കരിപ്പൂർ എയർപോർട്ടിനു സമീപമുള്ള മുസ്സാഫർഖാൻ പള്ളിക്ക് പിറകിലായി ഒരുകൂട്ടം സന്മനസ്സുകളിൽ നിന്നും രൂപം കൊണ്ട ബിസ്മി ചാരിറ്റബിൾ ട്രസ്റ്റ് ഇന്ന് സ്വന്തം കെട്ടിടത്തിൽ വിവിധ ജില്ലകളിൽ നിന്നും സഹായം തേടി എത്തുന്ന നിരവധി രോഗികൾക്കും വിധവകൾക്കും നിരാലംബരായ കുടുംബങ്ങൾക്കും സ്നേഹത്തണലൊരുക്കുന്നു. നിർധനായ കുടുംബങ്ങൾക്ക് മാസത്തിലൊരു വീട് വീതം നിർമിച്ചു കൈമാറൽ, മെഡിക്കൽ ഷോപ്പ്, ഫിസിയോ തെറാപ്പി സെന്റർ, സൈക്യാട്രി ക്ലിനിക്, ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങിയ വിവിധ സേവനങ്ങൾ നടത്തുന്ന ബിസ്മി കൾച്ചറൽ സെന്റർ പ്രവർത്തകർ കാൻസർ, വൃക്കരോഗങ്ങൾ, മനോരോഗങ്ങൾ എന്നിവയാൽ പ്രയാസമനുഭവിക്കുന്ന രോഗികളെ വീടുകളിൽ സന്ദർശിക്കുകയും അവരുടെ ശുശ്രൂഷ അടക്കമുള്ള കാര്യങ്ങൾ നടത്തികൊടുക്കുകയും ചെയ്യുന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ, ആർക്കിടെക്ടുകൾ, അധ്യാപകർ, ബിസിനസുകാർ, മറ്റു തൊഴിൽമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ,തുടങ്ങി സാധാരണക്കാർ വരെയുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ള ധി സന്നദ്ധ വളണ്ടിയർമാർ ബിസ്മിയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഴ്ചകൾ തോറും ആയിരക്കണക്കിന് ഭക്ഷണക്കിറ്റുകൾ, പുസ്‌തകങ്ങൾ, മറ്റുപഠനോപകരണങ്ങൾ, സ്‌കോളർഷിപ്പുകൾ, സ്വയം തൊഴിൽ പദ്ധതികൾ, ഡയാലിസിസ്, കൗൺസലിംഗ് ക്യാമ്പുകൾ തുടങ്ങിയവക്ക് ബിസ്മി റിഹാബിലിറ്റേഷൻ സെന്റർ നേതൃത്വം നൽകുന്നു. തീരദേശ- മലയോര പ്രദേശങ്ങളിലെ നിർധനരായ കുടുംബങ്ങളുടെ പഠനമുൾപ്പെടെയുള്ള ചിലവുകൾക്ക് കൈത്താങ്ങാവുകയും ചെയ്യുന്നു.മാനസിക രോഗങ്ങൾക്കടിമപ്പെട്ടവരും, വർഷങ്ങളായി പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ ഉറങ്ങുവാനോ സ്വന്തമായി ശ്വസിക്കാനോ ഭക്ഷണ പാനീയങ്ങൾ കഴിക്കാനോ പോലും കഴിയാത്തവരുമായ നിരവധി പേർ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ളവർ എന്ന നിലക്ക് അവർക്ക് ആശ്വാസം പകരാനും ആവശ്യങ്ങൾ നിവർത്തിക്കാനും നാമെല്ലാം ബാധ്യസ്ഥരാണ് എന്നും അദ്ദേഹം ഉണർത്തി.
പ്രവാസജീവിതത്തിന്റെ ബാക്കിപത്രമായി വിവിധ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്ന നിരവധി ആളുകളെ ബിസ്മി ശുശ്രൂഷിക്കുന്നുണ്ടെന്നും അവരിൽ മാനസികമായും സാമൂഹികമായും ഒറ്റപ്പെട്ടു ജീവിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ഇവ്വിധം പാർശ്വവൽകരിക്കപ്പെട്ട ജനങ്ങൾക്ക് തണലാവാൻ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചു മുന്നോട്ട് വരണമെന്നും അതിലൂടെ ദൈവപ്രീതി നേടണമെന്നും അദ്ദേഹം ഉണർത്തി.
ജരീർ വേങ്ങര പരിപാടി നിയന്ത്രിച്ചു.

