മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

0
മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | Kolkata Knight Riders beat Mumbai Indians by seven wickets

അബുദാബി
: നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് തിളക്കമാർന്ന വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങി ഓൾറൗണ്ട് മികവിലൂടെയാണ് കൊൽക്കത്ത മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ചത്.

മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത വെറും 15.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. അർധസെഞ്ചുറി നേടിയ രാഹുൽ ത്രിപാഠിയും യുവതാരം വെങ്കടേഷ് അയ്യരുമാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്. മികച്ച പ്രകടനം പുറത്തെടുത്ത കൊൽക്കത്ത ബൗളർമാരും ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സ്കോർ: മുംബൈ ഇന്ത്യൻസ്: 20 ഓവറിൽ ആറുവിക്കറ്റിന് 155. കൊൽക്കത്ത: 15.1 ഓവറിൽ മൂന്നുവിക്കറ്റിന് 159.

രാഹുൽ ത്രിപാഠി 42 പന്തുകളിൽ നിന്ന് 74 റൺസ് നേടി പുറത്താവാതെ നിന്നപ്പോൾ വെങ്കടേഷ് അയ്യർ 53 റൺസെടുത്തു.

ഈ വിജയത്തോടെ കൊൽക്കത്ത മുംബൈ ഇന്ത്യൻസിനെ മറികടന്ന് പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചു.മുംബൈ ആറാം സ്ഥാനത്തേക്ക് വീണു. സീസണിലെ ആദ്യ പാദ മത്സരത്തിൽ മുംബൈ കൊൽക്കത്തയെ പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള മധുര പ്രതികാരമായി കൊൽക്കത്തയ്ക്ക് ഈ വിജയം.

156 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരുമാണ് ഓപ്പൺ ചെയ്തത്. ഇരുവരും തകർപ്പൻ തുടക്കമാണ് ടീമിന് സമ്മാനിച്ചത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഇരുവരും ചേർന്ന് 15 റൺസ് അടിച്ചെടുത്തു. ഗില്ലിന്റെ 50-ാം ഐ.പി.എൽ മത്സരമാണിത്. വെറും മൂന്നോവറിൽ ഇരുവരും ചേർന്ന് ടീം സ്കോർ 40-ൽ എത്തിച്ചു.

എന്നാൽ മൂന്നാം ഓവറിലെ അവസാന പന്തിൽ ഗില്ലിനെ ക്ലീൻ ബൗൾഡാക്കി ജസ്പ്രീത് ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 9 പന്തുകളിൽ നിന്ന് 13 റൺസാണ് താരമെടുത്തത്. എന്നാൽ മറുവശത്ത് അനായാസം ബാറ്റ് ചെയ്ത അയ്യർ പുതുതായി ക്രീസിലെത്തിയ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ച് കൊൽക്കത്ത സ്കോർ മുന്നോട്ടുനയിച്ചു. വെറും 4.3 ഓവറിൽ ടീം സ്കോർ 50 ൽ എത്തി. ബാറ്റിങ് പവർപ്ലേയിൽ കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെടുത്തു.

ത്രിപാഠിയും നന്നായി ബാറ്റ് ചെയ്യാൻ തുടങ്ങിയതോടെ കൊൽക്കത്ത സ്കോർ കുതിച്ചു. ആദ്യ പത്തോവറിൽ 111 റൺസാണ് കൊൽക്കത്ത നേടിയെടുത്തത്. പിന്നാലെ വെങ്കടേഷ് അയ്യർ ഐ.പി.എല്ലിലെ തന്റെ കന്നി അർധശതകം പൂർത്തിയാക്കി. വെറും 25 പന്തുകളിൽ നിന്നാണ് താരം അർധശതകത്തിലെത്തിയത്. താരത്തിന്റെ രണ്ടാമത്തെ മാത്രം ഐ.പി.എൽ മത്സരമാണിത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ ആദ്യ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അയ്യർക്ക് സാധിച്ചിരുന്നു. വൈകാതെ രാഹുലും അർധശതകം പൂർത്തിയാക്കി. 29 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.

അർധസെഞ്ചുറി നേടിയതിനുപിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് അയ്യർ പുറത്തായി. ബുംറയാണ് താരത്തിന്റെ കുറ്റി പിഴുതെടുത്തത്. 30 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 53 റൺസെടുത്ത് തലയുയർത്തിയാണ് അയ്യർ ക്രീസ് വിട്ടത്.

അയ്യർക്ക് പകരം നായകൻ മോർഗൻ ക്രീസിലെത്തി. മോർഗനെ സാക്ഷിയാക്കി രാഹുൽ അടിച്ചുതകർക്കാൻ തുടങ്ങി. എന്നാൽ ഈ മത്സരത്തിലും കൊൽക്കത്ത നായകൻ പരാജയമായി. വെറും ഏഴ് റൺസെടുത്ത മോർഗൻ ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

മോർഗന് ശേഷം ക്രീസിലെത്തിയ നിതീഷ് റാണ ഫോറടിച്ചുകൊണ്ട് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചു. 42 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും എട്ട് ഫോറിന്റെയും സഹായത്തോടെ 74 റൺസെടുത്ത് രാഹുലും അഞ്ചുറൺസെടുത്ത നിതീഷ് റാണയും പുറത്താവാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റും വീഴ്ത്തിയത് ബുംറയാണ്. മറ്റൊരു ബൗളർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽആറുവിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മുംബൈയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്ക് അർധസെഞ്ചുറി നേടി. മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോർ കണ്ടെത്താൻ മുംബൈയ്ക്ക് സാധിച്ചില്ല.

ആദ്യ ഓവറുകളിൽ നന്നായി റൺസ് വഴങ്ങിയെങ്കിലും പിന്നീട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന കൊൽക്കത്ത ബൗളർമാരാണ് മുംബൈ ഇന്ത്യൻസിനെ ചെറിയ സ്കോറിന് പിടിച്ചുനിർത്തിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ബൗളർമാർ മുംബൈ ഇന്ത്യൻസിനെ ചെറിയ സ്കോറിൽ ഒതുക്കി. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച പൊള്ളാർഡാണ് മുംബൈ ഇന്ത്യൻസിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ക്വിന്റൺ ഡി കോക്കും നായകൻ രോഹിത് ശർമയും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്തു. ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബാറ്റ്സ്മാൻ നിതീഷ് റാണയെയാണ് ആദ്യ ഓവർ എറിയാനായി കൊൽക്കത്ത നായകൻ മോർഗൻ തിരഞ്ഞെടുത്തത്. ആദ്യ ഓവറിൽ താരം അഞ്ചുറൺസ് വഴങ്ങി. ശ്രദ്ധയോടെയാണ് രോഹിതും ഡി കോക്കും തുടങ്ങിയത്. മോശം പന്തുകൾ മാത്രം പ്രഹരിച്ച് ഇരുവരും സ്കോർ ബോർഡ് ചലിപ്പിച്ചു. മത്സരത്തിൽ 18 റൺസ് നേടിയതോടെ രോഹിത് കൊൽക്കത്തയ്ക്കെതിരേ 1000 റൺസ് തികച്ചു. ഐ.പി.എല്ലിൽ ഒരു ടീമിനെതിരേ ആദ്യമായാണ് ഒരു താരം 1000 റൺസ് നേടുന്നത്.

കൊൽക്കത്ത ബൗളർമാരെ നന്നായി രോഹിതും ഡി കോക്കും ചേർന്ന് 5.5 ഓവറിൽ ടീം സ്കോർ 50 കടത്തി ടീമിന് തകർപ്പൻ തുടക്കം സമ്മാനിച്ചു. ഡി കോക്കാണ് കൂടുതൽ ആക്രമിച്ച് കളിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും 78 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ പത്താം ഓവറിലെ രണ്ടാം പന്തിൽ ഈ കൂട്ടുകെട്ട് പൊളിച്ച് സുനിൽ നരെയ്ൻ കൊൽക്കത്തയ്ക്ക് ആശ്വാസം പകർന്നു.

30 പന്തുകളിൽ നിന്ന് 33 റൺസെടുത്ത രോഹിത് ശർമയെയാണ് നരെയ്ൻ മടക്കിയത്. സിക്സ് നേടാനുള്ള രോഹിത്തിന്റെ ശ്രമം ശുഭ്മാൻ ഗില്ലിന്റെ കൈയ്യിൽ അവസാനിച്ചു. രോഹിത്തിന് പകരം ക്രീസിലെത്തിയ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് ഡികോക്ക് മുംബൈ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു.

തുടക്കത്തിൽ പതറിയെങ്കിലും മധ്യ ഓവറുകളിൽ നന്നായി പന്തെറിഞ്ഞ് കൊൽക്കത്ത മത്സരത്തിലേക്ക് തിരിച്ചുവന്നു. സുനിൽ നരെയ്നിന്റെയും മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെയും സ്പിൻ ബൗളിങ്ങിനെ വളരെ ശ്രദ്ധയോടെയാണ് മുംബൈ നേരിട്ടത്.

എന്നാൽ വീണ്ടും വിക്കറ്റ് വീഴ്ത്തി കൊൽക്കത്ത മത്സരത്തിൽ പിടിമുറുക്കി. വെറും അഞ്ച് റൺസ് മാത്രമെടുത്ത സൂര്യകുമാർ യാദവിനെ പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ മുംബൈ 89 ന് രണ്ട് എന്ന നിലയിലായി. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും തളരാതെ പിടിച്ചുനിന്ന ക്വിന്റൺ ഡി കോക്ക് വൈകാതെ ഐ.പി.എല്ലിലെ 16-ാം അർധശതകം പൂർത്തിയാക്കി. 37 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. ഇഷാൻ കിഷനെ കൂട്ടുപിടിച്ച് ഡി കോക്ക് 14-ാം ഓവറിൽ ടീം സ്കോർ 100 കടത്തി. പക്ഷേ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു.

തൊട്ടടുത്ത ഓവറിൽ അപകടകാരിയായ ഡി കോക്കിനെ മടക്കി പ്രസിദ്ധ് വീണ്ടും മുംബൈയ്ക്ക് അപകടം വിതച്ചു. 42 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 55 റൺസെടുത്ത ഡി കോക്കിനെ പ്രസിദ്ധ്സുനിൽ നരെയ്നിന്റെ കൈയ്യിലെത്തിച്ചു. ആക്രമിച്ച് കൡക്കാൻ ശ്രമിച്ചാണ് ഡി കോക്ക് പുറത്തായത്.

ഡി കോക്കിന് പിന്നാലെ ക്രീസിലെത്തിയ പൊള്ളാർഡും കിഷനും ആക്രമിച്ച് കളിച്ച് അവസാന അഞ്ചോവറിൽ സ്കോറിങ്ങിന് വേഗം കൂട്ടാനാണ് ശ്രമിച്ചത്. പക്ഷേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കിഷൻ പുറത്തായത് മുംബൈയ്ക്ക് തിരച്ചടി സമ്മാനിച്ചു. 13 പന്തുകളിൽ നിന്ന് 14 റൺസെടുത്ത കിഷൻ ലോക്കി ഫെർഗൂസന്റെ പന്തിൽ സിക്സ് നേടാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പന്ത് അനായാസം റസ്സൽ കൈയ്യിലൊതുക്കി.

കിഷൻ മടങ്ങിയതോടെ പൊള്ളാർഡ് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. ക്രുനാൽ പാണ്ഡ്യ കൂടി ക്രീസിലെത്തിയതോടെ മുംബൈ സ്കോർ മുന്നോട്ടുകുതിച്ചു. എന്നാൽ അവസാന ഓവറിൽ അനാവശ്യ റണ്ണിന് ശ്രമിച്ച പൊള്ളാർഡ് റൺ ഔട്ടായി. 15 പന്തുകളിൽ നിന്ന് 21 റൺസെടുത്താണ് താരം മടങ്ങിയത്. തൊട്ടടുത്ത പന്തിൽ ക്രുനാൽ പാണ്ഡ്യയും പുറത്തായി. 12 റൺസെടുത്ത താരത്തെ ഫെർഗൂസൻ വെങ്കടേഷ് അയ്യരുടെ കൈയ്യിലെത്തിച്ചു.

കൊൽക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെർഗൂസനും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സുനിൽ നരെയ്ൻ ഒരു വിക്കറ്റ് സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !