കോഴിക്കോട്: സംസ്ഥാനത്ത് റോഡ് സുരക്ഷക്കായി മിഴിതുറക്കാന്‍ പോകുന്നത് 704 കാമറകള്‍. 235 കോടി രൂപ ചെലവില്‍ സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തനസജ്ജമായിവരുകയാണ്.
മോട്ടോര്‍ വാഹന വകുപ്പിന് കീഴിലാണ് ആധുനിക കാമറകള്‍ സ്ഥാപിച്ചത്. ഇതിന്‍റെ ട്രയല്‍ റണ്‍ നടന്നുവരുകയാണ്. കെല്‍ട്രോണ്‍ ആഗോള ടെന്‍ഡറിലൂടെ സ്വകാര്യ കമ്ബനിക്കാണ് കരാര്‍ നല്‍കിയത്. ബില്‍റ്റ് ഓപറേറ്റ് ഓണ്‍ ട്രാന്‍സ്ഫര്‍ (ബൂട്ട്) അടിസ്ഥാനത്തിലാണ് പദ്ധതി. ദേശീയ-സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലും കാമറകള്‍ സ്ഥാപിക്കുന്നുണ്ട്.
റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍നിന്ന് തത്സമയം നോട്ടീസ് അയക്കുന്ന സംവിധാനങ്ങളോടുകൂടിയ കാമറകളാണ് വരുന്നത്. ഏറ്റവും കൂടുതല്‍ കാമറകള്‍ തിരുവനന്തപുരം ജില്ലയിലാണ്-89. കൊല്ലം 51, പത്തനംതിട്ട 44, ആലപ്പുഴ 41, കോട്ടയം 44, ഇടുക്കി 38, എറണാകുളം 34, തൃശൂര്‍ 49, പാലക്കാട് 47, മലപ്പുറം 49, കോഴിക്കോട് 63, വയനാട് 27, കണ്ണൂര്‍ 50, കാസര്‍കോട് 47 കാമറകള്‍ വീതമാണ് സഥാപിച്ചത്.
റോഡ് സുരക്ഷ അതോറിറ്റി സെസ് ഇനത്തില്‍ ഈടാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പിഴയിനത്തില്‍ ഒരുവര്‍ഷം ലഭിക്കുന്ന തുകയുടെ 50 ശതമാനം ഈ ഫണ്ടിലേക്കാണ് പോകുന്നത്. ഈയിനത്തില്‍ റോഡ് സുരക്ഷ അതോറിറ്റിയില്‍നിന്ന് ലഭിച്ച 600 കോടിയോളം രൂപ സര്‍ക്കാറിന്‍റെ പക്കലുണ്ട്. റോഡ് സുരക്ഷ ഫണ്ട് മറ്റൊന്നിനും ചെലവഴിക്കാന്‍ പറ്റാത്തതിനാല്‍ നിഷ്ക്രിയമായിക്കിടക്കുകയാണ്. 1500 കാമറകള്‍ സ്ഥാപിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പദ്ധതി. ആദ്യഘട്ടമെന്ന നിലക്കാണ് 704 കാമറകള്‍ സ്ഥാപിച്ചത്.
റോഡ് സുരക്ഷ മുന്‍നിര്‍ത്തിയാണെങ്കിലും അടിസ്ഥാന സൗകര്യ വികസനം വരുംമുമ്ബ് കാമറ വ്യാപകമാക്കുന്നതിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. നിലവിലുള്ള കാമറകള്‍ തന്നെ എവിടെയെല്ലാമാണ് എന്ന സൂചനകള്‍ ദേശീയപാതയില്‍ പോലുമില്ല. വേഗപരിധി അറിയിക്കുന്ന സൂചന ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിച്ചിട്ടില്ല. ഇത് വാഹന ഉടമകളെ ചതിക്കുന്നതിന് തുല്യമാണെന്നാണ് വിമര്‍ശനം. അതേസമയം റോഡ് വികസനം വരുന്നതോടെ വഴിയില്‍നിന്ന് വാഹനങ്ങള്‍ക്ക് കൈകാണിക്കലും പരിശോധനയുമൊന്നും വരും കാലങ്ങളില്‍ പ്രായോഗികമാവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. കാമറകള്‍ സ്ഥാപിക്കുന്നതിനെതിരെ ടിപ്പര്‍ ലോറി ഉടമകളടക്കം സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
Content Highlights: Road safety: 704 cameras are operational in the state


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !