വയനാട്: ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസത്തിനെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പണം തട്ടുന്ന സംഘങ്ങളെ സൂക്ഷിക്കണമെന്ന് സൈബർ വിദഗ്ദ്ധർ. മുഖ്യമന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും പേരിലടക്കം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാനിടയുണ്ട്. സർക്കാരിന്റെ ഔദ്യോഗിക സന്ദേശമെന്നു തോന്നുന്ന തരത്തിലാവും കാർഡുകളും വോയിസ് ക്ലിപ്പുകളും പുറത്തിറക്കുന്നത്.
അവശ്യ സാധനങ്ങൾക്കുള്ള സഹായധനം നൽകാൻ ക്യൂആർ കോഡോ ലിങ്കോ ഗൂഗിൾ പേ നമ്പറോ നൽകിയിരിക്കും. വിശ്വസിച്ച് പണമയക്കുന്നത് സ്വകാര്യവ്യക്തികളുടെ അക്കൗണ്ടുകളിലേയ്ക്കാവും. പോസ്റ്റിനൊപ്പം കാണുന്ന ലിങ്കുകൾ മാൽവെയറുകളാകാനും സാദ്ധ്യതയുണ്ട്. ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് ഫോണിലേയ്ക്ക് കയറും. ഫോണും ബാങ്ക് അക്കൗണ്ടും ഹാക്ക് ചെയ്യപ്പെടും. 40 വയസിനു മുകളിലുള്ളവരെയാണ് തട്ടിപ്പുകാർ ഉന്നമിടുന്നത്. ഒരു രൂപ മുതൽ സംഭാവന ചെയ്യാമെന്ന തരത്തിലാവും സന്ദേശങ്ങൾ വരുന്നത്. സന്ദേശത്തിനൊപ്പമുള്ള നമ്പർ വ്യാജമായിരിക്കാം. വോളന്റിയർ രജിസ്ട്രേഷന് വേണ്ടിയുള്ള ഗൂഗിൾ ഫോമുകളിലൂടെയും സ്വകാര്യവിവരങ്ങളടക്കം ചോർത്തും.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ട് എന്നതു പോലെയുള്ള പ്രാങ്ക് സന്ദേശങ്ങളും സൂക്ഷിക്കണം. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി സന്തോഷിക്കുന്ന സാമൂഹ്യ വിരുദ്ധരാകും ഇതിനു പിന്നിൽ. മാദ്ധ്യമസ്ഥാപനങ്ങൾ, നഗരസഭ, അസോസിയേഷനുകൾ എന്നിവയുടെ പേരിൽ വരുന്ന സന്ദേശങ്ങളും സൂക്ഷിക്കണം.
ശ്രദ്ധിക്കേണ്ടത്:
📌 മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലും സർക്കാർ സൈറ്റുകളിലും വരുന്ന സന്ദേശങ്ങളും ലിങ്കുകളും മാത്രം വിശ്വസിക്കുക.
📌 വാട്ട്സാപ്പിൽ പലവട്ടം ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ വ്യാജമാകാം.
📌 സന്ദേശങ്ങളും പോസ്റ്റുകളും പങ്കു വയ്ക്കുന്നതിന് മുമ്പ് വാസ്തവമാണെന്ന് ഉറപ്പാക്കുക.
📌 അപരിചിതങ്ങളായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്.
📌 അപായ സന്ദേശങ്ങൾ കണ്ട് പരിഭ്രാന്തരാകരുത്.
📌 സൈബർ ഹെല്പ്ലൈൻ നമ്പർ 1930
മുഖ്യമന്ത്രിയുടെ സഹായ അഭ്യർഥന തള്ളാൻ പ്രേരിപ്പിച്ച് സമൂഹമാധ്യമ പോസ്റ്റ്; കേസെടുത്ത് പൊലീസ്
ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമൂഹമാധ്യമ പോസ്റ്റിനെതിരേ പ്രചാരണം നടത്തിയവർക്കെതിരേ കെസെടുത്ത് പൊലീസ്. ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയെന്ന ഉദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരേയാണ് കേസെടുക്കുക. വയനാട് സൈബർ ക്രൈം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്.
സമൂഹമാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ എഡിറ്റ് ചെയ്യുകയും നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Content Summary: Wayanad disaster: Beware of social media extortion groups in the name of relief
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !