പപ്പായ ഫിലിംസിന്‍റെ ബാനറിൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടി സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും സംവിധായകൻ മധു സി. നാരായണൻ ആദ്യ ക്ലാപ്പടിക്കുകയും ചെയ്തു.
ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, ഗ്രെയ്സ് ആന്‍റണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
അജയ് മേനോൻ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കുന്നു. സൈജൂ ശ്രീധരൻ എഡിറ്റിങ്. അനീസ് നാടോടി കലാസംവിധാനം. മഷർ ഹംസ വസ്ത്രാലാങ്കാരം. ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു. ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളർ.
സൂപ്പർ ഹിറ്റ് സിനിമ 'സുഡാനി ഫ്രം നൈജീരിയ'ക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാൽ ലൗ സ്റ്റോറി. 2018ലെ മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരവും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും സുഡാനി നേടിയിരുന്നു. അരവിന്ദൻ പുരസ്കാരം, പത്മരാജൻ പുരസ്കാരം, മോഹൻ രാഘവൻ പുരസ്കാരം, ഐ.എഫ്.എഫ്.കെയുടെ മികച്ച മലയാള സിനിമക്കുള്ള ഫിപ്രെസ്കി പുരസ്കാരം, റഷ്യ, മൊറോക്കോ രാജ്യാന്തര ചലച്ചിത്രമേളകളിലെ പുരസ്കാരങ്ങൾ, സൈമ അവാർഡും സുഡാനിക്ക് ലഭിച്ചിരുന്നു.
:എന്റർടൈൻമെന്റ് ഡെസ്ക് മീഡിയ വിഷൻ ലൈവ്


