മലപ്പുറം വഴിക്കടവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ കിടത്തിചികില്‍സ തുടങ്ങാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തം. ആശുപത്രിയില്‍ സേവനമെത്തിക്കാന്‍ മെഡിക്കല്‍ ഓഫിസര്‍ വിമുഖത പുലര്‍ത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ജില്ലയിലെ ആയിരക്കണക്കിന്
മലയോരവാസികളുടെ ഏക ആശ്രയമായ ആശുപത്രിയിലാണ് ഈ ദുരവസ്ഥ.മലപ്പുറം ജില്ലയിലെ മലയോരമേഖലയില്‍ താമസിക്കുന്നവര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിക്കുപുറമേ ആശ്രയിക്കുന്ന സ്ഥലമാണ് വഴിക്കടവിലെ
ആരോഗ്യകേന്ദ്രം. നേരത്തെ കിടത്തിചികില്‍സാസൗകര്യം ഇവിടെ ലഭിച്ചിരുന്നതാണ്. എന്നാല്‍ നഴ്സുമാരുടെ അഭാവം വന്നതോടെ സേവനം നിലച്ചു. ഇത് പുനരാരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ആശുപത്രി മാനേജ്മന്റ് കമ്മിറ്റി അംഗങ്ങള്‍ മെഡിക്കല്‍ ഓഫിസറോട് നിര്‍ദേശിച്ചിരുന്നെങ്കിലും
ഇതിനുവേണ്ട നടപടിക്രമങ്ങള്‍ നടത്താന്‍ ഇയാള്‍ തയാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്നം പരിഹരിക്കാന്‍ മെഡിക്കല്‍ ഓഫിസറുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ആശുപത്രി വികസന സമിതി യോഗം വിളിച്ചുചേര്‍ത്തു.
പക്ഷെ മെഡിക്കല്‍ ഓഫിസര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇതോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആശുപത്രിയില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി.തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശമനുസരിച്ച് നിലമ്പൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.


