അടയ്ക്ക വ്യാപാരത്തിനെന്ന പേരിൽ വ്യാജരേഖകളുണ്ടാക്കി നൂറു കോടിയിൽപരം രൂപയുടെ ജിഎസ്ടി (ചരക്ക്, സേവന നികുതി) തട്ടിപ്പ്. പൊന്നാനി സ്വദേശികളായ 3 പേരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. ചെക്ക് ബുക്കുകൾ, കരാർ പകർപ്പുകൾ, നോട്ടെണ്ണുന്ന യന്ത്രം, സീലുകൾ തുടങ്ങിയവ പരിശോധനയിൽ കണ്ടെടുത്തു. പ്രതികൾ ബെംഗളൂരുവിലും തിരുവനന്തപുരത്തും പൊലീസ് നിരീക്ഷണത്തിലാണെന്നാണു സൂചന. പലരിൽനിന്നായി 107 കോടി രൂപ തട്ടിച്ചതായി അന്വേഷണസംഘം അറിയിച്ചു.
വ്യാജകമ്പനികളുണ്ടാക്കി അടയ്ക്കാ കച്ചവടം നടത്തിയതായി കൃത്രിമരേഖ നിർമിച്ചാണ് തട്ടിപ്പ്. കോടികളുടെ അടയ്ക്ക കയറ്റിയയച്ചതിന്റെ രേഖകൾ നൽകി ജിഎസ്ടിയിൽനിന്ന് 5 ശതമാനം ഇൻപുട് നികുതിയായി സ്വന്തം അക്കൗണ്ടിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊട്ടടയ്ക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രതികൾ കച്ചവടക്കാരെ സമീപിച്ചത്. ജിഎസ്ടി അക്കൗണ്ട് നിർമിച്ചതും സാമ്പത്തിക ഇടപാടു നടത്തിയതുമെല്ലാം പ്രതികൾ തന്നെയായിരുന്നു.
ജിഎസ്ടി തുക യഥാസമയം അടയ്ക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ തട്ടിപ്പിനിരയായവരുടെ വീടുകളിൽ എത്തുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. എടയൂർ സ്വദേശി യൂസഫിന്റെ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നാണു സൂചന. മലപ്പുറം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പു നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതികളുമായി എത്താനിടയുണ്ട്.
തട്ടിപ്പ് ഇങ്ങനെ
അടയ്ക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളെന്ന പേരിൽ വ്യാജ കമ്പനികളുണ്ടാക്കുന്നു. അടയ്ക്ക വ്യാപാരികളെ സമീപിച്ച് ഇടപാടുകൾക്ക് ധാരണയാകുന്നു. ഈ വ്യാപാരികളിൽനിന്ന് കോടികളുടെ അടയ്ക്ക വാങ്ങി കയറ്റുമതി ചെയ്യുന്നതായി വ്യാജരേഖയുണ്ടാക്കുന്നു. തുടർന്ന് 5 ശതമാനം ജിഎസ്ടി ഇൻപുട് നികുതി ക്ലെയിം ചെയ്യുന്നു. ഈ തുക സ്വന്തം അക്കൗണ്ടിലെത്തിച്ച് തട്ടിയെടുക്കുന്നു. തട്ടിപ്പ് കണ്ടെത്തുന്നത്: ഇൻപുട് നികുതി ‘കയറ്റുമതിക്കാർ’ യഥാസമയം വാങ്ങിയെടുത്തെങ്കിലും യഥാർഥ നികുതി സർക്കാരിലേക്ക് എത്താതായതോടെ അന്വേഷണം നടക്കുന്നു. വ്യാപാരികൾ തട്ടിപ്പുനടന്നത് അറിയുന്നത് ഈ ഘട്ടത്തിൽ.


