ജിദ്ദ: സൗദി അറേബ്യയിലെ മാധ്യമ പ്രതിഭകളും വിദ്യാഭ്യാസ വിചക്ഷണരും അണിനിരന്ന ഏകദിന ശില്‍പശാല, കുരുന്നുപ്രതിഭകള്‍ക്ക് അപാരമായ അറിവിന്റെയും അനുഭവങ്ങളുടെയും പുതുലോകത്തെ വിസ്മയ വിരുന്നായി.
ആശയവിനിമയ-രചനാ പാടവവും നേതൃശേഷിയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സംഘടിപ്പിച്ച ടാലെന്റ് ലാബ് 2019 വിദ്യാര്‍ഥികളുടെ സജീവപങ്കാളിത്തവും സംഘാടന മികവുംകൊണ്ട് അവിസ്മരണീയമായിത്തീര്‍ന്നു. ജിദ്ദ ഇന്‍്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ബോയ്സ് സെക്ഷന്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് അഞ്ചര വരെ നടന്ന ശില്‍പശാല, സൗദിയിലെ ഇത്തരത്തിലുള്ള പ്രഥമ സംരംഭമായിരുന്നു.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മുഖ്യാതിഥിയും പ്രശസ്ത അറബ് മാധ്യമ പ്രതിഭ ഖാലിദ് അല്‍മഈന വിശിഷ്ടാതിഥിയുമായ ചടങ്ങില്‍ മാധ്യമ - അക്കാദമിക രംഗങ്ങളിലെ പ്രമുഖര്‍ ക്ലാസെടുത്തു. സോഷ്യല്‍ മീഡിയ നിത്യജീവിതത്തില്‍ അപ്രതിഹതമായ സ്വാധീനം ചെലുത്തുന്ന സമകാലീന സാഹചര്യത്തില്‍, അവയെ ഗുണപരമായി ഉപയോഗപ്പെടുത്തണമെന്നും ദുരുപയോഗത്തിലൂടെ യുവതലമുറ വഴിതെറ്റിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും കോണ്‍സല്‍ ജനറല്‍ ഉണര്‍ത്തി.
ജിദ്ദ, യാമ്പു, ഖമീസ് മുശൈത്ത്, റാബിഗ് എന്നിവിടങ്ങളിലെ പത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ 250 ലേറെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ പങ്കാളികളായി. “മാധ്യമകുലപതിയുമായി സംവാദം” എന്ന ശീര്‍ഷകത്തില്‍ നടന്ന ഉദ്ഘാടന സെഷനില്‍, സൗദിയിലെ രണ്ട് ഇംഗ്ലീഷ് പത്രങ്ങളുടെയും മുഖ്യപത്രാധിപരായുള്ള കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ അനുഭവങ്ങളുടെ ചെപ്പഴിച്ച് പുതിയ തലമുറയിലെ പ്രതിഭകളുമായി ഒന്നര മണിക്കൂറിലേറെ അല്‍മഈന നടത്തിയ സംവാദം ഏറെ ഹൃദ്യവും നവ്യാനുഭൂതി പകരുന്നതുമായിരുന്നു.
പ്രയാസകരമായ ഒരു കാലഘത്തിലൂടെയാണ് ലോകം കടന്നുപോവുന്നതെന്നും മൂല്യങ്ങള്‍ മുറുകെ പിടിച്ച് വെല്ലുവിളികളെ നേരിടാന്‍ യുവതലമുറയെ പാകപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അല്‍മഈന പറഞ്ഞു. ലോകം മുഴുവന്‍ പ്രശ്ന സങ്കീര്‍ണ്ണമാണ്. പ്രശ്നങ്ങളെല്ലാം ഏതെങ്കിലും രാജ്യവുമായൊ മതവുമായൊ ബന്ധപ്പെട്ടതല്ല. പാവപ്പെട്ടവരെ പരിഗണിക്കാത്ത ഒരു ലോക വ്യവസ്ഥിതിയാണ് ഇന്നുള്ളത്. വിജയകരമായ ജീവിതത്തിന്‍്റെ അടിസ്ഥാനം സമ്പത്തല്ല. വെല്ലുവിളികള്‍ നേരിടാനുള്ള ധൈര്യം നാം ആര്‍ജിച്ചിരിക്കണം. അവസരങ്ങളില്ല എന്ന് പലരും പരിതപിക്കാറുണ്ട്. സാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി തുടങ്ങിയവയെല്ലാം മനുഷ്യന്‍ ചെയ്യുന്നതെല്ലാം ചെയ്യുന്നു. ഏത് മേഖലയിലായാലും ഏറ്റവും മികവിലത്തെുകയാണ് പ്രധാനം. അവസരത്തിനായി കാത്ത് നില്‍ക്കാതെ അത് സൃഷ്ടിക്കുകയും വെല്ലുവിളികളെ അവസരങ്ങളായി മാറ്റുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നാനാത്വത്തില്‍ ഏകത്വവും മതേതരത്വവുമാണ് ഇന്ത്യയുടെ ശക്തിയെന്നും ഇതിന്റെ കാവല്‍ഭടന്മാരാകാന്‍ വിദ്യാര്‍ഥികള്‍ തയാറെടുക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. സെഷനില്‍ പങ്കെടുത്ത അറബ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ സിറാജ് വഹാബ് അല്‍മഈനയുടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രോജ്വല ഏടുകള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. കംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. ഇസ്മായില്‍ മരിതേരി മോഡറേറ്ററായിരുന്നു. ജി.ജി.ഐ വൈസ് പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം സ്വാഗതം പറഞ്ഞു.
വിദ്യാര്‍ത്ഥികളിലുള്ള കഴിവുകളെ യഥാവിധം തിരിച്ചറിയുകയും അത് വികസിപ്പിക്കുകയും ചെയ്യുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് പ്രമുഖ പരിശീലകനും ലൈഫ് കോച്ചുമായ റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുസ്സലാം ഉമര്‍ പറഞ്ഞു. കുട്ടികളുമായി നേര്‍ക്ക്നേരെ സംവദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍്റ സെഷന്‍ ഏറെ ആകര്‍ഷകമായിരുന്നു.
ഓരോ വിദ്യാര്‍ഥിയിലും സര്‍ഗാത്മകതയുടെ ഒരു നിധി കുടികൊള്ളുന്നു. അത് എന്താണെന്ന് കണ്ടെത്തുകയും അത് വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് മികച്ച വ്യക്തിയായി ജീവിതവിജയം നേടാന്‍ സാധിക്കുകയെന്ന് അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി. ജീവിതത്തെ പണത്തിന് വേണ്ടിയുള്ള കച്ചവടമാക്കാതെ ഇഷ്ടപ്പെത് ചെയ്ത്കൊണ്ട് ജീവിതസാക്ഷാല്‍കാരം നേടുകയാണ് ഒരോ വിദ്യാര്‍ത്ഥിയുടേയും കടമ. വിശക്കുമ്പോള്‍ ആഹാരം കഴിക്കുന്നത് പോലെ ആത്മാവിന്‍്റെ വിശപ്പ് എന്താണെന്നും അതിന് ആവശ്യമായ ആഹാരമെന്താണെന്നും അറിയുകയും ചെയ്യേണ്ടതുണ്ട്. നിരന്തരമായി സ്വപ്നം കാണുകയും അത് സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നതില്‍ തന്റെ അനുഭവങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. നൈപുണിയും തൊഴിലും 2015 നുശേഷം എന്ന സെഷനും അദ്ദേഹം നേതൃത്വമേകി.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഹസന്‍ ചെറൂപ്പ (സൗദി ഗസറ്റ്), രാംനാരായണ്‍ അയ്യര്‍ (സൗദി ഗസറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍) എന്നിവര്‍ മാധ്യമ രംഗം, ക്രിയാത്മക ആശയവിനിമയം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. മികച്ച ഭാഷ, ആഴത്തിലുള്ള അറിവ്, അനുഭവജ്ഞാനം എന്നിവ സ്വായത്തമാക്കുന്നതിനൊപ്പം, സത്യസന്ധമായും മൂല്യങ്ങളില്‍ ഉറച്ചുനിന്നും സ്രോതസ്സുകളില്‍നിന്ന് വാര്‍ത്തയുടെ വിശ്വാസ്യത ഉറപ്പുവരുത്തിയും എങ്ങനെയാണ് മാധ്യമ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് ഇരുവരും വിശദീകരിച്ചു. ഉച്ചക്കുള്ള ഇടവേളയില്‍ ഇഖ്‌റഅ് ചാനല്‍ ആസ്ഥാനത്തേക്ക് നടത്തിയ യാത്ര ദൃശ്യശ്രാവ്യ മാധ്യമ കലവറയിലേക്കുള്ള വേറിട്ടൊരു വാതായാനമായി. ചാനല്‍ സ്റ്റുഡിയോ മാനേജര്‍ ഹസന്‍ അത്താസ്, എന്‍ജിനീയര്‍ മുദ്ദസിര്‍ എന്നിവര്‍ ബ്രോഡ്കാസ്റ്റിംഗ്, സ്റ്റുഡിയോ പ്രവര്‍ത്തനം വിശദീകരിച്ചു.
സമാപന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ റഹ്മാന് ശൈഖ് മുഖ്യപ്രഭാഷണം നടത്തി. ജി.ജി.ഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. ഇഖ്‌റഅ് ചാനല്‍ മീഡിയാ ഡയറക്ടര്‍ നിസാര്‍ അല്‍ അലി, ഇന്ത്യന്‍ സ്‌കൂള്‍സ് ഹയര്‍ ബോര്‍ഡ് അംഗം അബ്ദുല്‍ ഗഫൂര്‍ ഡാനിഷ്, ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഗസന്‍ഫര്‍ ആലം, അബീര്‍ ഗ്രൂപ്പ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങല്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും പ്രോഗ്രാം ചീഫ് കോഓര്‍ഡിനേറ്റര്‍ മുസ്തഫ വാക്കാലൂര്‍ നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി.
ആലുങ്ങല്‍ മുഹമ്മദ്, വി.പി മുഹമ്മദലി, ചെമ്പന്‍ അബ്ബാസ്, റഹീം പട്ടര്‍കടവന്‍ (സഹ്‌റാനി ഗ്രൂപ്പ്), മുല്ലവീട്ടില്‍ സലീം (ലാഹോര്‍ ഗാര്‍ഡന്‍), അര്‍ഷദ് നൗഫല്‍ (ന്യൂഗുലൈല്‍ പോളിക്ലിനിക്), സിയാസ് വി.പി (ഇംപാല ഗ്രൂപ്പ്), മുഹമ്മദ് അബ്ദുല്‍ റസാഖ് (റെഹേലി പോളിക്ലിനിക്) എന്നിവരെ ആദരിച്ചു.
ജി.ജി.ഐ ട്രഷറര്‍ ഹസന്‍ സിദ്ദീഖ് ബാബു, ഇസ്ഹാഖ് പൂണ്ടോളി, കബീര്‍ കൊണ്ടോട്ടി, സാദിഖലി തുവ്വൂര്‍, എ.പി.എ ഗഫൂര്‍, അബ്ദുറഹ്മാന്‍ കാളമ്പ്രാട്ടില്‍, നൗഫല്‍ പാലക്കോട്ട്, ഇബ്രാഹിം ശംനാട്, അരുവി മോങ്ങം, ഗഫൂര്‍ കൊണ്ടോട്ടി, പി.എം മുര്‍തള, അഷ്‌റഫ് പട്ടത്തില്‍, മന്‍സൂര്‍ വണ്ടൂര്‍, കെ.ടി മുസ്തഫ പെരുവള്ളൂര്‍ എന്നിവര്‍ സംഘാടകരായിരുന്നു.




