കവളപ്പാറ ദുരന്തത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 20 വീടുകൾ നിർമിച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ഒരു വീടിന് 6 ലക്ഷം രൂപ തോതിൽ 1 കോടി 20 ലക്ഷം ഇതിനു ചെലവഴിക്കും. കവളപ്പാറ ദുരന്തസ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ആദ്യം 15 വീട് നിർമിച്ചുനൽകുമെന്നു പറഞ്ഞ അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തിയശേഷം 20 വീടുകൾ നൽകുമെന്ന് മനോരമയെ അറിയിക്കുകയായിരുന്നു.
പ്രളയ സഹായവുമായി ബന്ധപ്പെട്ട് 50 കോടി രൂപ മരുന്നിനും 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകിയിട്ടുണ്ടെന്ന് യൂസഫലി പറഞ്ഞു. കൂടെയുണ്ടായിരുന്ന പി.വി.അബ്ദുൽ വഹാബ് എംപി, പി.വി.അൻവർ എംഎൽഎ എന്നിവരുമായി പുനരധിവാസ പ്രവർത്തനങ്ങൾ ചോദിച്ചു മനസ്സിലാക്കി. സ്ഥലത്തെത്തിയ ദുരിത ബാധിത ബാധിതരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മടങ്ങിയത്. ഭൂദാനം സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ യൂസഫലിയെ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരൻപിള്ള, വൈസ് പ്രസിഡന്റ് വൽസല അരവിന്ദ്, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.


