ജിദ്ദ : പ്രവാസ ലോകത്തെ ഏറ്റവും വലിയ സ്പോർട്സ് മാമാങ്കം - പത്തൊമ്പതാമത് സിഫ് ഈസ്റ്റീ ചാമ്പിയൻസ് ലീഗ് 2019 - 20 ന് ജിദ്ദ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സ്റ്റേഡിയത്തിൽ നാളെ (വെള്ളി ) തുടക്കമാകും. സിൽവർ ജൂബിലിയുടെ നിറവിൽ നടക്കുന്ന ഉത്ഘാടന ചടങ്ങ് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വർണാഭമായ മാർച് പാസ്റ്റോടെ തുടങ്ങും. ജിദ്ദയിലെ കലാ സാംസ്കാരിക, രാഷ്ട്രീയ സംഘടനകളും സിഫ് ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 ടീമുകളും മാർച്ച് പാസ്റ്റിൽ പങ്കെടുക്കും.
കോൺസുലാർ ജനറൽ നൂർ മുഹമ്മദ് ഷെയ്ഖ് ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ നടനും സംവിധായകനുമായ നാദിർഷാ മുഖ്യാഥിതിയായിരിക്കും. സ്പോൺസർമാറും ജിദ്ദയിലെ സാംസ്കാരിക നായകരും ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറും. 7 മണിക്ക് പ്രവാസികൾ ആവേശ പൂർവം കാത്തിരിക്കുന്ന മത്സരങ്ങൾക്ക് തുടക്കമാവും. ആദ്യ മത്സരത്തിൽ സ്വാൻ എഫ്സി യാസ് ജിദ്ദ ഷീറാ ജെ എസ് സി ഫാൽക്കൺ എഫ് സി യെയും രണ്ടാം മത്സരത്തിൽ ബ്ലൂ സ്റ്റാർ ബി റോസ് ബിരിയാണി റൈസ് ജിദ്ദ എഫ് സി യെയും നേരിടും. കാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങളുടെ സാന്നിധ്യമാണ് ആദ്യ മത്സരത്തെ ശ്രദ്ദേയമാക്കുന്നത് . രണ്ടാം മത്സരത്തിൽ സംസ്ഥാന താരങ്ങൾ പങ്കെടുക്കും.
സൗദിയിലെ പ്രൊഫഷണൽ റഫറിമാരാണ് കളികൾ നിയന്ത്രിക്കുന്നത്. റഫറിമാർക്കു കളി നി യ ന്തിക്കുന്നതിനു വേണ്ടിവയർലസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം, വാർ അടക്കമുള്ള പ്രോഫഷനൽ സംവിധാനങ്ങൾ ഒരുക്കുന്നതായി സിഫ് ടെക്നിക്കൽ ടീമ് അറിയിച്ചു. സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. നാല് ഡിവിഷനുകളിലായി 32 ടീമുകൾ പങ്കെടുക്കുന്ന, നാല് മാസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ തുടർന്നുള്ള ആഴ്ചകളിൽ 4 മത്സരങ്ങൾ വീതം നടക്കും.
അധികാരികളുടെ പരിപൂർണ അനുമതിയോടെ നടക്കുന്ന ടൂർണമെന്റിൽ ഫാമിലികളടക്കം അടക്കം വൻ ജനാവലിയെ പ്രതീക്ഷിക്കുന്നതായി സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര പറഞ്ഞു. സ്റ്റേഡിയത്തിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
റിപ്പോർട്ട്: മൻസൂർ എടക്കര ജിദ്ദ


