വാഹനം ഓടിക്കുന്ന ആളുടെ ദേഹത്ത് തൊടരുത്, ലാത്തി ഉപയോഗിക്കരുത്: കർശന നിർദേശവുമായി ഡി.ജി.പി



വാഹനപരിശോധനകൾ നടത്തുമ്പോൾ അതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തണമെന്ന നിർദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പരിശോധനാ വേളയിൽ വാഹനം ഓടിക്കുന്ന ആളുടെ ദേഹത്ത് തൊടരുതെന്നും ലാത്തി ഒരു കാരണ വശാലും ഉപയോഗിക്കാൻ പാടില്ലെന്നും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ ജില്ലാ പൊലീസ് മേധാവിക്കായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും പരിശോധന നടത്തേണ്ടത് എസ്.ഐ അടക്കം നാല് പേരടങ്ങുന്ന സംഘമാണെന്നും അദ്ദേഹം അറിയിച്ചു. സംഘത്തിലെ ഒരാൾ വേണം പരിശോധനയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തേണ്ടത്. അദ്ദേഹം പറഞ്ഞു. ഏതാനും ദിവസം മുൻപ് കൊല്ലം കടയ്ക്കലിൽ ബൈക്ക് യാത്രക്കാരനെ പൊലീസ് വാഹനപരിശോധന നടത്തുന്നതിനായി ലാത്തി എറിഞ്ഞ് വീഴ്ത്തിയതും ബൈക്കുകാരന് ഗുരുതരമായി പരിക്കേറ്റതും വൻ വിവാദത്തിലേക്ക് നയിച്ചിരുന്നു.

വാഹനപരിശോധനയുടെ പേരിൽ ബൈക്ക് യാത്രക്കാരനെ എറിഞ്ഞു വീഴ്‌ത്തി ഗുരുതരമായി പരിക്കേൽപ്പിച്ച പൊലീസുകാരന് സസ്‌പെൻഷൻ ലഭിച്ചിരുന്നു.. കൊല്ലം കടയ്ക്കൽ സ്വദേശിയായ സിദ്ദിക്കിനെയാണ് കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ ചന്ദ്രമോഹൻ എറിഞ്ഞുവീഴ്ത്തിയത്. തുടർന്ന് സിദ്ദിക്ക് ബൈക്കിന്റെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു. വാഹനപരിശോധന കണ്ട് സിദ്ദിഖ് ബൈക്ക് നിർത്താതെ പോയപ്പോഴാണ് ചന്ദ്രമോഹൻ തന്റെ കൈയിൽ ഉണ്ടായിരുന്ന ലാത്തി കൊണ്ട് സിദ്ദിഖിനെ എറിഞ്ഞുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹെൽമെറ്റ് പരിശോധനയ്ക്കിടെയാണ് സംഭവം ഉണ്ടായത്. പൊലീസിന്റെ ഈ അതിക്രമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. പാരിപ്പള്ളി മടത്തറ റോഡാണ് നാട്ടുകാർ ഉപരോധിച്ചിരുന്നത്.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !