ജില്ലാ ഭരണകൂടത്തിന്റെയും മലപ്പുറം നഗരസഭയുടെയും സംയുക്ത സംരംഭമായ ''പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം'' എന്ന പദ്ധതിക്ക് തുടക്കമായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയിലെത്തിച്ചാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പകരം ഭക്ഷണ പാക്കറ്റ് നല്‍കുന്നതാണ് പദ്ധതി. നഗരസഭാ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ശേഖരിച്ച മാലിന്യമടങ്ങിയ കവറുമായി നഗരസഭയിലെ എം.ആര്‍.എഫ് (മെറ്റീരിയിൽ കളക്ഷൻ ഫെസിലിറ്റി) യൂനിറ്റായ 'ഖനി' യിലെത്തി എം.എല്‍.എ പി. ഉബൈദുള്ളയെ ഏല്‍പ്പിച്ചു. എം.എല്‍.എ ഭക്ഷണം കലക്ടര്‍ക്ക് നല്‍കി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയിലെ ഖനിയിലെത്തിച്ചാല്‍ ഉച്ചയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. ഉച്ചയ്ക്ക് 12.30 മുതല്‍ ഒന്നരവരെയുള്ള സമയത്ത് പദ്ധതിയ്ക്കുള്ള സംവിധാനം ഉണ്ടാകുമെന്ന് നഗരസഭ ചെയര്‍പേഴ്‌സൺ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അറിയിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി മലപ്പുറം ടൗണ്‍ മുതല്‍ കോട്ടപ്പടി വരെ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, ഗവ.കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ റോഡരികിലും ഓഫീസ് വളപ്പിലുമുള്ള പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ചു.


