കൊച്ചി| നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം വെള്ളിയാഴ്ചയും തുടരും. കേസ് വീണ്ടും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ന് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കും. നാളെ പ്രോസിക്യൂഷൻ വാദമാണ് നടക്കുന്നത്. ഇതിന് ശേഷമാകും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക.
നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയാണ് വധശ്രമക്കേസെന്നായിരുന്നു ദിലീപിന്റെ വാദം. കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിനു പിന്നിൽ. അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന എഡിജിപിയും ഉദ്യോഗസ്ഥരുമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
തന്റെ കക്ഷിയെ എങ്ങനെയെങ്കിലും അഴിക്കുള്ളിലാക്കുക എന്ന രഹസ്യ അജണ്ടയാണ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നത്. ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസ്. ബാലചന്ദ്രകുമാർ വ്യക്തിവൈരാഗ്യം മുൻനിർത്തി കള്ളം പറയുകയാണ്. കേസിൽ ഹാജരാക്കിയിരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം കെട്ടിച്ചമച്ചതാണ്.
പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് ആലുവ സ്റ്റേഷൻ പരിധിയിലാണ്. അപ്പോൾ ആലുവ പോലീസ് വേണം കേസ് എടുക്കാൻ. എന്നാൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇത് പരാതിക്കാരൻ തന്നെ കേസ് അന്വേഷിക്കുന്ന സ്ഥിതിയാണുള്ളതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. തന്റെ പക്കൽ നിന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കൃത്രിമ തെളിവുകളുണ്ടാക്കാനാണ് ശ്രമം. പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും നീക്കം നടക്കുന്നു. വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്നും ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ദിലീപ് ചോദിച്ചു.
ദിലീപിനു പുറമേ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു എന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജനുവരി പത്തിനാണ് ദിലീപ് ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
ഒളിവില്‍ കഴിയുന്ന ശരത് ഒഴികെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ സിംഗിള്‍ബെഞ്ച് ജനുവരി 23, 24, 25 തീയതികളില്‍ ചോദ്യം ചെയ്യലിന് ഹാ ജരാകാന്‍ ഇവരോടു നിര്‍ദേശിച്ചു. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും തെളിവുകളും വ്യക്തമാക്കി അന്വേഷണ സംഘം മുദ്രവച്ച കവറില്‍ ഹൈക്കോട തിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !