താനോ സര്‍ക്കാരോ ഒരു പി ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൈസ പോലും സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചിട്ടുമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദി ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖം പത്രം ഇങ്ങോട്ട് സമീപിച്ചതിനെത്തുടര്‍ന്നു നല്‍കിയതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ദ ഹിന്ദു ദിനപ്പത്രത്തിലെ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു ജില്ലയേയോ, ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി തനിക്കില്ല. എന്നാല്‍ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചപ്പോള്‍, ഞാന്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചു വന്നു. ഇതില്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ ഹിന്ദു ദിനപ്പത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തെറ്റായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഹിന്ദു പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ പിണറായി വിജയന്‍ ഒഴിഞ്ഞുമാറി.
'ഇന്റര്‍വ്യൂവിന് വേണ്ടി ഹിന്ദു ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറയുന്നത് ആലപ്പുഴയിലെ മുന്‍എംഎല്‍എ ദേവകുമാറിന്റെ മകനാണ്. ഹിന്ദുവിന് ഇന്റര്‍വ്യൂ കൊടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് അറിയിച്ചു. ഒരു ഒറ്റപ്പാലംകാരിയായ ലേഖിക അടക്കം രണ്ടുപേര്‍ വന്നു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. അന്‍വറിന്റെ കാര്യത്തില്‍ നേരത്തെ വിശദീകരിച്ചതിനാല്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞു. ഇന്റര്‍വ്യൂവില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരാള്‍ കൂടി കടന്നു വന്നിരുന്നു. പിന്നീടാണ് വന്നയാള്‍ ഏജന്‍സിയുടെ ആളാണെന്ന് അറിയുന്നത്.'
' ദേവകുമാറിന്റെ മകന്‍ ചെറുപ്പം മുതലേ അറിയാവുന്ന ചെറുപ്പക്കാരനാണ്. അതുകൊണ്ടാണ് ഇന്റര്‍വ്യൂ നല്‍കിയത്. ഖേദം പ്രകടിപ്പിച്ചതില്‍ ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചത്. അവരുമായി ബന്ധപ്പെട്ട് എന്താണ് നടന്നതെന്ന് എനിക്കറിയില്ല. താന്‍ ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, അറിയുകയുമില്ല. സര്‍ക്കാരും ഒരു പി ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല.'
'മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് ഹിന്ദു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ പല ഏജന്‍സികളും വര്‍ഷങ്ങള്‍ക്ക് മുമ്പേ എടുത്തിട്ടുണ്ട്. അതൊക്കെ ഏതാ എന്താ എന്നൊന്നും ഇപ്പോഴറിയില്ല. എനിക്ക് എത്രമാത്രം ഡാമേജ് ഉണ്ടാക്കാനാകുമെന്നാണ് മാധ്യമങ്ങള്‍ നോക്കുന്നത്. അങ്ങനെയൊരു ഡാമേജ് ഉണ്ടാക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല തന്റേത്. ഹിന്ദുവിന് അഭിമുഖത്തിന് താല്‍പ്പര്യമുണ്ടെന്നാണ് ദേവകുമാറിന്റെ മകന്‍ അറിയിച്ചത്. അയാള്‍ ആവശ്യം ഉന്നയിച്ചപ്പോള്‍ സമ്മതിക്കുകയാണ് ചെയ്തത്. വിവാദത്തില്‍ ദേവകുമാറിന്റെ മകന്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും' മുഖ്യമന്ത്രി പറഞ്ഞു.
Content Summary: 'I don't know any PR agency, I haven't spent a single penny; Chief Minister
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !