'തട്ടം' പരാമര്‍ശത്തില്‍ കെ അനില്‍കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
പരാമര്‍ശം പാര്‍ട്ടി നിലപാടിനെതിരാണ്. ഇഷ്ടമുളള വസ്ത്രം ധരിക്കാനുള്ള ജനാധിപത്യ അവകാശത്തില്‍ ആരും കടന്നുകയറേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'തിരുവനന്തപുരത്ത് എസ്സന്‍സ് ഗ്ലോബല്‍ നടത്തിയ സെമിനാറില്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗം അനില്‍കുമാര്‍ നടത്തിയ പ്രസംഗത്തില്‍ ഒരു ഭാഗത്ത് മുസ്ലീം സ്ത്രീകളുടെ തട്ടധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിക്കുകയുണ്ടായി. മുന്‍പ് ഹിജാബ് പ്രശ്‌നം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ മുസ്ലീങ്ങള്‍, സാധാരണക്കാര്‍ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത്
എന്നത് സംബന്ധിച്ചെല്ലാം ഒരു കോടതിയുടെ പ്രശ്‌നമായി മാറ്റുന്നതിനോട് ആര്‍ക്കും യോജിപ്പില്ല. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ഒരു കാര്യം കൂടിയാണ്. ഹിജാബ് പ്രശ്‌നത്തില്‍ തന്നെ പാര്‍ട്ടി നിലപാട് അന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്'- ഗോവിന്ദന്‍ പറഞ്ഞു.
'വസ്ത്രധാരണം ഓരോ വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യവുമില്ല. അതുകൊണ്ട് ഇന്നയിന്ന വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുള്ളു എന്ന് നിര്‍ദേശിക്കാനോ അതിന്റ ഭാഗമായിട്ടുള്ള കാര്യങ്ങളില്‍ വിമര്‍ശാനാത്മകമായി എന്തെങ്കിലും ചുണ്ടിക്കാണിക്കാനോ ആരും ആഗ്രഹിക്കുന്നില്ല. ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വസ്ത്രധാരണം. അനില്‍കുമാറിന്റെ പ്രസംഗത്തിലെ ആ ഭാഗം പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് എന്നുള്ളതുകൊണ്ട് പാര്‍ട്ടി വ്യക്തമായി ചൂണ്ടിക്കാണിക്കുകയാണ്, ഇത്തരത്തിലുള്ള ഒരുപരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതില്ല'- ഗോവിന്ദന്‍ പറഞ്ഞു.
അനില്‍കുമാര്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ; ആര് ഉറച്ചുനിന്നാലും പാര്‍ട്ടി നിലപാടാണ് പറഞ്ഞത്. അനില്‍ കുമാറിന്റെത് വലിയൊരു പ്രസംഗമാണ്. ആ പ്രസംഗത്തിലെ ഒരുഭാഗം മാത്രം ചൂണ്ടിക്കാണിച്ചിട്ട് അതെല്ലാം അനുചിതമാണെന്ന് പറയാന്‍ പറ്റില്ല. ആ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
തട്ടം തലയിലുള്ളതുകൊണ്ട് രാജ്യപുരോഗതിക്ക് എന്ത് തടസമാണ് ഉള്ളത്?
തട്ടം തലയിലുള്ളതുകൊണ്ട് രാജ്യപുരോഗതിക്ക് എന്ത് തടസമാണ് ഉള്ളതെന്നും തട്ടം ഉപയോഗിക്കുന്ന മുസ്ലീം യുവതികള്‍ ആരും മലപ്പുറത്ത് അത് ഉപേക്ഷിച്ചിട്ടില്ലെന്നും മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം. സിപിഎം നേതാവ് കെ അനില്‍കുമാറിന്റെ 'വിവാദതട്ടം' പരാമര്‍ശത്തിലാണ് സലാമിന്റെ പ്രതികരണം. രാഷ്ട്രീയ ഭരണകാര്യങ്ങള്‍ക്കപ്പുറം വിശ്വാസങ്ങളിലേക്ക് സിപിഎം കടന്നുകയറുകയാണെന്നും സലാം ആരോപിച്ചു.
കമ്യൂണിസ്റ്റുകാര്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത് പട്ടിണി മാറ്റാനാണോ അതോ തട്ടം മാറ്റാനാണോയെന്നും സലാം ചോദിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം മറുപടി പറയണം. പാര്‍ട്ടിയുടെ നയം പറയേണ്ടത് പാര്‍ട്ടി നേതാക്കാളാണ്. അല്ലാതെ ഏതെങ്കിലും വഴിപോക്കന്‍ പറഞ്ഞാല്‍ അത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ കിട്ടിയാല്‍ എല്ലാം ആയെന്ന് കരുതുന്നവരും തങ്ങളുടെ സമുദായത്തില്‍ ഉണ്ട്. അവരും മതസംഘടനാ നേതാക്കളും ഇക്കാര്യത്തില്‍ മൗനം വെടിയണം.
തികച്ചും മതവിരുദ്ധമായ പ്രസ്താവനയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായത്. മലപ്പുറം എന്നുകേട്ടാല്‍ സിപിഎമ്മിന് അലര്‍ജിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൊണ്ടാണ് മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികള്‍ തട്ടം ഉപേക്ഷിച്ചതെന്നാണ് സിപിഎം നേതാവിന്റെ കണ്ടെത്തല്‍. തലയില്‍ തട്ടമിടുന്ന കുട്ടികളാരും അത് ഉപേക്ഷിച്ചിട്ടില്ല. പുതിയ തലമുറ അക്കാര്യത്തില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്നു. എന്തിനാണ് മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെ മേല്‍ സിപിഎം കടന്നുകയറുന്നത്. വഖഫും ശബരിമല വിഷയത്തിലും സിപിഎം നേതാക്കള്‍ ഇതുതന്നെയാണ് സ്വീകരിച്ചതെന്നും സലാം പറഞ്ഞു.
Content Highlights: No one should intrude on the dress; Anilkumar's remark is not a party position; MV Govindan
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !