ബ്രൗൺഷുഗർ പാക്കറ്റുകളുമായി യുവാവ് പിടിയിൽ


വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച 295 ബ്രൗൺഷുഗർ പാക്കറ്റുകളുമായി യുവാവിനെ ജില്ലാ എക്‌സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ് പിടികൂടി. കൊണ്ടോട്ടി പുളിക്കൽ സ്വദേശി മലയിൽ പുറായിൽ സഹീർ ബാബുവിനെയാണ് (40) ജില്ലാ നാർകോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.എ പ്രദീപും സംഘവും കൊണ്ടോട്ടി നീറാട്ടുവച്ച് അറസ്റ്റ് ചെയ്തത്. ഒരുപായ്ക്കറ്റിന് 500 രൂപയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്.
കൊണ്ടോട്ടി നഗരസഭ പരിധിയിലുള്ള വിവിധ പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ബ്രൗൺഷുഗറിന്റെ ഉപയോഗം കൂടിവരുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് സ്‌ക്വാഡ് ഒരാഴ്ചയായി നിരീക്ഷണം നടത്തിവരികയായിരുന്നു. കോളേജിന് സമീപം വാടക ക്വാർട്ടേഴ്സെടുത്ത് താമസിക്കുന്ന സഹീർ ബാബു ഇവിടെവച്ചാണ് ലഹരി വിൽപ്പന നടത്തുന്നത്. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി സൗഹൃദം നടിച്ച് തന്റെ ക്വാട്ടേഴ്സിലെത്തിച്ചാണ് വിദ്യാർത്ഥികളെ വലയിലാക്കിയിരുന്നത്. ഇയാളുടെ സുഹൃദ് വലയത്തിലകപ്പെട്ട നിരവധി വിദ്യാർത്ഥികളെ എക്‌സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസർ അഭിലാഷ് , സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജിത്, പ്രഭാകരൻ, ഷിഹാബുദ്ദീൻ, കൃഷ്ണൻ, കമ്മുകുട്ടി തുടങ്ങിയവരും സംബന്ധിച്ചു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !