ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടയിലേക്ക് ടാങ്കർ ലോറി പാഞ്ഞുകയറി


പെരിന്തൽമണ്ണ: ഡ്രൈവിങ് ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടക്കുന്നതിനിടയിലേക്ക് നിയന്ത്രണം വിട്ട ടാങ്കർലോറി പാഞ്ഞുകയറി. മോട്ടോർ വാഹനവകുപ്പിന്റെ ജീപ്പും അഞ്ച് ഇരുചക്രവാഹനങ്ങളും ഇടിച്ചിട്ടാണ് ലോറി നിന്നത്. ലോറി വരുന്നതുകണ്ട് സ്‌കൂട്ടറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി. ഓടിമാറുന്നതിനിടെ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ 10.10 ഓടെ മാനത്തുമംഗലം പൊന്ന്യാകുർശി ബൈപ്പാസ് റോഡിലായിരുന്നു സംഭവം. പെരിന്തൽമണ്ണ എം.വി.ഐ. ബിനോയ് വർഗീസിന്റെ നേതൃത്വത്തിൽ ടെസ്റ്റ് നടത്തുകയായിരുന്നു. അവസരം കാത്തു നിന്നവർക്കിടയിലേക്കാണ് ലോറി പാഞ്ഞെത്തിയത്. വാഹനവകുപ്പിന്റെ ജീപ്പിൽ ഡ്രൈവറുടെ ഭാഗത്ത് ഇടിച്ചതിനുശേഷം സ്‌കൂട്ടറുകളെ നിരക്കിയാണ് ലോറി നിന്നത്.

ഡ്രൈവർ തമിഴ്‌നാട് പറഞ്ചേരി കാങ്കയം സ്വദേശി വരദരാജൻ(40)നെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് സി.ഐ. വി. ബാബുരാജ് പറഞ്ഞു.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനുള്ള വകുപ്പുകൾപ്രകാരം ഡ്രൈവർക്കെതിരേ കേസെടുത്തു. ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒ. വിനയ് പറഞ്ഞു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !