും ഒടുവില്‍ എംഎസ്എഫിന്റെ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ വെച്ച് പ്രസിഡണ്ട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനൊണ്. ' സൈബര്‍ ക്രിമിനലാണ് ഹരിതയെ നിയന്ത്രിക്കുന്നത്. രണ്ട് ആളുകളല്ല. ഇതിലുള്ള പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് പോസ്റ്റ് സൈബര്‍ ക്രിമിനലാണ് എഴുതുന്നത്.' എന്നായിരുന്നു. എങ്കില്‍ അയാള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ഞാന്‍ കമ്മിറ്റിയില്‍ അന്ന് പറഞ്ഞു. ലീഗില്‍ യാതൊരു ബന്ധവുമില്ലാത്ത ഒരാളെ ഞങ്ങളുമായി കൂട്ടികുഴക്കുകയായിരുന്നു.
ഇത്തരം അനുഭവങ്ങള്‍ ഒരാളില്‍ നിന്നും ഉണ്ടായതാണെങ്കില്‍ തിരുത്താം. പക്ഷെ ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ മനോഭാവം ഇതാണെങ്കില്‍ അപകടകരമാണ്. വ്യക്തികള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പാര്‍ട്ടിക്കെതിരെയല്ല. അവര്‍ പാര്‍ട്ടി ഭാരവാഹികളാണങ്കില്‍ പാര്‍ട്ടി ഭാരമാവേണ്ട ആവശ്യമില്ല. അയാള്‍ക്കെതിരെ നടപടിയെടുത്തിരുന്നെങ്കില്‍ മനോഹരമായി നീതി നടപ്പിലായേനെ.
ഔദ്യോഗിക ജനറല്‍ സെക്രട്ടറി തന്നെ ഞങ്ങളെ തള്ളി പറഞ്ഞു. അര്‍ദ്ധ സത്യങ്ങളാണ് പ്രചരിക്കപ്പെടുന്നത്. അത് ക്രൂരതയാണ്. രണ്ട് മീറ്റിംഗാണ് നടന്നത്. തുടര്‍ന്നും മോശം അനുഭവം തന്നെയാണ് നേരിട്ടത്. കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിതിരിഞ്ഞുനടന്നവരാണ് എന്നൊക്കെ ഇതിനകത്ത് ഉന്നതസ്ഥാനത്തുള്ളവര്‍ പറയുന്നുവെന്നത് വേദനയുണ്ടാക്കുന്നതാണ്. പിന്നീട് പലയോഗങ്ങളും മാറ്റിവെക്കുകയായിരുന്നു. വനിതാ കമ്മീഷനില്‍ പരാതി കൊടുത്തത് ഒരു ക്രൈം ആണ് എന്ന തരത്തിലാണ് പിന്നീട് സംസാരിച്ചത്. ഇനി വനിതാ കമ്മീഷനിലോ ചാനല്‍ ചര്‍ച്ചയിലോ തീര്‍ക്കു പാര്‍ട്ടിയെ സമീപിക്കേണ്ട എന്ന ആറ്റിറ്റിയൂടാണ് സ്വീകരിച്ചത്.
വേര്‍ബല്‍ റേപ്പ് ആഫ്റ്റര്‍ റേപ്പ് എന്നൊരു പരാമര്‍ശം ഉണ്ട്. ഇതാണ് നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഗൂഢലക്ഷ്യങ്ങള്‍ പേറുന്നു, ഞങ്ങള്‍ ഗ്രൂപ്പിന്റെ ചട്ടുകങ്ങളാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് നടക്കുന്നത്. അഭിപ്രായങ്ങളും നിലപാടുകളും തിരിച്ചറിവും ഉള്ള ആളുകളാണ്. ഞങ്ങള്‍ വായനകളിലൂടേയും ഇടപെടലിലൂടേയും ഉണ്ടാക്കിയ ക്യാപിറ്റലിനെ റദ്ദ് ചെയ്യുന്ന ആരോ പറയുന്ന വാക്കുകള്‍ക്ക് തുള്ളികളിക്കുന്ന കുരങ്ങന്മാരായി ചിത്രീകരിക്കുന്നത് നീതികരിക്കാനാവില്ല. ഇക്കഴിഞ്ഞ അഞ്ച് മാസം നേരിട്ട മാനസിക ശാരീരിക വിഷമങ്ങള്‍ ചെറുതല്ല. അതിഭീകര സൈബര്‍ ആക്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇത് തിരച്ചറിഞ്ഞിട്ടും നേതൃത്വം ഞങ്ങളെ ക്രൂശിക്കുകയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !