ബിരുദ സർട്ടിഫിക്കറ്റിലെ പേരിലെ പിശക് തിരുത്താനെത്തിയ രണ്ട് വിദ്യാർത്ഥിനികളിൽ നിന്ന് കൈക്കൂലി വാങ്ങിയ രണ്ട് ജീവനക്കാരെ കാലിക്കറ്റ് സർവകലാശാല സസ്‌പെൻഡ് ചെയ്തു.
പരീക്ഷാ ഭവനിലെ ബി.എ വിഭാഗം അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ ഡോ.സുജിത് കുമാറിനെയും താത്ക്കാലിക ജീവനക്കാരനും അസിസ്റ്റന്റുമായ എം.കെ.മൻസൂർ അലിയെയുമാണ് രണ്ട് പരാതികളിലായി വൈസ് ചാൻസലർ എം.കെ.ജയരാജ് സസ്‌പെൻഡ് ചെയ്തത്.
ബിരുദ സർട്ടിഫിക്കറ്റിലെ പേരിലെ പിശക് തിരുത്താനെത്തിയ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനിയോട് 5,000 രൂപ ഗൂഗിൾപേ വഴി നൽകാനായിരുന്നു എം.കെ.മൻസൂർ അലി ആവശ്യപ്പെട്ടത്. അപേക്ഷാ ഫീസായ 1,350 രൂപ താൻ അടയ്‌ക്കാമെന്നും മൻസൂർ അലി ഉറപ്പ് നൽകി. എന്നാൽ ഈ ഫീസ് അടയ്ക്കാതെ അപേക്ഷക നേരത്തേ അടച്ച ചലാൻ ഫോമിലെ 50 രൂപ 1,350 എന്നാക്കി അപേക്ഷയ്ക്കൊപ്പം വച്ചാണ് ജീവനക്കാരൻ വിദ്യാർത്ഥിനിയെയും സർവകലാശാലയെയും കബളിപ്പിച്ചത്. മതിയായ ഫീസടച്ചില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ വിദ്യാർത്ഥിനി ഗൂഗിൾ പേയിൽ പണമടച്ചതിന്റെ തെളിവടക്കം വച്ച് ഡിസംബർ 20ന് രജിസ്ട്രാർക്ക് പരാതി നൽകുകയായിരുന്നു.
ഡോ.സുജിത് കുമാർ 500 രൂപ കൈക്കൂലി ചോദിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി. 1,105 രൂപയാണ് പേരിലെ തെറ്റ് തിരുത്താനുള്ള ഫീസ്. ഇതിലെ അഞ്ച് രൂപ അടച്ചത് സുജിത് കുമാറായിരുന്നു. ജീവനക്കാർ ഇത്തരത്തിൽ പണമടയ്‌ക്കുന്നത് നിയമ വിരുദ്ധമാണെന്നതിനാലാണ് സസ്‌പെൻഡ് ചെയ്തതെന്നാണ് രജിസ്ട്രാർ ഇ.കെ.സതീശിന്റെ വിശദീകരണം. വിദ്യാർത്ഥിയിൽ നിന്ന് 500 രൂപ കൈക്കൂലി വാങ്ങിയതിന് നിലവിൽ തെളിവില്ല. ഇക്കാര്യം അന്വേഷണത്തിലാണെന്നും രജിസ്ട്രാർ പറഞ്ഞു. അഞ്ച് രൂപ ചില്ലറയായി പരാതിക്കാരിയുടെ കൈവശം ഇല്ലാത്തതിനാലാണ് താൻ അടച്ചതെന്നാണ് സുജിത് കുമാറിന്റെ വാദം. പ്രൊ വൈസ് ചാൻസലറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !