ജിദ്ദ: ഷഹ്‌ല ഷെറിൻ എന്ന കൊച്ചു മിടുക്കിയെ മരണത്തിലേക്ക് എറിഞ്ഞുകൊടുത്ത അദ്ധ്യാപകർ ഇതൊന്ന് കാണണം. ഖൽബിൽ നന്മയുള്ള അദ്ധ്യപകരുമുണ്ടിവിടെ.
രാജേഷ് എന്ന അദ്ധ്യാപൻ തന്റെ കുഞ്ഞിന് ഷഹ്‌ല എന്ന പേരിട്ട് ഫേസ്ബുക്കിൽ കുറിച്ച കരളലീപ്പിക്കുന്ന വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും. "ഷഹ്‌ല മോൾ വേദനയാണ് ഓർമ്മയാണ് ഓർമപ്പെടുത്തലാണ് മറക്കില്ല ഒരിക്കലും". എന്ന വാചകത്തോടെയാണ് അദ്ധ്യാപകൻ തന്റെ ഫേസ്ബുക്കിൽ കുറിപ്പ് തുടങ്ങുന്നത്.
നിലമ്പൂർ എരുമമുണ്ട സ്വദേശിയും വഴിക്കടവ് നാരോക്കാവ് ഹയർ സെക്കന്ററി സ്കൂൾ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനുമായ വി വി രാജേഷാണ് കഴിഞ്ഞ ദിവസ്സം പിറന്ന തന്റെ കുഞ്ഞിന് "ഷഹ്‌ല" എന്ന പേരിട്ടത്. ഭാര്യ ഉഷസ്, മകൻ ആരുഷ് എന്നിവരാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ...
ഷഹല മോൾവേദനയാണ്
ഓർമ്മയാണ്
ഓർമ്മപ്പെടുത്തലാണ്
മറക്കില്ല ഒരിക്കലും
വയനാട്ടിലെ സർവ്വജന സ്കൂളിലെ കൊച്ചു മിടുക്കി ഈ ലോകത്തു നിന്നും യാത്ര പറഞ്ഞത് ഇപ്പോഴും നമ്മുടെ കേരള സമൂഹം ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല.. പാമ്പ് കടിച്ചു എന്നതിലപ്പുറം ആ ക്ലാസ്സിലുണ്ടായിരുന്ന അദ്ധ്യാപകന്റെ സമയോചിത ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഇന്നും ഷഹല മോൾ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നതാണ് ഞാനുൾപ്പെടുയുള് അദ്ധ്യാപക സമൂഹം .മനുഷ്യത്വം മനസ്സിൽ മരവിച്ചാൽ പാമ്പിനേക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ എന്ന് തെളിയിച്ച ആ ഒറ്റപ്പെട്ട അദ്ധ്യാപകനൊപ്പമല്ല ഞാനുൾപ്പടെയുള്ള 98% അദ്ധ്യാപക സമൂഹം.. എന്നെയും കുടുംബത്തേയും ആഴത്തിൽ വേദനിപ്പിച്ചതാണ് ഈ സംഭവം അതിനാൽ ഞങ്ങൾ (രാജേഷ് ,ഉഷസ്സ്, ആരുഷ്) തീരുമാനിച്ചു കഴിഞ്ഞു ഇന്നലെ (23/11/2019 ) ഞങ്ങൾക്കു പിറന്ന ഞങ്ങളുടെ പൊന്നുമോൾ ഇന്നു മുതൽ ഞങ്ങളുടെ ഷഹല മോളാണ് ....അതെ അവൾ ഇനി ഷഹല വി രാജേഷ് ... മറക്കില്ലൊരിക്കലും ഞങ്ങ ൾ ഷഹല മോളെ.....



