ന്യൂഡല്‍ഹി: കാമുകിയുടെ പിറന്നാളിന് ആപ്പിള്‍ ഐഫോണ്‍ വാങ്ങാനായി അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച ഒന്‍പതാം ക്ലാസുകാരന്‍ അറസ്റ്റില്‍. വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോയെന്ന് കാണിച്ച് കൗമാരക്കാരന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മകനാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടി ഒളിവില്‍ പോയിരുന്നു. ഡല്‍ഹിയിലെ നജഫ്ഗഡിലാണ് സംഭവം.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതി തന്റെ ക്ലാസിലെ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ജന്മദിനത്തില്‍ കാമുകിക്ക് വലിയ സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പിറന്നാള്‍ ആഘോഷത്തിനായി അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. പിന്നാലെയാണ് മോഷണം നടത്താനുള്ള തീരുമാനിച്ചതെന്ന് കൗമാരക്കാരന്‍ പൊലീസിനോട് പറഞ്ഞു.
ഒരു ജോടി സ്വര്‍ണ്ണ കമ്മലുകള്‍, ഒരു മോതിരം, ഒരു ചെയിന്‍ എന്നിവയാണ് മോഷ്ടിച്ചത്. ഇവ നഗരത്തിലെ സ്വര്‍ണപ്പണിക്കാരില്‍ നിന്ന് പൊലീസ് പിന്നീട് കണ്ടെത്തി. സ്വര്‍ണപണിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസറ്റ് 2ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ വീട്ടമ്മ അടുത്ത ദിവസം പൊലീസീല്‍ പരാതി നല്‍കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ ആരും വീടിനുള്ളില്‍ വരുകയോ പുറത്തിറങ്ങുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് അന്വേഷണം വീട്ടുകാരിലേക്ക് നീണ്ടത്. തുടര്‍ന്ന് മകനെ കാണാനില്ലെന്ന വിവരം പൊലീസ് മനസിലാക്കി. പിന്നീട് പൊലീസ് കൗമാരക്കാരന്റെ സ്‌കൂള്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്തു. അങ്ങനെയാണ് ഇയാള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പൊലീസ് മനസ്സിലാക്കി.
നിരവധി സ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചെത്താന്‍ അവസരം സൃഷ്ടിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന പ്രതി, പിന്നീട് ഇയാളുടെ കൈയില്‍ നിന്ന് ആപ്പിള്‍ ഫോണ്‍ കണ്ടെത്തിയതോടെ കുറ്റം സമ്മതിച്ചു.
പ്രതി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണെന്നും നജഫ്ഗഡിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുകയാണെന്നും ഡിസിപി പറഞ്ഞു. അസുഖം മൂലം നേരത്തെ അച്ഛന്‍ മരിച്ചതായും പഠനത്തില്‍ കുട്ടി ശരാശരി നിലവാരം പുലര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. അതേ ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ക്ക് സൗഹൃദത്തിലാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായും ജന്മദിനത്തില്‍ തന്റെ കാമുകിക്ക് സര്‍പ്രൈസ് സമ്മാനം നല്‍കുകയായിരുന്നു ലക്ഷ്യമെന്നും ഡിസിപി പറഞ്ഞു. ഇതിനായി കുട്ടി അമ്മയെ സമീപിച്ചെങ്കിലും അവര്‍ അത് നിരസിക്കുകയും പോയി പഠിക്കാന്‍ പറയുകയും ചെയ്തതോടെയാണ് കുട്ടി മോഷണം നടത്താന്‍ തീരുമാനിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഡിസിപി പറഞ്ഞു.
Content Summary: I phone as a birthday present for girlfriend; Class IX student steals mother's gold jewellery; Arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !