തൃശൂർ: പോട്ട ബാങ്ക് കവർച്ച സംഭവത്തിൽ പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്നും 12 ലക്ഷം രൂപ കണ്ടെത്തി. കിടപ്പുമുറിയിലെ ഷെൽഫിൽ നിന്നുമാണ് പൊലീസ് പണം കണ്ടെടുത്തത്. ഇയാൾ ഉപയോഗിച്ച കത്തിയും വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് പണം കണ്ടെത്തിയത്.
അതേസമയം കത്തി കാണിച്ച ഉടനെ ബാങ്ക് മാനേജർ മാറി തന്നത് കവർച്ച എളുപ്പമാക്കിയെന്ന് റിജോ പൊലീസിനോട് വെളിപ്പെടുത്തി. മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്നും പിന്മാറുമായിരുന്നുവെന്നും റിജോ പറഞ്ഞു. എടിഎം കാർഡ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് ബാങ്കിലെത്തിയത്. റിജോയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
റിജോ ആന്റണി ആഢംബര ജീവിതം നയിക്കുന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വിദേശത്തുള്ള ഭാര്യ അയച്ച് കൊടുക്കുന്ന പണം ഇയാൾ ധൂർത്തടിച്ച് കളയുന്ന ഇയാൾ ഏപ്രിലിൽ ഭാര്യ നാട്ടിലേക്ക് വരുമെന്നറിഞ്ഞതോടെയാണ് കവർച്ച നടത്തിയത്. കടം വീട്ടാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന് പ്രതി നൽകിയ മൊഴി.
ആഢംബരം ജീവിതം നയിച്ചിരുന്നതിനാൽ ആരും തന്നെ റിജോയെ സംശയിച്ചിരുന്നില്ല. അയൽക്കാർക്കൊപ്പം കവർച്ച സംബന്ധിച്ച ചർച്ചകൾക്കും റിജോ പങ്കെടുത്തിരുന്നു. താൻ പിടിക്കപ്പെടില്ല എന്ന തികഞ്ഞ ആത്മവിശ്വാസം ആയിരുന്നു റിജോയ്ക്ക്. ബാങ്ക് കൊള്ള നടത്തിയ പ്രതിക്കായി പൊലീസ് പരക്കം പായുമ്പോഴും ഇതെല്ലാം റിജോ വീട്ടിലിരുന്ന് കാണുകയായിരുന്നു. തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ച ആയതിനാൽ പൊലീസ് ഒരിക്കലും തന്നിലേക്ക് എത്തില്ലെന്ന റിജോയുടെ ആത്മവിശ്വാസമാണ് പൊലീസ് പൊളിച്ച് കയ്യിൽ കൊടുത്തത്.
മോഷണം നടത്തി മടങ്ങവെ മൂന്ന് തവണയാണ് ഇയാൾ വസ്ത്രം മാറിയത്. എന്നാൽ അപ്പോഴും ഹെൽമെറ്റ് മാറ്റിയിരുന്നില്ല. ബാങ്കിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് റിജോയുടെ വീട്. ഉൾറോഡുകളിലൂടെ മാറി മാറിയാണ് ഇയാൾ വീട്ടിൽ എത്തിയത്. പ്രതി ഉപയോഗിച്ച ഷൂ കേസിൽ നിർണായകമായി. വസ്ത്രങ്ങളും മറ്റും മാറ്റിയെങ്കിലും പ്രതി ഷൂ മാറിയിരുന്നില്ല. ഇത് പൊലീസ് കൃത്യമായി ശ്രദ്ധിച്ചിരുന്നു. നന്നായി മദ്യപിക്കുന്ന ആളാണ് റിജോ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മോഷണം നടത്തി മടങ്ങുമ്പോൾ ഇയാൾ ആ പണത്തിൽ നിന്നും കുറച്ചെടുത്ത് മദ്യം വാങ്ങിയാണ് വീട്ടിലെത്തിയത്.
49 ലക്ഷം രൂപ കടമുണ്ടെന്നാണ് പ്രതിയുടെ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്നും 2.90 ലക്ഷം രൂപ എടുത്ത് സുഹൃത്തിന്റെ കടം വീട്ടിയെന്നും റിജോ മൊഴി നൽകിയിരുന്നു. എന്നാൽ റിജോ ആണ് ബാങ്ക് കവർച്ച നടത്തിയതെന്നും ആ പണമാണ് തനിക്ക് നൽകിയതെന്നും തിരിച്ചറിഞ്ഞ തിരിച്ചറിഞ്ഞ അന്നനാട് സ്വദേശി ഈ പണം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
അതേസമയം ഇതിന് മുൻപും പ്രതി കവർച്ച ശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. കവർച്ച നടത്തിയതിന് 4 ദിവസം മുൻപായിരുന്നു ആദ്യ ശ്രമം. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ആഴ്ചകൾ നീണ്ട ആസൂത്രണത്തിന് പിന്നാലെയാണ് മോഷണം. കവർച്ച നടത്തിയ സമയത്ത് ഉപയോഗിച്ച ജാക്കറ്റ് റിജോ വീട്ടിലെത്തിയ ശേഷം കത്തിച്ചുകളഞ്ഞുവെന്നാണ് വിവരം. ഫോണും ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രി വീട്ടിൽ നടന്ന കുടുംബ സംഗമത്തിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
Content Summary: The bank manager changed hands as soon as he showed the knife, making the robbery easier. If he had resisted, he would have backed down.'; 12 lakhs, knife and clothes recovered from Rijo's house
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !